

തൃശൂർ: വെെകാരികമായ കുറിപ്പുമായി ആക്രമണത്തിന് ഇരയായ നടി. തനിക്കെതിരെ അക്രമം ഉണ്ടായപ്പോള്‍ പരാതിപ്പെട്ട്, നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയതാണ് താന്‍ ചെയ്ത തെറ്റെന്ന് അതിജീവിത. കേസിലെ രണ്ടാം പ്രതിയെടുത്ത വിഡിയോ കണ്ടു. അതില്‍ താന്‍ ആണ് നിങ്ങളുടെ നഗ്ന വിഡിയോ എടുത്തത് എന്നു കൂടെ പറയാമായിരുന്നുവെന്നും നടി കുറിപ്പിൽ പറയുന്നു.
ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും നിങ്ങള്‍ക്കോ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ എന്നാണ് തനിക്ക് പറയാനുള്ളതെന്നും അതിജീവിത പറയുന്നു.
അതിജീവിത പങ്കുവച്ച കുറിപ്പ്;
ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അതപ്പോള്‍ തന്നെ പൊലീസില്‍ പരാതിപ്പെട്ടത്, നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്. അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു. പിന്നീട് എപ്പോഴെങ്കിലും ആ വിഡിയോ പുറത്ത് വരുമ്പോള്‍ ഇത് എന്തുകൊണ്ട് അന്നേ പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.
20 വര്‍ഷം ശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി പോകുന്നതിന് മുമ്പേ ഒരു വിഡിയോ എടുത്തത് കണ്ടു. അതില്‍ ഞാന്‍ ആണ് നിങ്ങളുടെ നഗ്ന വിഡിയോ എടുത്തത് എന്നു കൂടെ പറയാമായിരുന്നു. ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും നിങ്ങള്‍ക്കോ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ.
ഞാന്‍ ഇരയല്ല, അതിജീവിതയല്ല, ഒരു സാധാരണ മനുഷ്യജീവിയാണ്. എന്നെ ജീവിക്കാന്‍ വിടൂ.
നേരത്തെ, നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് ഉള്‍പ്പെടുത്തി വീഡിയോ പുറത്തുവിട്ട സംഭവത്തില്‍ കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തൃശൂര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനുമാണ് നടപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates