

സർവ്വം മായയിലൂടെ അജു വർഗീസിനോടുള്ള മലയാളികളുടെ ഇഷ്ടം കൂടിയിരിക്കുകയാണ്. ചിത്രത്തിലെ അജുവിന്റെ രൂപേന്ദു എന്ന കഥാപാത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും. അജുവിന്റെ പുതിയ സിനിമയുടെ പോസ്റ്ററാണിപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ച. ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന പ്ലൂട്ടോ എന്ന സിനിമയിലെ അജുവിന്റെ കാരക്ടർ പോസ്റ്ററാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മൊട്ടയടിച്ച് മീശ മാത്രം വെച്ച ടൈഗര്‍ തമ്പി എന്ന കഥാപാത്രത്തെയാണ് അജു പ്ലൂട്ടോയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ അജുവിന്റെ ലുക്ക് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. അജുവിനെ കാണാന്‍ ബാലരമയിലെ ഹിറ്റ് കഥാപാത്രമായ ജമ്പനെപ്പെലെയുണ്ടെന്നാണ് ട്രോളുകള്‍ ഉയരുന്നുണ്ട്.
ഇതിന് മുമ്പ് ഇത്തരത്തില്‍ മൊട്ടയടിച്ച മറ്റ് മലയാള നടന്മാരുടെ ലുക്കും അജുവുമായി താരതമ്യം ചെയ്യുന്നുണ്ട്. ഫാന്റം എന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, ഷൈലോക്കിലെ സിദ്ദിഖ് എന്നിവരാണ് മറ്റ് ജമ്പന്മാര്‍. പുഷ്പ എന്ന ചിത്രത്തില്‍ ഫഹദിന്റെ ഗെറ്റപ്പും ഇതുമായി പലരും താരതമ്യം ചെയ്യുന്നവരുണ്ട്. ഭന്‍വര്‍ സിങ് ഷെഖാവത്ത് എന്ന കഥാപാത്രം കേരളത്തിന് പുറത്തും ചര്‍ച്ചയായിരുന്നു.
ഈ ലിസ്റ്റില്‍ അവസാനത്തെ എന്‍ട്രിയായിരിക്കുകയാണ് അജു വര്‍ഗീസിന്റെ ടൈഗര്‍ തമ്പി. സൈബര്‍ യുഗത്തിലും കോമിക് കഥാപാത്രമായ ജമ്പനാണ് പ്രധാന ചര്‍ച്ച. 'നിങ്ങക്ക് ഇത് ടൈഗർ തമ്പി, ഞങ്ങൾ 90's ന് ഇത് ജമ്പൻ', 'വാര്യര് പറയണ പോലെ ഇതായാളുടെ കാലമല്ലേ... അജു കുട്ടന്റെ കാലം', 'വട്ടോളി 2.0'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
സായ്കുമാറിന്റെ കരിയറിലെ ഹിറ്റ് കഥാപാത്രമായ വാസുവണ്ണനൊപ്പവും അജുവിന്റെ ഗെറ്റപ്പിനെ താരതമ്യം ചെയ്യുന്നവരുണ്ട്. അജു വര്‍ഗീസിന്റെ നോട്ടമെല്ലാം സായ്കുമാറിനെ ഓര്‍മിപ്പിക്കുന്നുണ്ടെന്നും പറഞ്ഞുകൊണ്ട് ചില പോസ്റ്റുകള്‍ ഇതിനോടകം വൈറലായി.
ടൈഗര്‍ തമ്പിയും അജുവിന്റെ കരിയറില്‍ വേറിട്ട ഒന്നാകുമെന്നാണ് കണക്കുകൂട്ടല്‍. നീരജ് മാധവാണ് പ്ലൂട്ടോയിലെ നായകന്‍. കരിക്കിലൂടെ ശ്രദ്ധ നേടിയ ആദിത്യന്‍ ചന്ദ്രശേഖറാണ് പ്ലൂട്ടോയുടെ സംവിധായകന്‍. ആര്‍ഷ ചാന്ദ്‌നി ബൈജു, അല്‍ത്താഫ് സലിം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates