

തമിഴ്‌നാട്ടിലെ കരൂരില്‍ ടിവികെ റാലിയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 38 പേരാണ് മരണപ്പെട്ടത്. നൂറിലധികം പേര്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. നാടിനെ നടുക്കിയ ദുരന്തമുഖത്തു നിന്നും ടിവികെ നേതാവ് വിജയ് മടങ്ങിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ രാത്രി തന്നെ വിജയ് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു.
വിജയ് കാണുന്ന രാഷ്ട്രീയ സ്വപ്‌നങ്ങള്‍ക്ക് വലിയ തിരിച്ചടിയായി മാറും ഈ സംഭവമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം വിജയ് നടത്തുന്ന റാലികളിലെ ജനത്തിരക്ക് മൂലം ഇത്തരത്തിലുള്ള ദുരന്തകള്‍ ഉണ്ടാകാനുള്ള സാധ്യത നേരത്തെ നടി അംബിക ചൂണ്ടിക്കാണിച്ചിരുന്നു. അപകടത്തിന് പിന്നാലെ അംബികയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. രൂഷമായ ഭാഷയിലാണ് ഒരു മാസം മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ അംബിക വിമര്‍ശനം ഉന്നയിച്ചത്.
''മുഖ്യമന്ത്രിയാകണം എന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരിക്കാതെ ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കൂ. ഈയ്യടുത്ത് നടന്ന പരിപാടിയില്‍ വിജയുടെ ബൗണ്‍സേഴ്‌സ് മോശമായാണ് ജനങ്ങളോട് പെരുമാറിയത്. വിജയ് ജനങ്ങള്‍ക്ക് തായ്മാമന്‍ ആണെന്ന് പറയുന്നു. എന്നാല്‍ ജനങ്ങളുടെ എത്ര പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ പോയിട്ടുണ്ട്. തായ് മാമന്‍ എന്നാല്‍ ഒട്ടിയിരിക്കുന്ന ബന്ധമാണ്. എന്നിട്ട് രണ്ട് പിള്ളേര്‍ വേദിയിലേക്ക് കയറി വന്നപ്പോള്‍ വിജയുടെ ബൗണ്‍സേഴ്‌സ് അവരെ വലിച്ച് താഴെയിടുകയാണ് ചെയ്തത്. എന്താണിത് ചെറിയ കുട്ടികളാണ് അതെന്ന് അപ്പോള്‍ പറയണമായിരുന്നു'' അംബിക പറയുന്നു.
''ബൗണ്‍സേഴ്‌സിന്റെ ജോലി അവരുടെ കസ്റ്റമേഴ്‌സിനെ സംരക്ഷിക്കലാണ്. എന്നാല്‍ വിജയ് ചെയ്യേണ്ടിയിരുന്നത് തന്നെ കാണാന്‍ നിരവധി പേര്‍ വരും, മുകളിലേക്ക് കയറും, അവര്‍ക്ക് ഒന്നും പറ്റാതെ, വേദനിപ്പിക്കാതെ നോക്കിയും കണ്ടും തടയണമെന്ന് പറയാമായിരുന്നു. വിജയ് പറഞ്ഞില്ലെങ്കിലും വിജയ്ക്ക് ഒപ്പമുള്ളവര്‍ പറഞ്ഞു കൊടുക്കണമായിരുന്നു. ബൗണ്‍സേഴ്‌സ് അവരെ വേദിയില്‍ നിന്നും തള്ളിയിട്ടു. അവര്‍ക്ക് എന്തെങ്കിലും പറ്റിയിരുന്നുവെങ്കിലോ? രണ്ട് മൂന്ന് പേര്‍ അവിടെ മരിച്ചിട്ടുണ്ട്.'' എന്നും അംബിക പറഞ്ഞിരുന്നു.
സ്‌റ്റേജില്‍ ഞാനായിരുന്നുവെങ്കില്‍ ഹൃദയത്തില്‍ നിന്നും ക്ഷമ ചോദിച്ചേനെ. എന്നാല്‍ വിജയ് അങ്ങനെ പറഞ്ഞില്ല. മക്കളുടെ ജീവന്‍ പോയിട്ട് ഒരു വാക്ക് പറഞ്ഞില്ലല്ലോ എന്ന് അവരുടെ മാതാപിതാക്കള്‍ക്ക് തോന്നിയിട്ടുണ്ടാകും. ഏത് മാനാട് നടന്നാലും മരണങ്ങള്‍ ഉണ്ടാകരുതെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുമെന്നും അംബിക പറഞ്ഞിരുന്നു. അംബികയുടെ വാക്കുകള്‍ പോലെ തന്നെ സംഭവിച്ചുവെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.
കരൂരിലെ ആശുപത്രികളില്‍ സന്ദര്‍ശിച്ച് ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കളെയും, ചികിത്സയിലുള്ളവരെയും സമാശ്വസിപ്പിക്കാനും വിജയ് കൂട്ടാക്കിയിരുന്നില്ല. കരൂരിലേക്ക് റോഡു മാര്‍ഗം എത്തിയ വിജയ് പ്രത്യേക വിമാനത്തില്‍ ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇത് കടുത്ത വിമര്‍ശനത്തിനാണ് ഇടയൊരുക്കിയത്. ദുരന്തത്തില്‍ നടന്‍ വിജയിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ദുരന്തമുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞ് രാത്രി 11:15 ന് മാത്രമാണ് വിജയ് ആദ്യ പ്രതികരണം നടത്തിയത്. 'എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു; വാക്കുകള്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത വേദനയാണ്' എന്നായിരുന്നു വിജയ് ട്വീറ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates