'ഞാൻ ചെല്ലുമ്പോൾ അമ്പിളി ചേട്ടൻ ഒരു മുറിയിൽ നിലത്ത് തുണി വിരിച്ച് സുഖമായി ഉറങ്ങുന്നു', കുറിപ്പുമായി എംഎ നിഷാദ്

'ഒരു കലാകാരന്റെ അർപ്പണബോധം, സ്വന്തം തൊഴിലിനോടുളള ആത്മാർത്ഥത ഇതെല്ലാം കണ്ട് പഠിക്കാൻ, ജഗതി ശ്രീകുമാറിനോളം, വേറെ ആരുമില്ല'
ജഗതി ശ്രീകുമാർ/ഫയല്‍ ചിത്രം
ജഗതി ശ്രീകുമാർ/ഫയല്‍ ചിത്രം
Updated on
2 min read

ലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജ​ഗതി ശ്രീകുമാറിന്റെ എഴുപതാം പിറന്നാളായിരുന്നു ഇന്നലെ. സൂപ്പർതാരങ്ങൾ ഉൾപ്പടെ പ്രിയ താരത്തിന്റെ പിറന്നാൾ ആഘോഷമാക്കിയിരുന്നു. വാഹനാപകടത്തിൽ പരുക്കേറ്റ് ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് നീണ്ടനാളായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും മലയാളികളുടെ മനസിൽ ഇന്നും നിറഞ്ഞു നിൽക്കുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ജ​ഗതിയെക്കുറിച്ച് സംവിധായകൻ എംഎ നിഷാദ് പങ്കുവെച്ച കുറിപ്പാണ്. അമ്പിളി ചേട്ടനെ പരിചയപ്പെട്ടതിനെക്കുറിച്ചും അദ്ദേഹവുമായുള്ള മനോഹരമായ ഓർമകളെക്കുറിച്ചുമാണ് നിഷാദ് കുറിച്ചിരിക്കുന്നത്. ഒരു കലാകാരന്റെ അർപ്പണബോധം, സ്വന്തം തൊഴിലിനോടുളള ആത്മാർത്ഥത ഇതെല്ലാം കണ്ട് പഠിക്കാൻ, ജഗതി ശ്രീകുമാറിനോളം, വേറെ ആരുമില്ല. മെഗാ സ്റ്റാർ/സൂപ്പർ സ്റ്റാർ വിശേഷണങ്ങൾക്ക്,എന്ത് കൊണ്ടും യോഗ്യനാണദ്ദേഹമെന്നും നിഷാദ് പറയുന്നു. 

നിഷാദിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് വായിക്കാം 

പ്രിയപ്പെട്ട അമ്പിളി ചേട്ടന് (ജഗതി ശ്രീകുമാർ) പിറന്നാൾ ആശംസകൾ...
എഴുപതിന്റ്റെ നിറവിൽ,അല്ലെങ്കിൽ സപ്തതിയിലേക്ക് കടക്കുന്നു മലയാളം കണ്ട എക്കാലത്തേയും മികച്ച നടൻ... വ്യക്തിപരമായി ഒരുപാട് അടുപ്പമുണ്ട്  എനിക്ക് അമ്പിളി ചേട്ടനോട്... ആദ്യം കാണുന്നത്,1982-ൽ ഞാൻ ബാലതാരമായി അഭിനയിച്ച, ''അന്തിവെയിലിലെ പൊന്ന്'' എന്ന ചിത്രത്തിന്റ്റെ ലൊക്കേഷനിൽ.. അദ്ദേഹവുമായിട്ടാണ് കോമ്പിനേഷൻ. ആലുവക്കടുത്തൊരു പെട്രോൾ പമ്പിൽ ''റ'' മീശയൊക്ക് വെച്ച് തമാശ പറഞ്ഞ്,സെറ്റിലുളളവരെ മുഴുവൻ  ചിരിപ്പിച്ച ജഗതി ശ്രീകുമാർ...

 പിന്നെ,കാലാനുസൃതം,ഞാൻ നിർമ്മാതാവും സംവിധായകനുമൊക്കെയായി... എന്റ്റെ മിക്ക ചിത്രത്തിലെയും സജീവ സാന്നിധ്യം ആയിരുന്നു അദ്ദേഹം... നിർമ്മാതാക്കളെ,ബുദ്ധിമുട്ടിക്കാത്ത നടൻ സംവിധായകനെ ബഹുമാനിക്കുന്ന നടൻ കൂടെ അഭിനയിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നടൻ.. എല്ലാത്തിനുമുപരി,മനുഷ്വത്തമുളള വ്യക്തി...സിനിമാ രംഗത്ത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ് അങ്ങനെയുളളവർ... ആക്സിഡന്റ്റിന് മുമ്പ് അമ്പിളി ചേട്ടനെ ഞാൻ കാണുന്നത്,ദുബായിൽ വെച്ചാണ്.. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ളസ്സ് എന്ന ചിത്രത്തിന്റ്റെ ലൊക്കേഷനിൽ...ഞാൻ ചെല്ലുമ്പോൾ അദ്ദേഹം ഒരു മുറിയിൽ നിലത്ത്,തുണി വിരിച്ച് സുഖമായി ഉറങ്ങുന്നു... ഉറക്കം എണീറ്റ് എന്നെ കണ്ടയുടൻ അദ്ദേഹം പറഞ്ഞത് ഇന്നും ഓർമ്മയുണ്ട്.''അനിയാ, ഇവിടുന്ന് ഞാൻ പോകുന്നത്,കോഴിക്കോട്,പത്മകുമാറിന്റ്റെ ലൊക്കേഷനിലേക്കാണ്,അവിടെ രണ്ട് ദിവസം ഷൂട്ടുണ്ട്,അത് കഴിഞ്ഞ്,ലെനിൻ രാജേന്ദ്രന്റ്റെ ഇടവപാതി എന്ന സിനിമയിൽ  തല കാണിച്ചിട്ട്,നമ്മുടെ പടം ഡബ്ബ് ചെയ്യാം'' എന്റ്റെ മധുരബസ്സ് എന്ന ചിത്രത്തിൽ അഭിനയിച്ച അമ്പിളി ചേട്ടൻ,ആ സിനിമയുടെ  ഡബ്ബിംഗ് കാര്യങ്ങൾ പറയാനാണ് ഞാൻ ചെന്നത്,എന്ന് കരുതിയാണ് എന്നോടങ്ങനെ പറഞ്ഞത്... പക്ഷെ ഞാൻ അദ്ദേഹം അവിടെയുണ്ടെന്നറിഞ്ഞ് വെറുതെ കാണാൻ പോയതാണ്... 

ഒരു കലാകാരന്റ്റെ അർപ്പണബോധം,സ്വന്തം തൊഴിലിനോടുളള ആത്മാർത്ഥത ഇതെല്ലാം കണ്ട് പഠിക്കാൻ,ജഗതി ശ്രീകുമാറിനോളം, വേറെ ആരുമില്ല എന്നതാണ് സത്യം... ആയിരത്തിൽ മേൽ സിനിമകളിൽ അഭിനയിച്ചു...എല്ലാ തരം വേഷങ്ങളും ചെയ്തു.. ന്യൂജൻ  കാലത്തും,മൊബൈൽ ഫോൺ ഉപയോഗിക്കാതെ, കാരവൺ ഇല്ലാതെ, അനുചരവൃന്ദങ്ങളുടെ അകമ്പടിയില്ലാതെ അമ്പിളി ചേട്ടൻ എന്ന മഹാപ്രതിഭ,എത്ര  അനായാസമായാണ്,മലയാള സിനിമയിൽ തന്റ്റെ സ്ഥാനം ഉറപ്പിച്ച് മുന്നോട്ട് പോയത്..മെഗാ സ്റ്റാർ/സൂപ്പർ സ്റ്റാർ വിശേഷണങ്ങൾക്ക്,എന്ത് കൊണ്ടും, യോഗ്യനാണദ്ദേഹം...അത്തരം താര പകിട്ടുകളെ അദ്ദേഹം എന്നും എതിർത്തിട്ടുമുണ്ട് എന്നതും കൂട്ടി വായിക്കേണ്ടതാണ്... ഒരപകടത്തെ തുടർന്ന്,എട്ട് വർഷമായി  അദ്ദേഹം ചികിത്സയിലും,വിശ്രമത്തിലുമാണ്.

ഈ വർഷം,ചിത്രങ്ങളിൽ അഭിനയിച്ച് തുടങ്ങും,എന്ന വാർത്ത അറിഞ്ഞത് മുതൽ മലയാളികൾ ഒരുപാട് സന്തോഷത്തിലാണ്.. അങ്ങനെ ആകട്ടെ എന്ധ് ഞാനും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... മലയാള സിനിമയിലെ തിരുത്തൽ ശക്തിയായിരുന്നു അമ്പിളി ചേട്ടൻ... സിനിമയേ ബാധിക്കുന്ന ചില മോശം പ്രവണതകൾക്കെതിരെ എന്നും അദ്ദേഹം ശബ്ദമുയർത്തിയിരുന്നു...അതൊരു ചങ്കൂറ്റമാണ്...നിർഭയനായി കാര്യങ്ങൾ 
പറയുക എന്നുളളത്,ഒരു കലാകാരന്റ്റെ ധർമ്മം കൂടിയാണ്...ജഗതി ശ്രീകുമാർ അങ്ങനെയാണ്.... മനുഷ്വത്തമുളള കലാകാരൻ..
അങ്ങനെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.... ജഗതി ശ്രീകുമാർ എന്ന അതുല്ല്യ നടൻ  അഭിനയിച്ച്,ഗംഭീരമാക്കിയ,ഒരുപാട് നല്ല
കഥാപാത്രങ്ങളുണ്ട്...എന്നെ ആകർഷിച്ച ജഗതീയൻ കഥാപാത്രങ്ങളെ,ഇവിടെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു... 

ഏറെയാരും,കൊട്ടിഘോഷിച്ചിട്ടില്ലാത്ത,ഒരു കഥാപാത്രം...അത് ശ്രീ ജോഷി സംവിധാനം ചെയ്ത ''കർത്തവ്യം'' എന്ന ചിത്രത്തിലെ
തയ്യൽക്കാരന്റ്റെ വേഷമായിരുന്നു.ആ ചിത്രത്തിൽ അദ്ദേഹം നിറഞ്ഞാടി...നായക കഥാപാത്രമായിരുന്നു അത്...പത്മരാജൻ സാറിന്റ്റെ,''അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ'' കഥാപാത്രവും,അദ്ദേഹത്തിന്റ്റെ തന്നെ മൂന്നാം പക്കം എന്ന സിനിമയിലെ,കവല എന്ന കഥാപാത്രവും... ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സ്വാതി തിരുനാളിലെ,കൊട്ടാര വിദൂഷകനും, ശ്രി ശശിപരവൂർ സംവിധാനം ചെയ്ത നോട്ടം എന്ന ചിത്രത്തിലെ കഥാപാത്രവും വൈവിധ്യമേറിയതാണ്... കിലുക്കത്തിലെ നിശ്ചൽ കുമാർ,മലപ്പുറം  ഹാജി മഹാനായ ജോജിയിലെ കുഞ്ഞാലികുട്ടി മാഷ്,കിരീടത്തിലെ അളിയൻ,ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന ചിത്രത്തിലെ,മലയാളം അധ്യാപകൻ ഇൻഡ്യൻ റുപ്പിയിലെ അച്ചായൻ,അറബി കഥയിലെ മുതലാളി,ഭൂമിയിലെ രാജാക്കന്മാരിലെ അമ്മാവൻ, പട്ടാഭിക്ഷേകത്തിലെ തമ്പുരാൻ, പൊൻമുട്ടയിടുന്ന താറാവിലെ വെളിച്ചപ്പാട് അങ്ങനെ എണ്ണിയാൽ തീരാത്ത എത്രയോ കഥാപാത്രങ്ങൾ... ഈ എഴുപത് തികയുന്ന ദിനത്തിൽ, മലയാളികളുടെ പ്രിയപ്പെട്ട ജഗതിശ്രീകുമാറിന്...ഞങ്ങൾ സിനിമാക്കാരുടെ സ്നേഹനിധിയായ അമ്പിളി ചേട്ടന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com