

ദാദർ റെയിൽവേ സ്റ്റേഷനിൽ തനിക്കും മക്കൾക്കും നേരിട്ട ദുരനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനെ തുടർന്ന് കടുത്ത വിമർശനങ്ങൾ നേരിട്ട് നടി ലാലി. എന്നാൽ താൻ പങ്കുവെച്ചത് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം മാത്രമാണെന്നും, അതിലൂടെ മറ്റുള്ളവര്‍ക്ക് ജാഗ്രതയെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമാക്കിയതാണെന്നും നടി മറുപടി നൽകി.
മകളും നടിയുമായ അനാർക്കലി മരിക്കാറും ലക്ഷ്മിയും ഒപ്പം മുംബൈയിലെത്തിയ ലാലി, ദാദർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ഓട്ടോസ്റ്റാൻഡിൽ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടത്. ഇവർ നേരിട്ടത് കൺകെട്ട് വിദ്യപോലുള്ള തട്ടിപ്പായിരുന്നുവെന്ന് ലാലി പറയുന്നു. ഈ സംഭവത്തെക്കുറിച്ചുള്ള കുറിപ്പാണ് ലാലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്."ഞങ്ങൾക്ക് ആദ്യം സംഭവത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാൻ പോലും കുറച്ച് സമയം പിടിച്ചു. അത് വല്ലാത്തൊരു അനുഭവമായിരുന്നു," എന്നാണ് ലാലി തന്റെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നത്.
എന്നാൽ, ലാലിയുടെ ഈ തുറന്നുപറച്ചിലിനോട് നിരവധി ആളുകൾ സംശയം ഉയർത്തുകയും വിമർശനം നടത്തുകയും ചെയ്തു. “ദാദറിൽ ഓട്ടോസ്റ്റാൻഡ് ഇല്ല”, “നിങ്ങൾ പറയുന്നത് സിനിമാക്കഥ പോലുള്ള നുണക്കഥ പോലെയാണ്”, “കാവിച്ചരടുള്ളവനെ കൂട്ടിച്ചൊല്ലിയിരുന്നെങ്കിൽ കഥ കംപ്ലീറ്റ് ആയേനെ” തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് കീഴിൽ വന്നത്.
ലാലിയുടെ മറുപടി;
ഞാനൊരു അനുഭവം പങ്കിടുന്നത് എന്നോട് പാവം തോന്നി എനിക്ക് നഷ്ടപ്പെട്ട രൂപ മഹാരാഷ്ട്ര സർക്കാർ മുൻകൈയെടുത്ത് തിരിച്ചു തരും എന്ന് ഓർത്തിട്ട് ഒന്നുമല്ല ഞങ്ങൾക്ക് പറ്റിയ പോലുള്ള കബളിപ്പിക്കൽ മറ്റുള്ളവർക്ക് ഉണ്ടാകാതിരിക്കാനുള്ള കരുതൽ ആയിരുന്നു അത് .
അതുകൊണ്ടുതന്നെ അത് യാത്രയെ ഇഷ്ടപ്പെടുന്ന കേരളീയർ ഏറ്റെടുക്കണമെന്നും ഞാൻ വിചാരിച്ചിരുന്നു. പിന്നീട് ഗൂഗിൾ ചെയ്യുമ്പോഴാണ് എന്റേത് മാതിരിയുള്ള നിരവധി സംഭവങ്ങൾ റെയിൽവേ സ്റ്റേഷനിൽ വച്ച് നടന്നിട്ടുണ്ട് എന്ന് അറിയുന്നത്.
അന്നക്കിളി പറഞ്ഞത് ഒരു 1200 രൂപ അല്ലേ നമ്മൾ എന്തിനെല്ലാം കാശു കളയുന്നു എന്നാണ്. പക്ഷേ ഞാൻ ചിന്തിച്ചത് വെറും ഒരു മിനിറ്റിനുള്ളിൽ മനുഷ്യർക്ക് ഉണ്ടാവുന്ന അനുഭവങ്ങളെ കുറിച്ചാണ്. അതിപ്പോ അപകടങ്ങൾ ആയാലും മരണങ്ങൾ ആയാലും എല്ലാം നടക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷം വരെ നമ്മൾ പ്രതീക്ഷിക്കാത്ത നടന്നുകഴിഞ്ഞാൽ പിന്നെ ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത നിമിഷങ്ങളെ കുറിച്ചാണ്.
എന്തോ ആ പോസ്റ്റിന് എൻറെ സാധാരണ പോസ്റ്റുകളുടെ റീച്ചു പോലും ഉണ്ടായിരുന്നില്ല. (സുക്കറണ്ണനും ആ സ്കാമിന്റെ ഒരു പാർട്ടായിരുന്നോ എന്നാണ് എനിക്ക് ഇപ്പോൾ സംശയം),
എന്തായാലും എൻറെ ആഗ്രഹം മനസ്സിലാക്കിയ മാധ്യമം ഏഷ്യാനെറ്റ് റിപ്പോർട്ടർ ഒക്കെ അത് സ്റ്റോറിയാക്കി. (Thank you for all)
പക്ഷേ എന്തിലും നെഗറ്റീവ് കാണുന്ന മനുഷ്യർ അവിടെ എനിക്കുണ്ടായ അനുഭവത്തെക്കുറിച്ചല്ല, ദാദർ സ്റ്റേഷനിൽ ഓട്ടോ ഇല്ല ഓട്ടോ സ്റ്റാൻഡ് ഇല്ല അതുകൊണ്ട് ഞാൻ കള്ളം പറയുന്നതാണ് എന്നൊക്കെയാണ് കമന്റിട്ടുകൊണ്ടിരിക്കുന്നത്. സുഹൃത്തുക്കൾക്ക് ഞാൻ മറുപടി പറഞ്ഞു കഴിഞ്ഞു. മുംബൈയും ദാദറും ഒക്കെ മോഹൻലാൽ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഞാൻ ആദ്യമായി പോയ സ്ഥലം. ഇറങ്ങി ആദ്യമിനിറ്റിൽ നടന്ന അനുഭവം ഡീറ്റെയിൽസ് ഒന്നും ശ്രദ്ധിക്കാനോ ഓർത്തെടുക്കാനോ ആവുന്നില്ല. ഇങ്ങനെയൊന്ന് അനുഭവിച്ചിട്ടുണ്ട് , അത് അത്യാവശ്യം സാമ്പത്തിക സ്ഥിരതയുള്ള ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി ഇല്ലെങ്കിലും നമ്മൾ കബളിപ്പിക്കപ്പെട്ടു എന്നൊരു അങ്കലാപ്പ് കുറേ സമയത്തേക്ക് ഉണ്ടായി.
ആ വാഹനം നമ്മുടെയൊക്കെ നാട്ടിലെ അംബാസഡറിന്റെ ആകൃതി പോലും ആയിരുന്നില്ല. ഇവിടുത്തെ ഡീസൽ ഓട്ടോയുടെ വലിയൊരു മാതൃക. സാധാരണ ഓട്ടോ പോലെയല്ല ബാക്കിൽ സീറ്റിന് പിറകിലായി നല്ലതുപോലെ ലഗേജ് കൊള്ളുന്ന ഭാഗവും കൂടിയുണ്ട്. എന്നാൽ ഫ്രണ്ടിൽ ആണെങ്കിൽ ഡ്രൈവർ സീറ്റിനൊപ്പം ഒരു സീറ്റ് കൂടി എക്സ്ട്രായും ഉണ്ട്. (അത് സാധാരണ ഇവിടുത്തെ ഓട്ടകളിൽ കാണാറില്ലല്ലോ)
അതിനെ ഓട്ടോ എന്ന് വിളിക്കാനാണ് ഇപ്പോഴും എനിക്ക് തോന്നുന്നത്. അത് ലോണാവാലയിൽ നിന്നും മുംബൈയിലേക്ക് വരുന്ന പ്ലാറ്റ്ഫോമിൽ നിന്നും ഇറങ്ങുമ്പോൾ വലതുവശത്ത് ആദ്യം കിടക്കുന്ന വണ്ടിയായിരുന്നു. ഇപ്പോൾ എനിക്ക് തോന്നുന്നത് അത് ഓടാത്ത പറ്റിക്കപ്പെടാൻ വിധിക്കപ്പെട്ട മനുഷ്യർക്കുവേണ്ടി രംഗ സജ്ജീകരണം നടത്തി സ്ഥിരമായി അവിടെ കിടക്കുന്ന ഒരു വാഹനമായിരിക്കും എന്നാണ്.
എൻറെ പൊന്നു മനുഷ്യരെ .....
ദാദറിലെ നിയമങ്ങളെക്കുറിച്ച് എനിക്ക് ക്ലാസ്സ് എടുക്കരുത്. അതൊന്നുമല്ല ഇവിടുത്തെ വിഷയം ഞങ്ങൾ പറ്റിക്കപ്പെട്ടതാണ് പട്ടാപ്പകലിൽ കൺമുമ്പിൽ നമ്മൾ പോലും അറിയാതെ കൺകെട്ടിന് വിധേയയായതാണ്. അത് ആദ്യത്തെയോ അവസാനത്തെയോ സംഭവമല്ല എന്ന് കമൻറ് ഇടുന്ന സമയം കൊണ്ട് ഗൂഗിൾ ചെയ്താൽ മനസ്സിലാകും.
ഇനി കള്ളം പറയാനാണെങ്കിൽ ദാദറിന്റെ തിരക്കിനിടയിൽ യ്യോ ! ഇത് ഫിലിം സ്റ്റാർ ലാലിയല്ലേ എന്ന് പറഞ്ഞ് ഓടിവന്ന് ചിലർ സെൽഫി എടുത്തു എന്ന് പറഞ്ഞാൽ പോരെ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates