

കാസറഗോഡ്: വനിതകളുടെ മാത്രമായി ഒരു സിനിമ. കാസറഗോഡ് ചൗക്കി സ്വദേശി പി ഫര്‍സാന സംവിധാനം ചെയ്യുന്ന മുംത എന്ന സിനിമയുടെ പിന്നണിയിലാണ് വനിതകള്‍ അണിനിരക്കുന്നത്. നിര്‍മാണം, സംവിധാനം, ചിത്രസംയോജനം, തുടങ്ങി സാങ്കേതിക മേഖലകളടക്കം സ്ത്രീകള്‍ കൈകാര്യം ചെയ്യുന്ന മുംതയുടെ ചിത്രീകരണത്തിന് തിങ്കളാഴ്ച കാസറഗോഡ് തുടക്കം കുറിച്ചു. കാസറഗോഡ് ജില്ലയിലെ ബേളയില്‍എം രാജഗോപാലന്‍ എംഎല്‍എ സിനിമയുടെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. കാസറഗോഡ് പൊലിസ് മേധാവി ഡി ശില്‍പ ക്ലാപ്പ് നല്‍കി.
വനിതകളെ സിനിമ രംഗത്ത് വനിതകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി കേരള ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ പിന്തുണണയോടെയാണ് സിനിമ തയ്യാറാകുന്നത്. മുംത എന്നു പേരായ ഒരു കൗമാരക്കാരി പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. വനിതാ ശാക്തീകരണത്തിനായി രാജ്യത്തുതന്നെ ആദ്യമായിട്ടാണ് വനിതകള്‍ക്കായി സര്‍ക്കാര്‍ പദ്ധതിയില്‍ ഒരുങ്ങുന്ന സിനിമ പ്രത്യേകതയും മുംതയ്ക്കുണ്ട്.
സിനിമയുടെ ഛായാഗ്രാഹണം ഫൗസിയ ഫാത്തിമ, ലൈന്‍ പ്രൊഡ്യൂസര്‍ രത്തീന, ചിത്രസംയോജനം വീണ ജയപ്രകാശ് തുടങ്ങി എല്ലാ സാങ്കേതിക മേഖലകളും നയിക്കുന്നത് സ്ത്രീകളാണെന്ന് സംവിധായിക ഫര്‍സാന പി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഈ പ്രോത്സാഹനത്തിന് ഏറെ നന്ദിയുണ്ടെന്നും ഫര്‍സാന പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിന്റെ വ്യത്യസ്ത മാതൃകയാണ് ഈ പദ്ധതിയിലൂടെ കേരളം ഇന്ത്യയിക്ക് നല്‍കുന്നത്. കോസറഗോഡുകാരിയായ സംവിധായികയുടെ സിനിമയില്‍ കാസറഗോഡിന്റെ സാമൂഹിക സാംസ്‌കാരിക സവിശേഷതകള്‍ ഉള്‍പ്പെടുത്തുമെന്ന് പ്രത്യാശിക്കുന്നുവെന്നുമെന്ന് സ്വിച്ച് ഓണ്‍ കര്‍മത്തിന് ശേഷം എം രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു. വനിതാ ശാക്തീകരണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക ഇടപെടലാണ് വനിത സിനിമ പ്രവര്‍ത്തകരുടെ സിനിമ പദ്ധതിയെന്നും എം രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു
സ്ത്രീ ശാക്തീകരണത്തിന്റെ നേര്‍സാക്ഷ്യമാണ് സിനിമ മേഖലയില്‍ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ അടക്കം വനിതകള്‍ തന്നെ ഏറ്റെടുത്ത് നടത്തുന്ന ഈ സംരംഭം എന്ന് ജില്ലാ പൊലീസ് മേധാവി ഡി ദിവ്യ പറഞ്ഞു. കേരളത്തില്‍ എല്ലാ മേഖലകളിലും വനിതകളുടെ പ്രാതിനിധ്യവും പ്രാധാന്യവും മുന്‍നിരയില്‍ കാണുന്നത് അഭിമാനകരമാണെന്നും ജില്ല പൊലീസ് മേധാവി വ്യക്തമാക്കി. സ്ത്രീ ശാക്തീകരണം വാക്കുകളില്‍ പലയിടങ്ങളിലും കേട്ടിട്ടുണ്ടെങ്കിലും കണ്‍മുന്നില്‍ കാണാവുന്ന മാതൃകയാണ് ഈ വനിതാ സിനിമ പദ്ധതി എന്നും എസ് പി പറഞ്ഞു.
കെ എസ് എഫ് ഡി സി ഡയറക്ടര്‍ ബോര്‍ഡ് അംഗവും സംവിധായകനുമായഷെറിന്‍ ഗോവിന്ദ്, കേരള സംഗീത നാടക അക്കാദമി എക്‌സിക്യൂട്ടീവ് അംഗവും ചലച്ചിത്ര നടനുമായ സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരും സംബന്ധിച്ചു. സിനിമയുടെ 25 ദിവസം നീളുന്ന ആദ്യ ഷെഡ്യൂള്‍ മുഴുവന്‍ കാസറഗോഡാണ്. 2020 ല്‍ കെ എസ് എഫ് ഡി സി വനിതകളില്‍ നിന്ന് തിരക്കഥകള്‍ ക്ഷണിച്ചിരുന്നു. അതില്‍ നിന്നാണ് ഫര്‍സാനയുടെ മുംത തെരഞ്ഞെടുത്തത്. പിന്നണിപ്രവര്‍ത്തകര്‍ക്ക് ഒരു മാസം തിരുവനന്തപുരത്ത് ചിത്രാഞ്ജലിയില്‍ ശില്‍പശാല നടത്തിയാണ് സിനിമയ്ക്ക് സജ്ജരാക്കിയത്. സിനിമ പ്രവര്‍ത്തകന്‍ കൂടിയായ ബിനി അഷറഫിന്റെ ഭാര്യ ഫര്‍സാന നിരവധി ഹ്രസ്വ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
