

ഒരു സിനിമയില്‍ നവാസുദ്ദീന്‍ സിദ്ധീഖി പറയുന്നുണ്ട്, 'മരണത്തെ തൊട്ട് തിരിച്ചുവന്നു' എന്ന്. നവാസ് പറഞ്ഞ വാക്കുകളുടെ ജീവിക്കുന്ന രൂപമാണ് അമിതാഭ് ബച്ചന്‍. മരണത്തെ തൊടുക മാത്രമല്ല, മരണത്തിന്റെ കൈ പിടിച്ച് അല്‍പ്പ ദൂരം നടക്കുകയും ചെയ്താണ് അമിതാഭ് ബച്ചന്‍ തിരികെ വന്നത്. അതിന്റെ ബാക്കിപത്രമായി ബച്ചന്റെ ദേഹത്തെ മുറിപ്പാട് മാത്രമല്ല ഉള്ളത്.
അമിതാഭ് ബച്ചന്റെ കൈത്തണ്ടയില്‍ പള്‍സ് കിട്ടില്ല. തന്റെ ദേഹത്ത് നടത്തേണ്ടി വന്ന തുടര്‍ ശസ്ത്രക്രിയകളുടെ ഫലമായാണ് ബച്ചന്റെ കൈത്തണ്ടയിലെ പള്‍സ് നഷ്ടമാകുന്നത്. മുമ്പൊരിക്കല്‍ കോന്‍ ബനേഗ കറോര്‍പതിയില്‍ വച്ചാണ് ബച്ചന്‍ ഇതേക്കുറിച്ച് മനസ് തുറന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നടി അതിഥി ഗുപ്ത താരത്തിന്റെ കൈത്തണ്ടയിലെ പള്‍സ് നോക്കാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തതോടെയാണ് താരം തനിക്ക് സംഭവിച്ചത് വെളിപ്പെടുത്തിയത്.
''നിങ്ങള്‍ക്ക് അവിടെ പള്‍സ് കിട്ടില്ല, കാരണം എന്റെ കൈത്തണ്ടയില്‍ പള്‍സ് ഇല്ല. 1982 ല്‍ കൂലിയുടെ ചിത്രീകരണത്തിനിടെ ഒരു അപകടമുണ്ടായി. ഞാന്‍ ഏറെനാള്‍ ആശുപത്രിയിലായിരുന്നു. അവര്‍ എല്ലാ അര മണിക്കൂറിലും ടെസ്റ്റ് ചെയ്യാനായി എന്റെ ദേഹത്തു നിന്നും രക്തമെടുത്തിരുന്നു. അങ്ങനെ നിരന്തരം മുറിപ്പെടുത്തിയതോടെയാണ് എന്റെ കൈത്തണ്ടയില്‍ പള്‍സ് ഇല്ലാതായത്. ഇപ്പോള്‍ എനിക്ക് കഴുത്തില്‍ മാത്രമേ പള്‍സ് ഉള്ളൂ'' എന്നാണ് ബച്ചന്‍ പറഞ്ഞത്.
അമിതാഭ് ബച്ചന്റെ ജന്മദിനമാണിന്ന്. ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിയ്ക്ക് ഇന്ന് 83 തികയുകയാണ്. ജീവിതത്തിന്റെ ഈ ഘട്ടത്തിലും യുവാക്കളെ പോലും പിന്നിലാക്കുന്ന ഊര്‍ജ്ജവും കൊതിയുമായി ബച്ചന്‍ സിനിമയെ വാരിപ്പുണരുകയാണ്. വേട്ടയ്യാനിലാണ് അമിതാഭ് ബച്ചനെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. 120 ബഹാദൂര്‍, രാമയണ തുടങ്ങിയവയാണ് ബച്ചന്റേതായി അണിയറയിലുള്ള സിനിമകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates