നടൻ വിപി ഖാലിദിന്റെ അപ്രതീക്ഷിത മരണം സിനിമാലോകത്തിന് ഒന്നടങ്കം വൻ ഞെട്ടലാണ് ഉണ്ടാക്കിയത്. സിനിമയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ തെളങ്ങിനിന്നിരുന്ന വ്യക്തിയാണ് ഖാലിദ്. മറിമായം ടെലിവിഷൻ പരമ്പരയിലെ സുമേഷേട്ടൻ എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഖാലിദിന്റെ മരണത്തിൽ വേദന പങ്കുവച്ചിരിക്കുകയാണ് നടി സ്നേഹ ശ്രീകുമാർ. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുലെ വീട്ടിൽ വന്നിരുന്നെന്നും അത് അവസാന കൂടിക്കാഴ്ചയാവുമെന്ന് കരുതിയില്ലെന്നുമാണ് സ്നേഹ കുറിക്കുന്നത്. മറിമായം അവസാന ഷൂട്ടിങ്ങിന് എടുത്ത ഫോട്ടോയ്ക്കൊപ്പമായിരുന്നു കുറിപ്പു. സ്നേഹയും മറിമായത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സ്നേഹയുടെ കുറിപ്പ് വായിക്കാം
ഞങ്ങടെ സുമേഷേട്ടൻ പോയി... മിനിഞ്ഞാന്ന് തൃപ്പൂണിത്തുറ ഞങ്ങടെ വീട്ടിൽ വന്നു ശ്രീകുമാറിനേം കൂട്ടിയാണ് വൈക്കത്തു ജൂഡ് ആന്റണിയുടെ സിനിമയിൽ അഭിനയിക്കാൻ പോയത്, അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല.. ഇന്ന് രാവിലെ ശ്രീ വിളിച്ചു ഖാലിദിക്ക വീണു, ഹോസ്പിറ്റലിൽ പോകുവാണെന്നു പറഞ്ഞപ്പോൾ ഞാൻ വേഗം റെഡി ആയി വൈക്കത്തേക്ക് പുറപ്പെടാൻ. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ശ്രീ വിളിച്ചു ഖാലിദിക്ക പോയെന്നു പറഞ്ഞു... രാവിലെ മുതൽ ഇത്രയും നേരം സത്യം ആവരുതെന്നു പ്രാർത്ഥിച്ചു, വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു. ഞങ്ങടെ കാരണവർ, കൊച്ചിൻ നാഗേഷ്, സുമേഷേട്ടൻ പോയികളഞ്ഞു... മറിമായം അവസാന ഷൂട്ടിംഗിന് എടുത്ത ഫോട്ടോയാണ് ഇത്... എന്നും അഭിനയത്തോട് പ്രണയമായിരുന്നു സുമേഷേട്ടന്...
വൈക്കത്ത് സിനിമാ ഷൂട്ടിങ്ങിനിടെ ഖാലിദിനെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്‍മാന്‍ എന്നിവർ മക്കളാണ്. സൺഡേ ഹോളിഡേ, കക്ഷി അമ്മിണിപ്പിള്ള, തുടങ്ങിയ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. മമ്മൂട്ടി ചിത്രം പുഴുവാണ് അവസാനമായി പുറത്തിറങ്ങിയ സിനിമ. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates