

നിവിൻ പോളി നായകനായെത്തിയ സർവ്വം മായ തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. 100 കോടിയും കടന്നാണ് ചിത്രം മുന്നേറുന്നത്. ചിത്രത്തിൽ ഒരതിഥി വേഷത്തിൽ പ്രിയ വാര്യരും എത്തിയിരുന്നു. ഇപ്പോഴിതാ ആ അതിഥി വേഷത്തെക്കുറിച്ച് പ്രിയ വാര്യർ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. ഇത്രയും മനോഹരമായ ടീമിനൊപ്പം പ്രവർത്തിച്ച് കൊതി തീർന്നില്ല എന്ന് പ്രിയ വാര്യർ കുറിച്ചു.
സെറ്റിലെ യഥാർഥ ചിരിക്കുടുക്ക നിവിൻ പോളിയാണെന്ന് പ്രിയ പറയുന്നു. നിവിൻ സെറ്റിലേക്ക് കടന്നുവരുമ്പോൾ ആ ലൊക്കേഷൻ മുഴുവൻ പ്രകാശിക്കുന്നതു പോലെയായിരുന്നു. അതിന് സാക്ഷിയാകാൻ കഴിഞ്ഞത് ഒരു പ്രത്യേക അനുഭവമായിരുന്നെന്നും പ്രിയ കുറിച്ചു. ‘നിവിൻ ചേട്ടൻ അടയാണെങ്കിൽ അതിലെ ശർക്കര നിങ്ങളായിരുന്നു,’ എന്നാണ് അജു വർഗീസിനെക്കുറിച്ച് പ്രിയ വാര്യരുടെ കമന്റ്.
ചിത്രത്തിൽ ഡെലുലു എന്ന കഥാപാത്രത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രിയയുടെ വേഷം. റിയ അവതരിപ്പിച്ച ഡെലുലുവിന്റെ അത്ര മികച്ചതാകാൻ കഴിഞ്ഞോ എന്നറിയില്ലെങ്കിലും ശ്രമിച്ചിട്ടുണ്ടെന്ന് പ്രിയ കുറിച്ചു. സംവിധായകൻ അഖിൽ സത്യൻ, അഭിനേതാക്കളായ നിവിൻ പോളി, അജു വർഗീസ്, റിയ ഷിബു, പ്രീതി മുകുന്ദൻ, അരുൺ അജികുമാർ, ഛായാഗ്രാഹകൻ ശരൺ വേലായുധൻ, സംഗീതസംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ എന്നിവരെക്കുറിച്ചെല്ലാം വിശദമായി പരാമർശിച്ചുകൊണ്ടാണ് പ്രിയയുടെ പോസ്റ്റ്.
"പ്രഭേ, ഞാൻ ആണ് ഡെലുലു! ഈ സിനിമയിലേക്ക് എന്നെ തിരഞ്ഞെടുത്തപ്പോൾ, ഞാൻ ഒരു സ്വപ്ന ലോകത്ത് ജീവിക്കുന്ന ആളാണെന്ന് അഖിൽ ചേട്ടന് മുൻകൂട്ടി അറിയാമായിരുന്നു എന്ന് തോന്നുന്നു. അഖിൽ ചേട്ടാ, നിങ്ങളോടെനിക്ക് അതിയായ ബഹുമാനവും സ്നേഹവുമുണ്ട്. വളരെ കുറഞ്ഞ സമയത്തേക്കായിരുന്നു എങ്കിലും, നിങ്ങളോടും നിങ്ങളുടെ അടിപൊളി ടീമിനോടും ഒപ്പം ഷൂട്ട് ചെയ്തത് വളരെ രസകരമായിരുന്നു.
എന്തൊരു പോസിറ്റീവും പ്രൊഫഷനലുമായ അനുഭവം! പക്ഷേ സ്വാർത്ഥമായി പറഞ്ഞാൽ, സമയം മതിയായില്ല എന്ന് തോന്നിപ്പോയി. അതുകൊണ്ട് അത്യാഗ്രഹത്തോടെ ഇനിയും കൂടുതൽ ആഗ്രഹിച്ചു പോകുന്നു. നിവിൻ ചേട്ടാ, നിങ്ങളാണ് യഥാർത്ഥ "ചിരിക്കുടുക്ക"! നിങ്ങളുടെ ചിരി - അത് പകരുന്നതായിരുന്നു. നിങ്ങളുടെ ഊർജ്ജം - അതും അതുപോലെ തന്നെ.
നിങ്ങൾ സെറ്റിലേക്ക് കടന്നുവരുമ്പോൾ ആ ലൊക്കേഷൻ മുഴുവൻ പ്രകാശിക്കുന്നതു പോലെയായിരുന്നു. അതിന് സാക്ഷിയാകാൻ കഴിഞ്ഞത് ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു. നിങ്ങളോടൊപ്പം സ്ക്രീൻ പങ്കിടാനും ഒന്നിച്ച് ചിരിക്കാനും സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ ഇപ്പോഴും അതിനെക്കുറിച്ച് എല്ലാവരോടും പൊങ്ങച്ചം പറഞ്ഞു നടക്കുകയാണ്.
റിയ, നിന്നെപ്പോലെ അത്ര നല്ലൊരു 'ഡെലൂലു' ആകാൻ എനിക്ക് കഴിഞ്ഞോ എന്നറിയില്ല, പക്ഷേ ഞാൻ ശ്രമിച്ചിട്ടുണ്ട്! അഭിനന്ദനങ്ങൾ ! അജു ചേട്ടാ, നിവിൻ ചേട്ടൻ അടയാണെങ്കിൽ അതിലെ ശർക്കര നിങ്ങളായിരുന്നു. പ്രീതി, മലയാള സിനിമയിലേക്കും നൂറ് കോടി ക്ലബ്ബിലേക്കും സ്വാഗതം!!!അരുൺ അജികുമാർ, നീ നിന്റേതായ വഴി കണ്ടെത്തുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം!
ശരൺ, എന്നെ സ്ക്രീനിൽ ഇത്ര ഭംഗിയായി കാണിച്ചതിന് നന്ദി! ജസ്റ്റിൻ, നിങ്ങളുടെ പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ഈ സിനിമയെ പൂർണ്ണമാക്കിയത്! ഇനി ആരുടെയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കിൽ, ക്ഷമിക്കണം. അഖിൽ ചേട്ടാ, 'സർവം മായ'യുടെ ഭാഗമാക്കിയതിന് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി. അവസാനമായി, നിങ്ങൾ ഓരോരുത്തരും നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ ഒരുപാട് നന്ദി പറയുന്നു.
എന്റെ ചെറിയ വേഷം ശ്രദ്ധിക്കുകയും അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്ത, അതുപോലെ ഈ സിനിമയെ ഒരു വലിയ വിജയമാക്കാൻ സഹായിച്ച എല്ലാ പ്രേക്ഷകർക്കും നന്ദി. ‘ഡെലുലു ഓൺ ഫ്ലൈറ്റ് മോഡ്’ എന്നു വിശേഷിപ്പിച്ചു കൊണ്ടാണ് പ്രിയ വാര്യരുടെ അതിഥി വേഷത്തെ സംവിധായകൻ അഖിൽ സത്യൻ പരിചയപ്പെടുത്തിയത്.
ഈയൊരു വേഷത്തെക്കുറിച്ച് പറഞ്ഞപ്പോൾ രണ്ടാമതൊന്നു ചിന്തിക്കുക പോലും ചെയ്യാതെ സമ്മതിച്ച താരമാണ് പ്രിയയെന്നും അഖിൽ വെളിപ്പെടുത്തിയിരുന്നു. ‘പ്രിയ, വാക്കുകൾക്കതീതമായ നന്ദി! ഒരു മടിയും കൂടാതെ ഈ അതിഥി വേഷം ചെയ്യാൻ സമ്മതിച്ചത് ഞങ്ങൾക്ക് ഏറ്റവും വലിയ സന്തോഷം നൽകിയ ഒന്നാണ്.
നിങ്ങളുടെ പ്രതിബദ്ധതയെയും പ്രൊഫഷണലിസത്തെയും ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. അതോടൊപ്പം, അകത്തും പുറത്തും ഒരുപോലെ സൗന്ദര്യമുള്ള വ്യക്തിയായതിനും നന്ദി,’- അഖിൽ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates