'പണം വാങ്ങി ഇടവേള ബാബു ബിസിനസുകാർക്ക് അം​ഗത്വം നൽകി, അമ്മ നേതൃത്വത്തിലേക്ക് വരേണ്ടത് പാർവതിയെപ്പോലുള്ളവർ'

സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത താരങ്ങള്‍ 'അമ്മ'യിലെ അംഗത്വത്തിനായി കാത്തു നില്‍ക്കുമ്പോള്‍ വന്‍ തുക വാങ്ങി ബിസിനസ്സുകാര്‍ക്കുള്‍പ്പടെ ബാബു അംഗത്വം നല്‍കി
alleppy ashraf edavela babu
ഇടവേള ബാബു, ആലപ്പി അഷ്‌റഫ്
Updated on
2 min read

താരസംഘടനയായ അമ്മയെ തകര്‍ത്തത് മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഇടവേള ബാബു അമ്മയെ തന്റെ കുടുംബ സ്വത്തായാണ് കണ്ടിരുന്നത്. സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത താരങ്ങള്‍ 'അമ്മ'യിലെ അംഗത്വത്തിനായി കാത്തു നില്‍ക്കുമ്പോള്‍ വന്‍ തുക വാങ്ങി ബിസിനസ്സുകാര്‍ക്കുള്‍പ്പടെ ബാബു അംഗത്വം നല്‍കി എന്നും ആരോപിച്ചു. പാര്‍വതിയെപ്പോലെ സ്വാര്‍ഥതയില്ലാത്ത കഴിവുള്ള താരങ്ങള്‍ സംഘടനയുടെ തലപ്പത്തേക്കു വരേണ്ടത് അത്യാവശ്യമാണെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ഇടവേള ബാബുവിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

ആലപ്പി അഷ്റഫിന്റെ വാക്കുകൾ

ഒരു സംഘടന നല്ല രീതിയിൽ നിലനിൽക്കണമെങ്കിൽ കെട്ടുറപ്പുള്ളതാകണമെങ്കിൽ അടിസ്ഥാനപരമായി വേണ്ടത് അതിന്റെ നേതൃസ്ഥാനത്തുള്ളവർ നീതിബോധമുള്ളവരും നിർഭയരും നിഷ്പക്ഷരും സത്യസന്ധരും ആയിരിക്കണം. ആ ആളുകളുടെ പ്രവൃത്തിയിൽ ധാർമികതയും ഉണ്ടായിരിക്കണം. നിർഭാഗ്യം എന്നു പറയട്ടെ ഈ പറഞ്ഞ ഗുണങ്ങൾ ഒന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത ചിലർ സംഘടനയുടെ തലപ്പത്ത് കയറിക്കൂടിയതാണ് സംഘടനയുടെ ഇന്നത്തെ പതനത്തിനുള്ള പ്രധാന കാരണം. സിനിമാക്കാരുടെയും പൊതുസമൂഹത്തിന്റെയും വിശ്വാസവും അതുതന്നെയാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ നേതൃത്വനിരയിൽ ഉള്ളവരും അല്ലാത്തവരുമായ ചിലരുടെയൊക്കെ പേരിൽ നിലനിൽക്കുന്നതും നിലനിൽക്കാത്തതുമായ പീഡന കേസുകൾ വന്നതോടുകൂടി പൊതുസമൂഹത്തിൽ സംഘടനയ്ക്ക് അവമതിപ്പ് നേടിക്കൊടുത്തു എന്നുള്ളത് ഒരു യാഥാർഥ്യം കൂടിയാണ്. അഞ്ഞൂറോളം പേരുള്ള സംഘടനയിൽ പത്തോ പതിനഞ്ചോ പേർ പ്രശ്നം സൃഷ്ടിച്ചാൽ അവരെ നിർദാക്ഷിണ്യം ഒഴിവാക്കിക്കൊണ്ട് സംഘടനയെ നയിക്കാൻ തക്കവണ്ണം പ്രാപ്തരായവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നിരുന്നെങ്കിൽ ‘അമ്മ’യ്ക്ക് ഇപ്പോൾ മുഖത്തേറ്റ കളങ്കം കുറച്ചെങ്കിലും തുടച്ചു മാറ്റാമായിരുന്നു.

വളരെ വർഷങ്ങൾക്കു മുമ്പ് മോഹൻ സംവിധാനം ചെയ്ത ‘ഇടവേള’ എന്ന ചിത്രത്തിൽ ഞാനും ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ആയിട്ട് പങ്കെടുത്തിരുന്നു. ആ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്ത ഒരു ചെറിയ പയ്യനായിരുന്നു ബാബു. ഞാൻ ഡബ്ബിങ് തിയറ്ററിൽ എത്തുമ്പോൾ ആ പയ്യൻ ഇന്നസെന്റിനോടൊപ്പം അവിടെ ഇരിപ്പുണ്ടായിരുന്നു. ‘ഇടവേള’ എന്ന സിനിമ ഹിറ്റ് ആയില്ലെങ്കിലും മറ്റ് വലിയ വേഷങ്ങൾ ചെയ്ത് ശ്രദ്ധ നേടിയില്ലെങ്കിലും ഇന്നസെന്റുമായുള്ള ബന്ധം ആ പയ്യനെ ‘അമ്മ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ വരെ എത്തിച്ചു.

പിന്നീട് ‘അമ്മ’ എന്ന സംഘടനയിൽ ഇടവേള ബാബുവിന്റെ ഒരു പൂണ്ടു വിളയാട്ടമായിരുന്നു. അതിനുശേഷം ഗണേഷ്കുമാർ സിനിമാ മന്ത്രിയായിരിക്കുമ്പോൾ ഇടവേള ബാബുവിനെ കെഎസ്എഫ്ഡിസി വൈസ് ചെയർമാനായി നിയമിക്കുന്നു. ഇല്ലാത്ത ഒരു പോസ്റ്റ് സൃഷ്ടിച്ചാണ് ആ നിയമനം. അവിടെ തിയറ്റർ ചാർട്ടിങ് ആയിരുന്നു ബാബുവിന്റെ പ്രധാന ജോലി. കെഎസ്എഫ്ഡിസിയുടെ തിയറ്ററിറിൽ സിനിമ പ്രദർശിപ്പിക്കാൻ ഇടവേള ബാബുവിന് കൈക്കൂലി കൊടുക്കണം എന്നാണ് ലിബർട്ടി ബഷീർ പറഞ്ഞിട്ടുള്ളത്.

15 വർഷങ്ങൾക്കു മുമ്പ് ഞാൻ ‘അമ്മ’യിലെ മെമ്പർഷിപ്പിനായുള്ള അപേക്ഷ പൂരിപ്പിച്ച് ബാബുവിന്റെ കയ്യിൽ നേരിട്ട് കൊടുത്തിരുന്നു. കുറെനാൾ കഴിഞ്ഞ്, എന്തായി ബാബു എന്ന് ഞാൻ ചോദിച്ചപ്പോൾ എനിക്ക് അതിനുള്ള യോഗ്യതയില്ല എന്നുള്ള രീതിയിലാണ് ബാബു മറുപടി പറഞ്ഞത്. എന്നാൽ അതേസമയം ദുബായിലുള്ള വലിയൊരു ബിസിനസ്മാൻ ആയ എന്റെ ഒരു ഫ്രണ്ടിന് അമ്മയിൽ അം​ഗത്വം കിട്ടി. എങ്ങനെയാണ് അം​ഗത്വം കിട്ടിയത് എന്ന് ചോദിച്ചപ്പോൾ- ദുബായിൽ വച്ചു ഷൂട്ട് നടന്ന ഒരു ചിത്രത്തിൽ എന്നെയും ഇടയ്ക്ക് പിടിച്ചു നിർത്തി, എനിക്ക് ബാബു മെമ്പർഷിപ്പും വാങ്ങിത്തന്നു.- എന്നാണ് അദ്ദേഹം പറഞ്ഞത്. എത്ര രൂപ ചെലവായി എന്ന് ചോദിച്ചപ്പോൾ കാശ് മുടക്കിയാൽ അല്ലേ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ ഒപ്പം നമുക്ക് ഇരിക്കാൻ പറ്റുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അതുപോലെതന്നെ ‘അമ്മ’യുടെ നേതൃത്വത്തിലുള്ള സെലിബ്രിറ്റി ക്രിക്കറ്റ് ടീമിലും കോടീശ്വരന്മാരുടെ പല മക്കളും അംഗങ്ങളായിട്ടുണ്ട്.

സിനിമയിൽ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ അഭിനയിച്ച നടീനടന്മാർ ബാബുവിന് അപേക്ഷയും സമർപ്പിച്ച് ബാബുവിന്റെ കരുണയ്ക്കായി കാത്തിരിപ്പുണ്ടായിരുന്നു. ബാബുവിന്റെ ഇത്തരം അധാർമിക പ്രവർത്തിക്കെതിരെ ഒരു ചെറുവിരൽ പോലും ആരും അനക്കിയിട്ടുമില്ല. ഇനി നടിമാർക്കാണെങ്കിൽ പണമില്ലെങ്കിലും മെമ്പർഷിപ്പ് കൊടുക്കാം. മറ്റു ചില സഹായസഹകരണങ്ങൾ ബാബു പ്രതീക്ഷിക്കുന്നുണ്ടെന്നും അങ്ങനെ ചെയ്താൽ മെമ്പർഷിപ്പ് കൊടുക്കാം എന്നുള്ളത് സോഷ്യൽ മീഡിയയിലൂടെ പലരും വിളിച്ചു പറയുന്നത് നമ്മൾ കേട്ടതാണല്ലോ.

അതിജീവിതയെ ഇടവേള ബാബു മരിച്ചുപോയവരോട് ഉപമിച്ചത് പാർവതി തിരുവോത്തിനെ വല്ലാതെ വേദനിപ്പിച്ചു. അതുകൊണ്ടാണ് അവർ അമ്മയിലെ അം​ഗത്വം ഉപേക്ഷിച്ചത്. പാർവതി തിരുവോത്ത് ഒരിക്കലും അവർക്ക് വേണ്ടി സംസാരിച്ചിട്ടില്ല. അവർ എപ്പോഴും മറ്റുള്ളവർക്ക് വേണ്ടിയാണ് ശബ്ദം ഉയർത്തിയിട്ടുള്ളത്. അതുമൂലം അവർക്ക് ഒരുപാട് നഷ്ടങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അവർ മലയാളത്തിന് കിട്ടിയ നല്ലൊരു അഭിനേത്രിയും നിലപാടുകളുടെ രാജകുമാരിയുമാണ്. അവരെപ്പോലുള്ള ധീര വനിതകളെ ‘അമ്മ’യുടെ മുൻനിരയിൽ കൊണ്ടുവരണം. അല്ലെങ്കിൽ ‘അമ്മ’ എന്ന സംഘടന പൊതുസമൂഹത്തിന്റെ മുമ്പിൽ വെറുമൊരു ‘എ.എം.എം.എ’ ആയി മാറും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com