ബോളിവുഡിന്റെ 'ആം​ഗ്രി യങ് മാൻ'; ബി​ഗ് ബി @ 82; അമ്പരപ്പിച്ച അഞ്ച് വില്ലൻ വേഷങ്ങൾ

ബോളിവുഡിന്റെ ആംഗ്രി യങ് മാന്‍ ഇന്ന് 82ാം വയസിലേക്ക് ചുവടുവെക്കുകയാണ്
AMITABH BACHCHAN
അമിതാഭ് ബച്ചന്‍

ബോളിവുഡിലെ ക്ഷുഭിത യൗവനമായി നിറഞ്ഞു നിന്ന താരം. പതിറ്റാണ്ടുകള്‍ നീണ്ട സിനിമ ജീവിതത്തില്‍ അദ്ദേഹം അഭിനയിച്ച് തീര്‍ത്ത കഥാപാത്രങ്ങള്‍ നിരവധിയാണ്. ഇന്നും ആ പകര്‍ന്നാട്ടത്തിന് കോട്ടം തട്ടിയിട്ടില്ല. ബിഗ് ബിയായി ബോളിവുഡിന്റെ കാരണവര്‍ സ്ഥാനത്ത് തുടരുകയാണ് അദ്ദേഹം. അഭിനയത്തെ മാത്രമല്ല ആക്ഷനേയും പ്രായം തളര്‍ത്തിയിട്ടില്ല. ഏറ്റവും അവസാനം പുറത്തിറങ്ങിയ കല്‍ക്കി 2898ലൂടെ വീണ്ടും ആക്ഷന്‍ താരമായി എത്തി അമ്പരപ്പിച്ചിരുന്നു.

ബോളിവുഡിന്റെ ആംഗ്രി യങ് മാന്‍ ഇന്ന് 82ാം വയസിലേക്ക് ചുവടുവെക്കുകയാണ്. കവി ഹരിവന്‍ഷ് റായ് ബച്ചന്റെയും തേജി ബച്ചന്റെയും മകനായി 1942 ഒക്ടോബര്‍ 11-നാണ് അമിതാഭ് ബച്ചന്‍ ജനിക്കുന്നത്. 1969ല്‍ റിലീസ് ചെയ്ത സാത്ത് ഹിന്ദുസ്ഥാനിയിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. നായകന്‍ മാത്രമായല്ല സഹനടനായും വില്ലനായും എല്ലാം അദ്ദേഹം തിളങ്ങി. അമിതാഭ് ബച്ചന്‍ അമ്പരപ്പിച്ച അഞ്ച് വില്ലന്‍ വേഷങ്ങള്‍ പരിചയപ്പെടാം.

1. പര്‍വാന

AMITABH BACHCHAN

1971ല്‍ റിലീസ് ചെയ്ത ചിത്രം. കുമാര്‍ സെന്‍ എന്ന ആര്‍ട്ടിസ്റ്റിന്റെ വേഷത്തിലാണ് ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ചത്. പ്രണയിക്കുന്ന പെണ്ണിനെ സ്വന്തമാക്കാന്‍ എന്തു ക്രൂരതയ്ക്കും തയാറാകുന്ന ക്രൂരനായ വില്ലനായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രം. ജ്യോതി സ്വരൂപാണ് ചിത്രം സംവിധാനം ചെയ്തത്. അമിതാഭ് ബച്ചന്റെ കരിയറിലെ ആദ്യത്തെ വില്ലന്‍ വേഷം ഇതായിരുന്നു.

2. ധീവാര്‍

AMITABH BACHCHAN

യഷ് ചോപ്ര സംവിധാനം ചെയ്ത ദീവാര്‍ റിലീസ് ചെയ്തത് 1975ലാണ്. ബോളിവുഡിന്റെ ആംഗ്രി യങ് മാന്‍ എന്ന സ്ഥാനം അമിതാഭ് ബച്ചന് ഉറപ്പിച്ചു നല്‍കുന്നത് ഈ ചിത്രമാണ്. ശശി കപൂര്‍ നായകനായി എത്തിയ ചിത്രത്തില്‍ വിജയ് വര്‍മ എന്ന ഗുണ്ടാ തലവന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ എത്തിയത്. ചിത്രത്തിലെ അമിതാഭ് ബച്ചന്റെ പ്രകടനം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച 25 അഭിനയ പ്രകടനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫോബ്‌സ് പട്ടികയില്‍ ഇടം നേടി. ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ പീസായാണ് ചിത്രത്തെ വിലയിരുത്തുന്നത്.

3. തൃശൂല്‍

AMITABH BACHCHAN

അമ്മയെ പ്രണയിച്ച് ചതിച്ചയാള്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുന്ന മകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ എത്തിയത്. യഷ് ചോപ്ര സംവിധാനം ചെയ്ത ചിത്രത്തില്‍ ശശി കപൂറാണ് പ്രധാന വേഷത്തിലെത്തിയത്. വമ്പന്‍ വിജയമായി മാറിയ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്തു.

4. ഡോണ്‍

AMITABH BACHCHAN

അമിതാഭ് ബച്ചന്‍ ഇരട്ടവേഷങ്ങളില്‍ എത്തിയ ചിത്രം. ഡോണ്‍ ഫ്രാഞ്ചൈസിക്ക് തുടക്കമിടുന്നത് ഈ ചിത്രത്തിലൂടെയാണ്. അതി ക്രൂരനായ വില്ലന്റേയും തെരുവു കലാകാരന്റേയും റോളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ ഡോണ്‍ കോ പകട്‌നാ മുഷ്‌കില്‍ നഹി, നാമുംകിന്‍ ഹെ എന്ന ഡയലോഗ് ഇന്നും വമ്പന്‍ ഹിറ്റാണ്. 2006ല്‍ ഷാരുഖ് ഖാനെ നായകനാക്കി ഫര്‍ഹാന്‍ അക്തര്‍ ചിത്രം റീമേക്ക് ചെയ്തിരുന്നു.

5. അഗ്നിപത്

AMITABH BACHCHAN

അമിതാഭ് ബച്ചന് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം നേടിക്കൊടുക്കുന്നത് ഈ സിനിമയിലൂടെ. മുംബൈ ഗ്യാങ്സ്റ്ററായ മാന്യ സര്‍വെയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. പ്രതികാരത്തിന്റെ കനലില്‍ അതിക്രൂരനായി മാറുന്ന വിജയ് ചൗഹാന്‍ എന്ന കഥാപാത്രമായാണ് താരം അഭിനയിച്ചത്. ചിത്രത്തില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com