

സൂര്യയെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ഗജിനി. അസിൻ, നയൻതാര എന്നിവരായിരുന്നു ചിത്രത്തിൽ നായികമാരായെത്തിയത്. ഏഴ് കോടി ബജറ്റിലൊരുങ്ങിയ ചിത്രം തിയറ്ററുകളിൽ നിന്ന് 50 കോടി കളക്ഷൻ നേടുകയും ചെയ്തു. എന്നാൽ റെക്കോഡുകൾ തകർത്ത് ചരിത്ര വിജയം നേടിയ ഗജിനിയിൽ ആദ്യം നായകനായി പരിഗണിച്ചത് അജിത്തിനെ ആയിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ മുരുഗദോസ് ഇപ്പോൾ.
നാൻ കടവുൾ എന്ന ചിത്രം ചെയ്യാനായി ആ സമയത്ത് അജിത് മുടി നീട്ടി വളർത്തിയിരുന്നുവെന്നും അതിനാൽ തല മൊട്ടയടിക്കാൻ സാധിച്ചില്ലെന്നും മുരുഗദോസ് അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞു. ശിവകാർത്തികേയനെ നായകനാക്കി ഒരുക്കുന്ന മദ്രാസി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് മുരുഗദോസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
"അജിത്കുമാറിനെ വച്ചാണ് ഗജിനി തുടങ്ങിയത്. എന്നാൽ മറ്റ് ചില ചിത്രങ്ങളും അദ്ദേഹത്തിന് ഒരേ സമയം ചെയ്യേണ്ടിയിരുന്നു. ആര്യ അഭിനയിച്ച നാൻ കടവുൾ എന്ന ചിത്രം ആദ്യമായി ചെയ്യേണ്ടിയിരുന്നത് അജിത്കുമാറായിരുന്നു. അതിനായി അദ്ദേഹം മുടി വളർത്തിക്കൊണ്ടിരുന്ന സമയമായതിനാൽ ഗജിനിക്ക് വേണ്ടി തല മൊട്ടയടിക്കാൻ സാധ്യമല്ലായിരുന്നു.
അതാണ് പ്രധാന കാരണം. എന്നാൽ നോർമൽ ലുക്കിലുള്ള സഞ്ജയ് രാമസ്വാമിയെന്ന കഥാപാത്രമായി അദ്ദേഹം രണ്ട് ദിവസം അഭിനയിച്ച ഫുട്ടേജ് ഞാനിപ്പോഴും സൂക്ഷിച്ചിട്ടുണ്ട്." മുരുഗദോസ് പറഞ്ഞു.
"അന്ന് ആ ചിത്രം നടക്കാൻ താമസം നേരിട്ടതിനാൽ പിന്നീട് തിരക്കഥയിൽ വീണ്ടും കുറേ മാറ്റങ്ങൾ വരുത്തി. ഒരു തരത്തിൽ അത് ചിത്രത്തിന് ഗുണമായെന്നും' മുരുഗദോസ് കൂട്ടിച്ചേർത്തു. എആർ മുരുഗദോസിന്റെ ആദ്യ ചിത്രമായ ദീനയിലും അജിത് ആയിരുന്നു നായകൻ.
ദീനയുടെ വൻ വിജയത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം പ്രഖ്യാപിച്ചത്. മിരട്ടൽ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഇതിന്റെ പ്രൊമോഷണൽ പോസ്റ്ററുകളിലും അജിത്തിനെയും അസിനെയും കാണാം. അതേസമയം തമിഴിലെ ഗജിനിയുടെ വിജയത്തിന് പിന്നാലെ മുരുഗദോസ് തന്നെ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു.
ആമിർ ഖാൻ ആണ് ഹിന്ദിയിൽ പ്രധാന വേഷത്തിലെത്തിയത്. ഹിന്ദിയിലും ചിത്രം മികച്ച വിജയം നേടി. അതേസമയം ശിവകാർത്തികേയൻ നായകനാകുന്ന മദ്രാസിയിൽ ബിജു മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിദ്യുത് ജമാൽ, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates