

നടി അനുപമ പരമേശ്വരന്റെ തുറന്നു പറച്ചിലില്‍ പ്രതികരണവുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ്. നാളിതുവരെ എന്തുകൊണ്ടാണ് അനുപമ മിണ്ടാതിരുന്നതെന്നും ആലപ്പി അഷ്‌റഫ് പറയുന്നുണ്ട്. അനുപമയുടെ വെളിപ്പെടുത്തല്‍ മറ്റ് പെണ്‍കുട്ടികള്‍ക്ക് ഒരു പാഠമാണെന്നും അദ്ദേഹം പറയുന്നു. ധ്രുവ് വിക്രമിനെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും അഷ്‌റഫ് സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വിഡിയോയില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങളിലേക്ക്:
'ധ്രുവ് വിക്രമിന്റെ അമ്മ ശൈലജ മലയാളിയാണ്. ശൈലജയും വിക്രമും തമ്മിലുള്ള വിവാഹവും പ്രണയ വിവാഹമായിരുന്നു. അവര്‍ക്ക് ധ്രുവ് കൂടാതെ ഒരു മകള്‍ കൂടെയുണ്ട്. മകള്‍ അക്ഷിതയെ വിവാഹം കഴിച്ചു കൊടുത്തിരിക്കുന്നത് കരുണാനിധിയുടെ മൂത്തമകനായ മുത്തുവിന്റെ കൊച്ചുമകനെക്കൊണ്ടാണ്. അതുവഴി ഈ കുടുംബത്തിനും വലിയ രാഷ്ട്രീയ സ്വാധീനമുണ്ടായി.
ചില തമിഴ് ചാനലുകളില്‍ ചിലര്‍ പറയുന്നത് കേട്ടു, ഇത്രയും നാള്‍ ഈ രണ്ട് വര്‍ഷക്കാലം അനുപമ ഒന്നും തുറന്ന് പറയാതിരുന്നതിന്റെ കാരണം അന്ന് ഭരണത്തിലിരുന്ന ഡിഎംകെയെ ഭയന്നിട്ടാണെന്ന്. അന്ന് അങ്ങനെയുള്ള തുറന്നു പറച്ചില്‍ നടത്തിയിരുന്നുവെങ്കില്‍ അനുപമയ്ക്ക് സിനിമയില്‍ നിന്ന് മാത്രമല്ല, തമിഴ്‌നാട്ടില്‍ നിന്നു പോലും എന്നന്നേക്കുമായി ഗുഡ് ബൈ പറയേണ്ടി വന്നേനെ. ഇതൊക്കെ തമിഴ്ചാനലില്‍ വന്ന വാര്‍ത്തകളാണ്. ഇതിലൊക്കെ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല.
എന്തായാലും കൊള്ളാം, അനുപമ ഇപ്പോള്‍ മാതൃകാപരമായ തീരുമാനമെടുത്ത്, സര്‍വ്വധൈര്യവും സംഭരിച്ചു കൊണ്ട് പൊതുമധ്യത്തില്‍ വന്ന് കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. ഇതിപ്പോള്‍ റിലേഷന്‍ഷിപ്പില്‍ അകപ്പെടുന്ന പെണ്‍കുട്ടികള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. തന്റെ അനുഭവം മറ്റുള്ളവര്‍ക്ക് ഒരു പാഠം ആകട്ടെയെന്ന് അനുപമ കരുതിയിട്ടുണ്ടാകാം.
തന്റെ പ്രണയകാലത്തെ മാനസികാവസ്ഥയെക്കുറിച്ച് അനുപമ വിവരിക്കുന്നത്, താനൊരു അഭിനേതാവും ആത്മവിശ്വാസവുമുള്ള സ്ത്രീയാണെന്നതില്‍ ലജ്ജ തോന്നിയ സമയമാണ് അതെന്നാണ്. ഒരുകാലത്ത് 11 കുട്ടികള്‍ വേണമെന്ന് ആഗ്രഹിച്ച തനിക്ക് ഒരു കുട്ടി പോലും വേണ്ട എന്നുള്ള ചിന്തയിലെത്തി. ധ്രുവ് തന്നെ നിരന്തരം അധിക്ഷേപിച്ചിരുന്നു. അതുമൂലമുണ്ടായ മാനസികസമ്മര്‍ദ്ദത്തില്‍ ആരോഗ്യം മോശമായി. രണ്ട് വര്‍ഷം താന്‍ നാര്‍സിസിസ്റ്റിക് അബ്യൂസ് നേരിടുകയായിരുന്നുവെന്നും അനുപമ പറയുന്നുണ്ട്.
നാര്‍സിസിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസ്ഓര്‍ഡര്‍ ഉള്ളവരെ പെട്ടെന്ന് ആര്‍ക്കും തിരിച്ചറിയാനാകില്ല. ഇവര്‍ വീട്ടിലും പൊതു ഇടങ്ങളിലും വളരെ മാന്യതയോടെയും മറ്റുള്ളവരുടെ ആരാധനയും ബഹുമാനവും പിടിച്ചു പറ്റുന്ന രീതിയിലാകും പെരുമാറുക. ഇക്കൂട്ടര്‍ ഇവരുടെ സ്വഭാവ വൈകൃതങ്ങള്‍ കാണിക്കാനായി ഒരു ഇരയെ കണ്ടെത്തുന്നത് നല്ല പെരുമാറ്റത്തിലൂടെയാണ്. ശുദ്ധഗതിക്കാരായ പെണ്‍കുട്ടികള്‍ അവര്‍ തന്ത്രപൂര്‍വ്വം ഒരുക്കുന്ന കെണികളില്‍ അകപ്പെടുകയും ചെയ്യും. ഇവിടെ അനുപമ പരമേശ്വരനും സംഭവിച്ചത് അത് തന്നെയാണെന്ന് അവര്‍ പറയുന്നുണ്ട്.
ആധുനിക മനോശാസ്ത്രത്തില്‍ ഒരു മനോരോഗ വിദഗ്ധനെ കണ്ട് ചികിത്സിച്ച് ഭേദമാക്കാവുന്ന അസുഖമാണിത്. ഇവിടെ ധ്രുവിന്റെ അമ്മ മനോരോഗ വിദഗ്ധയാണ്. മകന്റെ മാനസികാവസ്ഥ അനുപമയുടെ വെളിപ്പെടുത്തലോടെ ആ മാതാവും അറിഞ്ഞു കാണുമല്ലോ. ഇത് വെറുമൊരു ആരോപണമെന്ന് പറഞ്ഞ് തള്ളിക്കളയാതെ കൗണ്‍സലിങിലൂടേയും ചികിത്സയിലൂടേയും തന്റെ മകനെ രക്ഷിച്ചെടുക്കാന്‍ ആ അമ്മ ശ്രമിക്കുമെന്ന് വിശ്വസിക്കാം. രോഗം ഒരു കുറ്റമല്ല. അത് തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ച് ഭേദമാക്കാനാണ് ശ്രമിക്കേണ്ടത്.
മലയാളികള്‍ എന്നും സ്‌നേഹത്തോടെ ചേര്‍ത്തു നിര്‍ത്തിയ നടനാണ് ധ്രുവിന്റെ പിതാവായ ചിയാന്‍ വിക്രം. മലയാള സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത് കഴിവ് തെളിയിച്ച് ഉന്നതിയിലെത്തിയ നടനാണ് വിക്രം. ഏറെ പ്രതീക്ഷയോടെ വളര്‍ത്തിക്കൊണ്ടുവന്ന പുത്രന്‍ പൊതു സമൂഹത്തിന്റെ മുന്നില്‍ അപഹാസ്യനായി ഒരു കുറ്റവാളിയെപ്പോലെ നില്‍ക്കുമ്പോള്‍ ആ പിതാവിനുണ്ടാകുന്ന വേദന എത്രത്തോളമാണെന്ന് നമുക്ക് ഊഹിക്കാം. എന്നാല്‍ അനുപമ അനുഭവിച്ച വേദനയുമായി തട്ടിച്ചു നോക്കുമ്പോള്‍ വിക്രമിന്റെ വേദനയെ നമുക്ക് തള്ളിക്കളയേണ്ടി വരും.
അനുപമ പറയുന്നു, ഞാനൊരു ഇരയല്ല. ഞാനൊരു അതിജീവിതയാണ്. കാരണം ഞാന്‍ അതിനെ അതിജീവിച്ചിരിക്കുന്നു. ഇത് പറയുമ്പോള്‍ ഇവിടെ ഒരു ചോദ്യം ബാക്കിയാണ്. പ്രണയ ബന്ധത്തിലുണ്ടായ ക്രൂരതകളും മനോവിഷമങ്ങളും രണ്ട് വര്‍ഷം സഹിച്ച് അത് നിലനിര്‍ത്താന്‍ ശ്രമിച്ചതിന്റെ ചേതോവികാരമാണ് മനസിലാക്കാന്‍ പറ്റാത്തത്. പെട്ടുപോയി എന്ന് മനസിലാക്കിയാല്‍ കഴിവും ബുദ്ധിയുമുള്ള പെണ്‍കുട്ടികള്‍ പരീക്ഷണത്തിന് നിന്നു കൊടുക്കാതെ അതില്‍ നിന്നും രക്ഷപ്പെടുകയല്ലേ വേണ്ടത്. അതെന്താണ് ചെയ്യാതിരുന്നത് എന്ന ചോദ്യമാണ് ബാക്കി നില്‍ക്കുന്നത്.
എന്തായാലും എല്ലാമൊന്ന് അവസാനിച്ചു കിട്ടിയതില്‍ അനുപമയ്ക്ക് സന്തോഷിക്കാം. ജീവിതത്തിലും കരിയറിലും ഇനി നന്മ മാത്രം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. ഒപ്പം ധ്രുവിന്റെ മനസിലെ ഇരുട്ട് അകന്ന് ഒരു പുതുവെളിച്ചം ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു''.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates