

സംഗീത സംവിധായകൻ എആർ റഹ്മാൻ ചെന്നൈയിൽ നടത്തിയ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ടിക്കറ്റെടുത്ത പലർക്കും പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. അതിനിടെ നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിക്ക് വിവാദത്തിൽ പങ്കുണ്ടെന്ന ആരോപണം ഉയർന്നു. ഒരു യൂട്യൂബ് ചാനലാണ് താരത്തിനെതിരെ വാർത്ത നൽകിയത്. എന്നാൽ ഇതെല്ലാം നുണപ്രചരണമാണെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിജയ് ആന്റണി.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം. എ.ആർ.റഹ്മാൻ തനിക്ക് സഹോദരതുല്യനാണെന്നും വ്യാജ വാർത്ത സൃഷ്ടിച്ചവപർക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നും കുറിച്ചു. ‘ഒരുപാട് വിഷമത്തോടെയാണ് ഈ കുറിപ്പെഴുതുന്നത്. ഇപ്പോൾ ഉയർന്ന വിവാദത്തിന് പൂർണവിരാമമിടുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഒരു സഹോദരി തന്റെ യൂട്യൂബ് ചാനൽ വഴി എന്നെയും എന്റെ സഹോദരതുല്യനായ എ.ആർ.റഹ്മാനേയുംകുറിച്ച് നുണക്കഥകൾ പ്രചരിപ്പിക്കുകയാണ്. അതെല്ലാം പരിപൂർണമായും അസത്യമാണ്. അവർക്കെതിരെ ഞാൻ മാനനഷ്ടക്കേസ് കൊടുക്കാൻ തീരുമാനിച്ചുകഴിഞ്ഞു. നഷ്ടപരിഹാരമായി കിട്ടുന്ന തുക സംഗീതമേഖലയിൽ പ്രവർത്തിക്കുന്ന, സാമ്പത്തിക പ്രയാസം നേരിടുന്ന ഏതെങ്കിലും സുഹൃത്തിന് നൽകാന്‍ ഉദ്ദേശിക്കുന്നു’- വിജയ് ആന്റണി പറഞ്ഞു.
മറക്കുമോ നെഞ്ചം എന്ന പേരിൽ ചെന്നൈയിൽ നടന്ന പരിപാടിയാണ് വിവാദമായത്. പരിപാടിയുടെ സംഘാടനത്തിലുണ്ടായ പിഴവാണ് വിവാദങ്ങൾക്ക് കാരണമാത്. വിവാദത്തിൽ വിജയ് ആന്റണിക്കും പങ്കുണ്ടെന്നായിരുന്നു യൂട്യൂബ് ചാനലിന്റെ ആരോപണം. ‘സീനിയർ ഇപ്പോഴാണ് കുടുങ്ങിയത്, ഇത് മുതലെടുക്കണം’ എന്നു പറഞ്ഞ് ഒരു മാധ്യമസുഹൃത്തിന് വിജയ് ആന്റണി അയച്ച ശബ്ദസന്ദേശം തങ്ങളുടെ പക്കലുണ്ടെന്നും അവർ പറഞ്ഞിരുന്നു.
സെപ്റ്റംബർ 10 റഹ്മാന്റെ സംഗീത പരിപാടി സംഘടിപ്പിക്കപ്പെട്ടത്. അയ്യായിരവും പതിനായിരവും മുടക്കി ടിക്കറ്റെടുത്തെങ്കിലും പലർക്കും വേദിയുടെ അടുത്തുപോലും എത്താൻ സാധിച്ചില്ല. 20,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്ഥലത്തു നടത്തിയ സംഗീത പരിപാടിക്കായി അര ലക്ഷത്തോളം ടിക്കറ്റുകൾ വിതരണം ചെയ്തതാണ് പ്രശ്നങ്ങൾക്കു കാരണമായത്. കൂടാതെ സംഗീത പരിപാടിക്കിടെ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമം നടന്നതായും ആരോപണം ഉയർന്നു. വിവാദമായതിനു പിന്നാലെ ക്ഷമാപണവുമായി റഹ്മാൻ രംഗത്തെത്തി. പരിപാടി കണാൻ സാധിക്കാത്തവർ ടിക്കറ്റിന്റെ ഫോട്ടോ അയച്ചു തരാനും ആവശ്യപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates