മൂന്നു ദിവസത്തിൽ 64 കോടി; വൻ വിജയമായി ഹിന്ദി ദൃശ്യം 2; ജീത്തു ജോസഫിനെ പ്രശംസിച്ച് ബോളിവുഡ്
മലയാളത്തിൽ വൻ വജയമായി മാറിയ ചിത്രമാണ് ദൃശ്യം. ഒടിടിയിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗവും വലിയരീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ ബോളിവുഡ് കീഴടക്കുന്നത് ദൃശ്യം 2ന്റെ ഹിന്ദി പതിപ്പാണ്. മൂന്നു ദിവസത്തിൽ 60 കോടിയ്ക്ക് മുകളിലായിരിക്കുകയാണ് ചിത്രത്തിന്റെ ബോക്സ് ഓഫിസ് കളക്ഷൻ. ഈവർഷം ബോളിവുഡിൽ റിലീസ് ചെയ്ത പല ഹിറ്റ് സിനിമകളുടേയും കളക്ഷൻ റെക്കോർഡുകൾ തകർത്തുകൊണ്ട് അജയ് ദേവ്ഗൺ ചിത്രത്തിന്റെ മുന്നേറ്റം.
ചിത്രത്തെക്കുറിച്ച് മികച്ച റിപ്പോർട്ടുകളുമാണ് പുറത്തുവരുന്നത്. പ്രത്യേകിച്ച് ജീത്തു ജോസഫാണ് ഏറ്റവും കൂടുതൽ കയ്യടി നേടുന്നത്. ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് വലിയ വിജയത്തിന് കാരണമെന്നാണ് ബോളിവുഡ് അഭിപ്രായപ്പെടുന്നത്. ചിത്രം കണ്ടിറങ്ങിയതിനുശേഷം പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് ജീത്തുവിനെ ടാഗ് ചെയ്തുകൊണ്ട് കുറിപ്പുകൾ പങ്കുവയ്ക്കുന്നത്.
ആഗോളതലത്തിലുള്ള സിനിമാ പ്രവർത്തകരെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള സിനിമയാണിത്. നിങ്ങളുടെ മികച്ച എഴുത്ത് ഞങ്ങളെ വിസ്മയിപ്പിക്കുന്നു. എല്ലാവരുടെയും ചിന്തകൾ അവസാനിക്കുന്നിടത്ത് നിങ്ങളുടേത് ആരംഭിക്കുകയാണ്.- എന്നാണ് ജീത്തുവിനെ പ്രശംസിച്ച് ബോളിവുഡ് ഫിലിം ക്രിട്ടിക്ക് സുമിത് കേദെൽ ട്വീറ്റ് ചെയ്തത്. ദൃശ്യം മൂന്നാം ഭാഗത്തിനു വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണെന്നും ദൃശ്യം 3 അജയ് ദേവ്ഗണ്ണിനെ നായകനാക്കി പാൻ ഇന്ത്യൻ ലെവലിൽ ജീത്തു ജോസഫ് തന്നെ എടുക്കണമെന്നും ഇക്കൂട്ടർ പറയുന്നു.
മൂന്നു ദിവസം കൊണ്ട് 64 കോടി രൂപയാണ് ചിത്രം നേടിയത്. ഈ വർഷം ബ്രഹ്മാസ്ത്രയ്ക്കും ഭൂൽ ഭുലയ്യ 2വിനും ലഭിച്ച അതേ വരവേല്‍പ് ആണ് ദൃശ്യം 2വിനും ബോളിവുഡിൽ നിന്നും ലഭിക്കുന്നത്. ഗംഗുഭായ്, ഭൂൽ ഭുലയ്യ 2 എന്നിവയ്ക്ക് ആദ്യ ദിവസങ്ങളിൽ ലഭിച്ച കളക്ഷൻ ഇതിനോടകം ദൃശ്യം മറികടന്നു. ചിത്രം 300 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.
അഭിഷേക് പത്താനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് സൽഗനോകർ എന്ന ജോർജ്കുട്ടി കഥാപാത്രമായാണ് അജയ് ദേവ്ഗൺ എത്തുന്നത്. മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. ആശ ശരത് അവതരിപ്പിച്ച ഗീത പ്രഭാകറായി ഹിന്ദിയിൽ തബു എത്തുന്നു. രജത് കപൂർ ആണ് തബുവിന്റെ ഭർത്താവിന്റെ വേഷത്തില്‍.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
