

മികച്ച ഒട്ടേറെ കഥാപാത്രങ്ങൾ കൊണ്ട് തൊണ്ണൂറുകളിൽ വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന താരമാണ് കനക. കുറച്ചു കാലമായി ചലച്ചിത്ര ലോകത്ത് നിന്നും മാറി നിൽക്കുകയായിരുന്ന താരത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ച് പല അഭ്യൂഹങ്ങളും പടർന്നിരുന്നു. ഇപ്പോഴിതാ കനകയെ വീട്ടിലെത്തി സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടിയും നടികർ സംഘം എക്‌സിക്യൂട്ടിവ് അംഗവുമായ കുട്ടി പദ്മിനി.
'വർഷങ്ങൾക്ക് ശേഷം എന്റെ പ്രിയപ്പെട്ട ദേവിക മാമിന്റെ മകൾ, എന്റെ പ്രിയപ്പെട്ട സഹോദരി കനകയുമായി വീണ്ടും ഒന്നിച്ചു. അളവറ്റ സന്തോഷം, ഞങ്ങൾ ഒരുമിച്ച് കുറച്ചു സമയം ചെലവഴിച്ചു'- കനകയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കുട്ടി പദ്മിനി കുറിച്ചു. 2000-ത്തിലാണ് കനിക സിനിമ ലോകത്ത് നിന്നും അപ്രത്യക്ഷ്യയാകുന്നത്. ഇതിനിടെ കാൻസർ ബാധിച്ച് കനക മരിച്ചുവെന്ന തരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. സ്വത്തുക്കൾ അച്ഛൻ തട്ടിയെടുത്തെന്ന ആരോപണവുമായി രംഗത്ത് വന്നതോടെയാണ് കനക വീണ്ടും വാർത്തകളിൽ നിറയുന്നത്.
'കനകയെ അന്വേഷിച്ചു പോയി. ഒരുപാട് അന്വേഷിച്ചാണ് കണ്ടുപിടിച്ചത്. ദേവിക എന്ന് പുറത്ത് എഴുതി വച്ചിരുന്നത് കൊണ്ട് എളുപ്പമായി. വീടിന്റെ പുറത്തും അകത്തും പൂട്ടിയിരുന്നു. പക്ഷേ അകത്ത് ലൈറ്റ് ഉണ്ടായിരുന്നു. അടുത്തുള്ള ആളുകളോട് ഒക്കെ ചോദിക്കുമ്പോൾ എല്ലാവർക്കും പറയാനുള്ളത് അവർ എപ്പോ വരുമെന്നോ എപ്പോ പോകുമെന്നോ ഞങ്ങൾക്ക് ആർക്കും അറിയില്ല എന്നാണ്. അവളുടെ അമ്മ ദേവിക എന്ത് സ്നേഹമുള്ള സ്ത്രീ ആയിരുന്നു. അവരുടെ മോൾക്ക് ഈ ഗതി ആയല്ലോ, ആ കുട്ടിയെ സഹായിക്കാൻ ഒന്നും ആരും ഇല്ലല്ലോ എന്നോർത്ത് ഞാൻ വിഷമിച്ചു പോയി.
പെട്ടെന്നാണ് ഒരു ഓട്ടോയിൽ കനക വന്നത്. ഞാൻ പെട്ടെന്ന് പോയി കെട്ടിപിടിച്ചു. എന്റെ കൂടെ കോഫീ ഷോപ്പിലേക്ക് വരാം എന്ന് സമ്മതിച്ച് ഓട്ടോ വിട്ടിട്ട് കാറിൽ കയറി. വണ്ടി റിപ്പയർ ആണ് ചേച്ചി അതാ ഇപ്പൊ ഓട്ടോയിൽ ഒക്കെ പോകുന്നത് എന്ന് പറഞ്ഞു. അവളുടെ വീട്ടിൽ ഒരു കാർ കിടക്കുന്നുണ്ടായിരുന്നു. ഞാൻ അവളോട് പെട്ടെന്ന് ഈ പഴയ കാർ ഒക്കെ കൊടുത്ത് പുതിയ കാർ വാങ്ങാൻ പറഞ്ഞു. കോഫീ ഷോപ്പിൽ പോയി കോഫീ ഒക്കെ കുടിച്ച് എന്നോട് കുറെ സമയം സംസാരിച്ചു. നല്ല ബബ്ലി ആയിട്ട്, ക്യൂട്ട് ആയിട്ടുണ്ടായിരുന്നു കനക. അവിടെ നിന്നും കേക്ക് ഉൾപ്പെടെ അവൾക്ക് ഇഷ്ടപ്പെട്ടത് ഒക്കെ വാങ്ങി കൊടുത്തു ഞാൻ. പൈസ ഞാൻ കൊടുക്കാം എന്ന് പറഞ്ഞിട്ട് സമ്മതിച്ചില്ല. അവൾ തന്നെ കൊടുത്തു.
നമുക്ക് ഒരുമിച്ച് ഒരു ഇന്റർവ്യൂ ചെയ്യണം എന്ന് ഞാൻ പറഞ്ഞു. ചെയ്യാം ചേച്ചി എപ്പോഴാണെന്ന് പറഞ്ഞാല്‍ മതിയെന്നും പറഞ്ഞു എന്നോട്. പിന്നെ ഞങ്ങൾ കുറച്ചു നേരം അവളുടെ അമ്മയെക്കുറിച്ചൊക്കെ സംസാരിച്ചു. ചിരിച്ച് സന്തോഷിച്ചു അതൊക്കെ കേട്ടിട്ട്. ഞാൻ അവളോട് പറഞ്ഞു നീ ഈ പഴയ വീടൊക്കെ വിട്ടിട്ട്, ഒരു ഫ്ലാറ്റ് വാങ്ങി അങ്ങോട്ട് താമസം മാറണം എന്ന്. രാജകുമാരിയെ പോലെ നീ ജീവിക്കണം, എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത് എന്ന് ഞാൻ ദേഷ്യപ്പെട്ട് ചോദിച്ചു. ഇല്ല ചേച്ചി, ഞാൻ അച്ഛനുമായിട്ട് സ്വത്തിന്റെ പേരിൽ ഉണ്ടായിരുന്ന കേസും വഴക്കും ഒക്കെ തീർന്നു. ഇപ്പോൾ കോംപ്രമൈസ് ആയിട്ടുണ്ട്. അത് കേട്ടപ്പോൾ തന്നെ സന്തോഷമായി. ഞാൻ പോയി അവളുടെ അച്ഛനെ കണ്ട് സംസാരിക്കാൻ ഇരുന്നത് ആയിരുന്നു.
എന്തിനാണ് കനക നീ ആരോടും ഒരു ബന്ധവും ഇല്ലാതെ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നത്? നിനക്ക് എല്ലാവരോടും സംസാരിച്ച്, ഈ പഴയ വീടൊക്കെ വിട്ട് സുരക്ഷിതയായി ഒരു ഫ്ലാറ്റ് എടുത്ത് അവിടെ താമസിച്ച്, കുറെ വിദേശരാജ്യത്തൊക്കെ ടൂർ ഒക്കെ പോയി സന്തോഷമായി ജീവിച്ചൂടെ എന്നൊക്കെ ഞാൻ ചോദിച്ചു. ഇപ്പോള്‍ കുറച്ച് വെയ്റ്റ് ഒക്കെ കൂടിയിട്ടുണ്ട്. വെയ്റ്റ് എങ്ങിനെ കുറയ്ക്കാം എന്നൊക്കെ ഞങ്ങൾ കുറെ നേരം സംസാരിച്ചു. കനക നന്നായിട്ട് ഡാൻസ് ചെയ്യുന്ന ആളാണ്. നിനക്ക് ഡാൻസ് ക്ലാസിനു പൊക്കൂടെ എന്ന് ചോദിച്ചപ്പോൾ അയ്യോ ചേച്ചി ഞാൻ എങ്ങനെ പോകാനാണ്, അതും ഈ അവസ്ഥയിൽ എന്നൊക്കെ പറഞ്ഞു. മൊത്തത്തിൽ എന്തായാലും ആള്‍ സന്തോഷമായി ഇരിക്കുകയാണ്.
അവളെ ഒരുപാടുപേർ പറ്റിച്ചിട്ടുണ്ട്. അതുകൊണ്ട് അവൾ എല്ലാവരോടും സംസാരിക്കാനും അടുക്കാനും ഒക്കെ പേടിക്കുന്നുണ്ട്. അമ്മ കൊഞ്ചിച്ചു വളർത്തിയതാണ്. സിനിമയിൽ നിന്നും വിട്ടു നില്‍ക്കാൻ തുടങ്ങിയതിനു ശേഷം കോടതിയും കേസും മാത്രമായിരുന്നു കനകയുടെ ജീവിതം. എന്നോട് അവൾ പറഞ്ഞത് എനിക്ക് ആരെയും വിശ്വസിക്കാൻ പറ്റില്ല ചേച്ചി, എല്ലാവരും നല്ലവരെ പോലെ ഇരിക്കും എന്നിട്ട് അവസാനം എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി എന്നെ ചതിക്കും. അതുകൊണ്ട് എനിക്ക് ആരും വേണ്ടാന്നു ഞാൻ തീരുമാനിച്ചു എന്ന്. ഭഗവാൻ കൃഷ്ണൻ അവൾക്ക് ഒരു നല്ല ജീവിതം ഉണ്ടാക്കി കൊടുക്കും എന്നെനിക്ക് നല്ല പ്രതീക്ഷ ഉണ്ട്.- കുട്ടി പദ്മിനി പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates