

ഏതൊരു ചാനൽ പ്രോഗ്രാമിന്റേയും വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളിൽ ഒന്നെന്ന് പറയുന്നത് ആ പരിപാടിയുടെ അവതാരകർ തന്നെയാണ്. അവരിലൂടെയാണ് ഷോകള്‍ ജനങ്ങളിലേക്ക് എത്തുന്നതും. അതിനാൽ തന്നെ ഇന്ത്യയിലെ ഒട്ടുമിക്ക ചാനൽ പരിപാടികളിലും സിനിമ താരങ്ങൾ തന്നെ അവതാരകരായി പ്രത്യക്ഷപ്പെടാറുമുണ്ട്. മോഹൻലാൽ, അമിതാഭ് ബച്ചൻ, ജഗദീഷ്, മുകേഷ്, കമലഹാസൻ, വിജയ് സേതുപതി, കിച്ചാ സുദീപ്, നാഗാർജുന, സൽമാൻ ഖാൻ തുടങ്ങിവർ ഈ പട്ടികയിൽ ഉൾപ്പെടുന്ന താരങ്ങളാണ്. ഇവർ വാങ്ങുന്ന പ്രതിഫലവും അതിനാൽ തന്നെ വാർത്തകളിൽ ഇടംപിടിക്കാറുമുണ്ട്. ഇതുവരെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന ടിവി അവതാരകൻ സൽമാൻ ഖാൻ ആയിരുന്നു. എന്നാൽ പുതുതായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്തയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ടിവി അവതാരകനായി മാറിയിരിക്കുകയാണ് ബോളിവുഡ് സ്റ്റാർ അമിതാഭ് ബച്ചൻ.
ഭാഗ്യതാരമായ അമിതാഭ് ബച്ചന്‍റെ സാന്നിധ്യം കൊണ്ട് ഏറെ പ്രശസ്തി ലഭിച്ച ഷോയാണ് 'കോൻ ബനേഗ ക്രോർപതി'. പുതിയ റിപ്പോർട്ട് പ്രകാരം 5 കോടി രൂപയാണ് അമിതാഭ് ബച്ചൻ ഒരു എപ്പിസോഡിന് മാത്രം പ്രതിഫലമായി വാങ്ങുന്നത്. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ടി.വി ഷോ അവതാരകരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരിലൊരാൾ അമിതാഭ് ബച്ചനാണ്. 2000 ജൂലൈ 3 നാണ് കോൻ ബനേഗാ ക്രോർപതി ഷോ സംപ്രേഷണം ആരംഭിച്ചത്. തുടക്കം മുതൽ അമിതാഭ് ബച്ചനാണ് ഷോയുടെ അവതാരകൻ.
അമിതാഭ് ബച്ചൻ അവതാരകനായ കോൻ ബനേഗാ ക്രോർപതി സീസൺ 17നുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സോണി ടി.വിയിൽ ആഗസ്റ്റ് 11 മുതലാണ് സംപ്രേഷണം ആരംഭിക്കുന്നത്. ഏറെ നാൾക്കു ശേഷമുള്ള അമിതാഭ് ബച്ചന്‍റെ തിരിച്ചു വരവായാണ് പരിപാടിയെ നോക്കിക്കാണുന്നത്.
പരിപാടിയുടെ പ്രൊമോ വീഡിയോകൾ ഇതിനോടകം തന്നെ ഇന്‍റർനെറ്റിൽ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്കാവും ഷോ സമയം. സോണി ലിവ് ഒ.ടി.ടി പ്ലാറ്റ്ഫോമിലും എപ്പിസോഡുകൾ ലഭ്യമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates