കുസൃതിയും പ്രണയവും കലിപ്പും മാസും! ഇവിടെ എല്ലാം പോകും; അല്ലു അർജുനെന്ന ഐക്കൺ സ്റ്റാർ

തിരിച്ച് കേരളത്തോട് എന്നും പ്രത്യേകമൊരു ഇഷ്ടം അല്ലുവും ഹൃദയത്തിൽ സൂക്ഷിക്കാറുണ്ട്.
Allu Arjun
അല്ലു അർജുൻഇൻസ്റ്റ​ഗ്രാം

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബണ്ണിയാണ് അല്ലു അർജുൻ. കുസൃതിയും നിഷ്കളങ്കതയുമൊക്കെ നിറഞ്ഞ കഥാപാത്രങ്ങളാണ് അല്ലു അർജുന് പ്രേക്ഷക മനസിൽ ഇടം നേടിക്കൊടുത്തത്. യുവാക്കൾക്കിടയിൽ മാത്രമല്ല കുടുംബ പ്രേക്ഷകർക്കും അല്ലു അർജുനെ ഒരുപാടിഷ്ടമാണ്. കേരളത്തിലുമുണ്ട് അല്ലുവിന് വലിയൊരു ഫാൻ ബേസ്. തിരിച്ച് കേരളത്തോട് എന്നും പ്രത്യേകമൊരു ഇഷ്ടം അല്ലുവും ഹൃദയത്തിൽ സൂക്ഷിക്കാറുണ്ട്.

മൊഴിമാറ്റി എത്തിയ അല്ലു അർജുന്റെ ഒരുവിധപ്പെട്ട ചിത്രങ്ങളൊക്കെയും കേരളത്തിലെ തിയറ്ററുകളിലും നിറഞ്ഞോടി. പ്രകൃതി ദുരന്തങ്ങളിൽപ്പെട്ട് കേരള ജനത പ്രതിസന്ധിയിലായപ്പോഴും അല്ലു അർജുൻ മലയാളികളെ ചേർത്തു നിർത്തി. അഭിനയത്തിൽ മാത്രമല്ല അല്ലുവിന്റെ ഡാൻസിനുമുണ്ട് ഒരുപാട് ആരാധകർ. ഒരിടയ്ക്ക് സ്റ്റേജിലോ മറ്റ് ആഘോഷ പരിപാടികളിലോ അല്ലു അർജുന്റെ ഡാൻസ് കളിക്കുന്നത് തന്നെ ഒരു ട്രെൻഡായി മാറിയിരുന്നു.

ഇന്നിപ്പോൾ അല്ലു അർജുൻ (എഎ) എന്നത് ഒരു ബ്രാൻഡ് തന്നെയായി മാറിക്കഴി‍ഞ്ഞു. ബി​ഗ് ബജറ്റ് ചിത്രങ്ങൾ, നൂറ് കോടിയിലേറെ ബോക്സോഫീസ് കളക്ഷൻ, ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടൻ...അങ്ങനെ അല്ലു അർജുൻ തെന്നിന്ത്യൻ സിനിമയുടെ തന്നെ ഐക്കൺ സ്റ്റാറായി നാൾക്കു നാൾ മുന്നേറി വരുന്നു.

ഇപ്പോഴിതാ അല്ലു അർജുന്റെ ഇതുവരെയുള്ള കരിയറിലെ തന്നെ ഏറ്റവും വലിയ പടമായ പുഷ്പ 2 റിലീസിനൊരുങ്ങുകയാണ്. ക്രിസ്മസ് റിലീസായി അടുത്തമാസം 5നാണ് ചിത്രം തിയറ്ററുകളിലെത്തുക. ആദ്യ ഭാ​ഗം ഏറ്റെടുത്തതു പോലെ തന്നെ രണ്ടാം ഭാ​ഗവും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. അല്ലു അർജുന്റെ കരിയറിലെ തന്നെ ഒരു പൊൻതൂവലാണ് പുഷ്പ 2 വിലെ പുഷ്പ രാജ്. താരത്തിന്റെ പ്രേക്ഷകർ ആഘോഷമാക്കിയ മറ്റു ചില കഥാപാത്രങ്ങളിലൂടെ.

1. ആര്യ

Allu Arjun

ആര്യ എന്ന ഒറ്റ ചിത്രത്തിലൂടെയായിരിക്കും പലരും അല്ലു അർജുന്റെ കട്ട ഫാനായി മാറിയത്. സംവിധായകൻ സുകുമാറിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. ദേവി ശ്രീ പ്രസാദായിരുന്നു ചിത്രത്തിന് സം​ഗീതമൊരുക്കിയത്. ചിത്രത്തിലെ പാട്ടുകൾക്കും ഇന്നും ഏറെ ആരാധകരുണ്ട്. അല്ലു അർജുന്റെ കരിയറിൽ തന്നെ ബ്രേക്ക് ആയി മാറിയ ചിത്രം കൂടിയാണ് ആര്യ. 2009 ൽ ആര്യ 2 എന്ന പേരിൽ ചിത്രത്തിന് രണ്ടാം ഭാ​ഗവും ഒരുങ്ങിയിരുന്നു.

2. രുദ്രമാദേവി

Allu Arjun

ഗുണശേഖർ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് അല്ലു അർജുനെത്തിയത്. അനുഷ്ക ഷെട്ടി, റാണ ദ​ഗുബതി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ഇളയരാജയുടേതായിരുന്നു സം​ഗീതം. അല്ലു അർജുന്റെ വ്യത്യസ്തമായ ഒരു കഥാപാത്രം കൂടിയാണ് രുദ്രമാദേവിയിലേത്.

3. അല വൈകുണ്ഠപുരമുലു

Allu Arjun

അല്ലു അർ‌ജുന്റെ ഏറെ സ്വീകാര്യത നേടിയ ചിത്രമായിരുന്നു അല വൈകുണ്ഠപുരമുലു. എസ് തമന്‍ ഒരുക്കിയ ഈ ചിത്രത്തിലെ ബുട്ട വി ബൊമ്മ എന്ന ഗാനംആരാധകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. അല്ലു അര്‍ജുന്‍ എന്ന സൂപ്പര്‍ താരത്തിന്റെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ വളരെ പെട്ടന്ന് തന്നെ ഇടം നേടിയ ഒരു ചിത്രമായിരുന്നു ഇത്. മലയാളികളുടെ പ്രിയതാരം ജയറാമും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 200 കോടിയിലധികം കളക്ഷന്‍ നേടുകയും ചെയ്തു ചിത്രം.

4. ഹാപ്പി

Allu Arjun

അല്ലു അർജുൻ, ജെനീലിയ ഡിസൂസ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഇത്. ബണ്ണി എന്ന ചിത്രത്തിലെ കഥാപാത്രവും ഹിറ്റായി മാറി. യുവൻ ശങ്കർ രാജ ആയിരുന്നു സം​ഗീതമൊരുക്കിയത്. തെലുങ്കിൽ ചിത്രം പരാജയമായി മാറിയെങ്കിലും കേരളത്തിൽ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഹാപ്പി ബി ഹാപ്പി എന്ന പേരിലാണ് മലയാളത്തിൽ ചിത്രമെത്തിയത്.

5. ബദ്രിനാഥ്

Allu Arjun

അല്ലു അർജുനും തമന്നയും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ബദ്രിനാഥ്. ബദ്രിനാഥ് എന്ന ടൈറ്റിൽ കഥാപാത്രമായാണ് അല്ലു അർജുൻ ചിത്രത്തിലെത്തിയത്. എം എം കീരവാണിയായിരുന്നു ചിത്രത്തിന് സം​ഗീതമൊരുക്കിയത്. രവി വർമ്മന്റെ ഛായാ​ഗ്രഹണവും ഏറെ പ്രശംസയേറ്റു വാങ്ങി. തിയറ്ററിൽ അത്ര കണ്ട് വിജയം നേടാനായില്ലെങ്കിലും പിന്നീട് ടെലിവിഷനിൽ സംപ്രേഷണം ചെയ്തു തുടങ്ങിയതോടെ ചിത്രം പ്രേക്ഷകരേറ്റെടുത്തു. ചിത്രത്തിലെ അല്ലു അർജുന്റെ ലുക്കും വേറിട്ടതായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com