

സിനിമ നടിമാരുടെ ജോലി സമയത്തെക്കുറിച്ചും ക്രൂ അംഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുമൊക്കെ നടി ദീപിക പദുക്കോൺ ഒരഭിമുഖത്തിൽ സംസാരിച്ചത് വൻ തോതിൽ ചർച്ചയായി മാറിയിരുന്നു. ഇതിന് പിന്നാലെ നടിക്കെതിരെ രൂക്ഷ വിമർശനവുമുയർന്നു. എന്നാൽ ദീപികയെ പിന്തുണച്ച് പല നടിമാരും രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ ദീപികയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ.
'ദീപിക അവർക്ക് വേണ്ടി മാത്രമല്ല കൽക്കി 2 വിൽ നിന്ന് പിന്മാറിയത്' എന്ന തലക്കെട്ടോടെയാണ് അഹാന വിഡിയോ പങ്കുവച്ചിരിക്കുന്നത്. "സിനിമയുടെ കാര്യം വരുമ്പോൾ വാരാന്ത്യങ്ങൾ അല്ലെങ്കിൽ കുറഞ്ഞത് ഞായറാഴ്ചയ്ക്ക് പോലും എന്തുകൊണ്ടാണ് ഒരു പ്രസക്തിയും ഇല്ലാത്തത്"- എന്നും അഹാന ചോദിക്കുന്നു. 2022 ൽ അനുപമ ചോപ്രയ്ക്ക് നൽകിയ അഭിമുഖമാണ് അഹാന പങ്കുവച്ചിരിക്കുന്നത്.
ദീപിക തനിക്കു വേണ്ടി മാത്രമല്ല, സെറ്റിലെ മുഴുവൻ ക്രൂ അംഗങ്ങൾക്കു വേണ്ടിയും വാദിച്ച അഭിമുഖമെന്ന പേരിലാണ് ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. 2025 ലും അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടി ഒരു കലാകാരനോ ഒരു ക്രൂ അംഗമോ പോരാടേണ്ട അവസ്ഥ ഉണ്ടാകരുത് എന്ന് ദീപിക വർഷങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞിരുന്നു.
‘‘ജോലി സമയം, ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ ഇതൊന്നും ആഡംബരമല്ല, അത് ബഹുമാനമാണ്. അഭിനേതാവിനോടും, ക്രൂവിനോടും, ജോലിയോടും തന്നെയുള്ള ബഹുമാനം. 2025 ലും ഇത് ഒരു പ്രശ്നമായി തുടരുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് സംസാരിക്കുക തന്നെ വേണം’’ എന്ന തലക്കെട്ടോടെയാണ് ഈ അഭിമുഖം ഇൻസ്റ്റഗ്രാമിൽ വൈറലായത്.
"സിനിമയിൽ ജോലി ചെയ്യുന്നവരുടെ കാര്യത്തിൽ പ്രത്യേകിച്ച് ക്രൂവിന്റെ കാര്യത്തിൽ, ആളുകൾ തുടർച്ചയായി ഓവർടൈം ജോലി ചെയ്യണമെന്ന ഒരു ധാരണയുണ്ട്. എന്നാൽ ആളുകൾക്ക് ആവശ്യത്തിന് വിശ്രമമോ ഇടവേളകളോ നല‍്കിയാൽ അവർ മെച്ചപ്പെട്ട ഊർജത്തോടെ തിരികെ വരും. അത് ഔട്ട്പുട്ടിന്റെ ഗുണമേന്മ വർധിപ്പിക്കും.
അതിനാൽ, ആദ്യ പടി ജോലി സമയം തിങ്കൾ മുതൽ വെള്ളി വരെ, ആഴ്ചയിൽ അഞ്ച് ദിവസം ജോലി ചെയ്യുക എന്ന രീതിയിൽ ക്രമീകരിക്കണം. ശനിയാഴ്ച സ്ക്രിപ്റ്റ് വായിക്കാനോ, മറ്റു തയാറെടുപ്പുകൾക്കോ ആയി മാറ്റിവയ്ക്കാം. ഞായറാഴ്ച ആരും വിളിക്കരുത്, ഒരു ഫോൺ കോളുകൾ പോലും എടുക്കാതെ തനിക്കുവേണ്ടി ആ ദിവസം മാറ്റിവയ്ക്കുക. ഒരു നടനോ ക്രൂവിനോ 12 മണിക്കൂറാണ് കരാർ എങ്കിൽ, അധികമായി ജോലി ചെയ്യുന്ന മണിക്കൂറുകൾക്ക് വേതനം നൽകണം.
സിനിമയുടെ വിജയം നടീനടന്മാർക്ക് കൂടുതൽ ഗുണം ചെയ്യുമ്പോൾ, അതിലും നേരത്തെ വരികയും വൈകി പോകുകയും ചെയ്യുന്ന ക്രൂവിന് മണിക്കൂർ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം/ അധിക വേതനം നൽകണം. ക്രൂവിന് നൽകുന്ന ഭക്ഷണം പോഷക സമൃദ്ധമായിരിക്കണം. ക്രൂവിനെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും വച്ചാൽ അവർ കൂടുതൽ നന്നായി ജോലി ചെയ്യും എന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു.’’ ദീപിക പദുകോൺ അഭിമുഖത്തിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates