

നീറ്റ് പരീക്ഷ ക്രമക്കേടിൽ കോക്രോച്ച് ജനത പാർട്ടി നടത്തുന്ന സമരത്തിന് പിന്തുണയേറുകയാണ്. വിദ്യാർഥികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യമറിയിച്ച നടി അയേഷ ഖാന് വൻതോതിൽ ട്രോളുകളും നേരിടേണ്ടി വന്നിരുന്നു. തന്റെ സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തവേ നടിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇതിന്റെ വിഡിയോയും മറ്റും അയേഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടിക്ക് നേരെ സൈബർ ആക്രമണം ഉണ്ടായത്. 'ബോളിവുഡിൽ ഇനി നിനക്ക് അവസരം കിട്ടില്ല' എന്നായിരുന്നു നടിയുടെ പോസ്റ്റിന് ഒരാൾ നൽകിയ കമന്റ്. ഇതിന് നടി നൽകിയ മറുപടിയ്ക്കാണ് സോഷ്യൽ മീഡിയ ഇപ്പോൾ കയ്യടിക്കുന്നത്.
"എന്റെ നട്ടെല്ല് നഷ്ടപ്പെടുന്നതിനേക്കാൾ എനിക്ക് എന്റെ കരിയർ നഷ്ടപ്പെടുന്നതാണ് നല്ലത്. പോയി വേറെ ആരെയെങ്കിലും പേടിപ്പിക്ക്. നന്ദി, ബൈ ബൈ".- എന്നായിരുന്നു അയേഷ കുറിച്ചത്. രൺവീർ സിങ് നായകനായെത്തിയ ധുരന്ധർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് അയേഷ.
പ്രതിഷേധത്തിന് എത്തിയ തന്നെ പൊലീസ് വാനിലേക്ക് വലിച്ചിഴച്ച് കയറ്റുകയായിരുന്നുവെന്നും നടി പറഞ്ഞിരുന്നു. "എന്നെ നാലോ അഞ്ചോ സ്ത്രീകൾ ചേർന്ന് വലിച്ചിഴച്ചു. വാനിലേക്ക് കയറാതിരിക്കാൻ ഞാൻ എന്റെ പരമാവധി ശക്തിയും പ്രയോഗിച്ചു. പക്ഷേ അവർ ഞങ്ങളെ വലിച്ചിഴച്ചു. യാത്രയിലുടനീളം, ഞങ്ങളെ എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്നും എന്ത് തെറ്റാണ് ചെയ്തതെന്നും ഞങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.
അവർക്ക് ഉത്തരമില്ല, ഉത്തരവാദിത്വമില്ല, ഒന്നുമില്ല. ആരും മറുപടി നൽകിയില്ല, ഞങ്ങളെ ദാദറിൽ നിന്ന് വോർളിയിലേക്ക് കൊണ്ടുപോയി".- അയേഷ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. "എന്നെ വലിച്ചു കൊണ്ടുപോയി, സമാധാനത്തോടെ നിന്നതിന് കസ്റ്റഡിയിലെടുത്തു. അവിടെയുണ്ടായിരുന്ന എല്ലാ പൊലീസുകാരോടും എന്തിനാണ് ഞങ്ങളെ കസ്റ്റഡിയിലെടുത്തത് എന്ന് ചോദിച്ചു. പക്ഷേ ഉത്തരമില്ല.
എന്റെ ജീവിതത്തിലെ ഏറ്റവും സമാധാനപരമായ ഉറക്കം ഇന്നായിരിക്കും. ഞാൻ ശരിക്കൊപ്പം നിലകൊണ്ടു. ഇപ്പോഴും പൊലീസ് സ്റ്റേഷനിൽ അതേ ചോദ്യം ചോദിച്ചു! എന്നെ എന്തിനാണ് കസ്റ്റഡിയിലെടുത്തത് ?. ഏത് നിയമമാണ് ഞാൻ ലംഘിച്ചത് ? ഒരാളുടെ ജനാധിപത്യ അവകാശത്തെക്കുറിച്ച് മറക്കുകയല്ല സംരക്ഷിക്കുകയല്ലേ വേണ്ടത്.
പകരം നിങ്ങൾ നിങ്ങളുടെ സ്വന്തം പൗരന്മാരെ ദ്രോഹിക്കുകയാണ്, എന്തിന് വേണ്ടി ?. അവരുടെ ചിലരുടെ കണ്ണുകളിൽ ലജ്ജയാണ് എനിക്ക് കാണാനായത്, പക്ഷേ അവർ അവരുടെ ജോലി ചെയ്തേ പറ്റൂ. അവർക്ക് അറിയാം, നമുക്കറിയാം, എന്താണ് ശരി, എന്താണ് തെറ്റ് എന്ന്".- മറ്റൊരു പോസ്റ്റ് പങ്കുവച്ച് അയേഷ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates