

നടിയും അവതാരകയുമായ ആര്യയുടെ വ്യാപാര സ്ഥാപനത്തിന്റെ പേരില്‍ നടന്നു വന്ന തട്ടിപ്പ് കഴിഞ്ഞ ദിവസമാണ് വാര്‍ത്തയാകുന്നത്. തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് കരുതപ്പെടുന്നത്. പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയതായി ആര്യ അറിയിച്ചിരുന്നു. എന്നാല്‍ തട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തയെ ചിലരൊക്കെ തന്റെ ബുട്ടീക്കിന്റെ പരസ്യമായിട്ടാണ് കരുതുന്നതെന്നാണ് ആര്യ പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ആര്യയുടെ പ്രതികരണം. തന്റെ വാര്‍ത്തയുടെ താഴെ വന്ന കമന്റുകള്‍ ചൂണ്ടിക്കാണിച്ചാണ് ആര്യയുടെ പ്രതികരണം. 'ചെലവ് ഇല്ലാതെ ഇങ്ങനേയും പരസ്യം ചെയ്യാം, കപ്പലില്‍ തപ്പ് അപ്പോ കള്ളനെ കിട്ടും, കച്ചവടം കുറവാണ് അതിനാണ്, ചുളുവില്‍ ഒരു പരസ്യം' എന്നിങ്ങനെയുള്ള കമന്റുകള്‍ ചൂണ്ടിക്കാണിച്ചാണ് ആര്യ പ്രതികരിക്കുന്നത്.
''നമ്മുടെ ബ്രാന്‍ഡുമായി ബന്ധപ്പെട്ട് നടക്കുന്ന വലിയൊരു തട്ടിപ്പ്. തുടങ്ങിയിട്ട് മാസങ്ങളായി. മെയ് മാസത്തിലാണ് ആദ്യത്തെ കേസ് കണ്ടുപിടിക്കുന്നത്. കുറേ പേര്‍ ഈ തട്ടിപ്പില്‍ പെട്ടുപോയിട്ടുണ്ട്. കുറേ പേര്‍ക്ക് പൈസ നഷ്ടപ്പെട്ടു. ഇപ്പോഴാണ് മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നതും ആളുകളിലേക്ക് എത്തുന്നതും. ഇങ്ങനൊരു തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ജനങ്ങള്‍ അറിയുന്നത് ഇപ്പോഴാണ്. ചാനലുകാര്‍ ഷോപ്പിലേക്ക് വന്നു. ഞങ്ങള്‍ വിവരങ്ങള്‍ കൈമാറി. അത് ന്യൂസ് റിപ്പോര്‍ട്ടായി പുറത്ത് വന്നു. ഞാന്‍ വളരെ സന്തുഷ്ടയായി. കാരണം മുഖ്യധാര ചാനലില്‍ വന്നാല്‍ മാത്രമേ ആളുകളിലേക്ക് എത്തുകയുള്ളൂ. എന്നാലേ അവര്‍ പറ്റിക്കപ്പെടാതിരിക്കൂ.'' ആര്യ പറയുന്നു.
''അങ്ങനെയാണ് കഴിഞ്ഞ ദിവസം ചാനലുകാര്‍ ഞങ്ങളുടെ കടയില്‍ വന്ന് ഷൂട്ട് ചെയ്യുന്നത്. അതിന്റെ വീഡിയോകള്‍ ഇന്ന് അപ്പ്‌ലോഡ് ആയിട്ടുണ്ട്. ഞങ്ങളുടെ ഭാഗത്തു നിന്നുള്ള വിവരങ്ങളാണ് കൈമാറിയത്. അതിന് താഴെ വന്ന കമന്റുകള്‍ കാണണം. എങ്ങനെ സാധിക്കുന്നു എന്നാണ് എനിക്ക് മനസിലാകാത്തത്. എനിക്ക് ചാനലുകാര്‍ രാവിലെ തന്നെ വീഡിയോ അയച്ച് തന്നിരുന്നു. കുറച്ച് കമന്റുകള്‍ വന്ന് കിടപ്പുണ്ടായിരുന്നു. ഞാനത് വായിക്കാന്‍ കയറി. ഈ തട്ടിപ്പില്‍ പെട്ടുപോയ, ഇപ്പോഴും ഇതൊരു തട്ടിപ്പാണെന്ന് തിരിച്ചറിയാത്ത ആരെങ്കിലുമൊക്കെ ഈ വാര്‍ത്ത കണ്ട് കമന്റ് ചെയ്തിട്ടുണ്ടോ എന്നറിയാനായിരുന്നു'' താരം പറയുന്നു.
കമന്റുകള്‍ തുറന്നപ്പോള്‍ തുറക്കണ്ടായിരുന്നു, കാശ് പോയത് പോട്ടെ പണ്ടാരം എന്നാണ് തോന്നിയത്. സത്യം പറഞ്ഞാല്‍ എനിക്ക് അങ്ങനെ തോന്നി. മനുഷ്യരെന്താണ് ഇങ്ങനെ ആയിപ്പോയത്. മനുഷ്യത്വം എന്ന് പറയുന്നത് ഇല്ലാതായിരിക്കുന്നുവെന്നും ആര്യ പറയുന്നുണ്ട്.
ആര്യയുടെ ബുട്ടീക്കിന്റെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കിയാണ് തട്ടിപ്പുകാര്‍ പണം തട്ടിയത്. 15000 രൂപയുടെ വസ്ത്രം 1900 ന് എന്നായിരുന്നു ഓഫര്‍. അത് കണ്ട് വലയില്‍ വീണവര്‍ പണം അയക്കും. പറഞ്ഞ സമയം കഴിഞ്ഞിട്ടും ഓര്‍ഡര്‍ ചെയ്തത് കിട്ടാതെ വരുന്നതോടെയാണ് പറ്റിക്കപ്പെട്ടുവെന്ന് തിരിച്ചറിയുക. ഇത്തരത്തില്‍ പറ്റിക്കപ്പെട്ടവരില്‍ നിന്നാണ് തട്ടിപ്പിനെക്കുറിച്ച് ആര്യ അറിയുന്നത്. തുടര്‍ന്നാണ് താരം പൊലീസിനെ സമീപിക്കുന്നത്. കാഞ്ചീവരം എന്ന തന്റെ ബുട്ടീക്കിന്റെ പേരില്‍ 20 ഓളം വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്നും ആര്യ പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates