

ലോകമെമ്പാടും ആരാധകരുള്ള നടനാണ് അമിതാഭ് ബച്ചൻ. തന്റെ വ്യക്തിപരമായ വിശേഷങ്ങളും സന്തോഷങ്ങളുമൊക്കെ ബിഗ് ബി ബ്ലോഗിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അണ്ടർ19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ തകർപ്പൻ ജയത്തിൽ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബിഗ് ബി. തിളക്കമേറിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ ലോക വേദികളിലെ ഇന്ത്യയുടെ സ്ഥാനം എങ്ങനെ മാറിയെന്ന് വ്യക്തമാക്കുന്ന കുറിപ്പും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചു.
ഒരു ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാനായി വിദേശത്തേക്ക് യാത്ര ചെയ്ത അവസരത്തിൽ നേരിടേണ്ടിവന്ന ദുരനുഭവമാണ് അദ്ദേഹം തുറന്നു പറഞ്ഞത്. മോശമായ അനുഭവം നേരിടേണ്ടി വന്ന വിദേശരാജ്യം ഏതാണെന്ന് അമിതാഭ് ബച്ചൻ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആ സംഭവം തന്നിൽ വലിയ സ്വാധീനം ചെലുത്തിയെന്ന് താരം പറയുന്നു. "വിമാന യാത്രയ്ക്കിടെ എന്റെ സിനിമകളിലൊന്നിലെ ചിത്രമുള്ള ഒരു പത്രം ശ്രദ്ധയിൽപ്പെട്ടു.
ഭാഷ അറിയാത്തതിനാൽ, പത്രത്തിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് എയർ ഹോസ്റ്റസിനോട് ചോദിച്ചു. അതൊരു ഇന്ത്യൻ സിനിമയുടെ പോസ്റ്ററാണെന്നും ആ സിനിമയിൽ അഭിനയിച്ച നടൻ ഈ രാജ്യത്തേക്ക് വരുന്നതിനെക്കുറിച്ചാണ് പത്രവാർത്തയെന്നും അവർ പറഞ്ഞു. തീർത്തും അപ്രതീക്ഷിതമായ സംഭവങ്ങളാണ് വിമാനം ഇറങ്ങിയപ്പോൾ നടന്നത്. വിമാനത്തിൽ നിന്ന് ഇറങ്ങിയ ഉടൻ ജനക്കൂട്ടം വളഞ്ഞു. ഇതോടെ ഇമിഗ്രേഷൻ കൗണ്ടറിലേക്ക് എത്താൻ പോലും കഴിഞ്ഞില്ല.
സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ അധികാരികൾക്ക് ഇടപെടേണ്ടി വന്നു. വൻ ജനക്കൂട്ടം എന്നെ ചുറ്റിപ്പറ്റി നിന്നു. നടക്കാൻ പോലും കഴിയാത്ത അവസ്ഥ. ഇതോടെ പൊലീസ് ഇടപെട്ട് ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ഹോട്ടലിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പിന്നീട് ഹോട്ടലിൽ വെച്ചാണ് പൂർത്തിയായത്. വൻ ജനക്കൂട്ടത്തിനിടയിൽപ്പെട്ട് തനിക്ക് ശ്വാസംമുട്ടേണ്ടി വന്നു.
അതോടെ ആ രാജ്യത്ത് തുടർന്ന ദിവസങ്ങളിലെല്ലാം ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുമ്പോഴും പുറത്ത് ഇറങ്ങുമ്പോൾ പോലും പൊലീസിന്റെയും പട്രോളിംഗ് വാഹനങ്ങളുടെയും അകമ്പടി ഉണ്ടായിരുന്നു. അതിനിടെ ആ രാജ്യത്തെ ഒരു മാധ്യമത്തിൽവന്ന ലേഖനം തന്നെ ഞെട്ടിച്ചു.
അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു: 'എന്തുകൊണ്ടാണ് ഒരു മൂന്നാംകിട രാജ്യത്തുനിന്നുള്ള ഈ മൂന്നാംകിട നടന് ഇത്രയധികം ശ്രദ്ധ നൽകുന്നത്?' തന്നെക്കുറിച്ചുള്ള വ്യക്തിപരമായ വിമർശനം അംഗീകരിക്കാൻ കഴിയുമെങ്കിലും, ഇന്ത്യയെക്കുറിച്ചുള്ള പരാമർശം വളരെ വേദനിപ്പിച്ചുവെന്ന് ബച്ചൻ പറയുന്നു. 'മൂന്നാംകിട നടൻ' എന്ന പരാമർശം എനിക്ക് സ്വീകാര്യമായിരുന്നു. 'പക്ഷേ ഇന്ത്യയെ മൂന്നാം ലോക രാജ്യമെന്ന് വിളിച്ചത് വേദനിപ്പിച്ചു". - അദ്ദേഹം ബ്ലോഗിൽ കുറിച്ചു.
എന്നാൽ പിന്നീട് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് മുന്നിലുള്ള രാജ്യത്തിന്റെ പ്രതിച്ഛായ നാടകീയമായി മാറ്റിയെന്ന് ബച്ചൻ ചൂണ്ടിക്കാട്ടി. 'U19 ക്രിക്കറ്റിൽ ഇന്ത്യ, ലോക ചാംപ്യന്മാർ. കാഴ്ചയില്ലാത്തവരുടെയും, വനിതാ, പുരുഷ ക്രിക്കറ്റിലും എല്ലാം ലോക ചാംപ്യന്മാർ. ഞങ്ങൾ ഒന്നാം സ്ഥാനത്താണ്. ലോകത്തിൽ ഒന്നാമത്. ഞങ്ങൾ ഇനി മൂന്നാം ലോക രാജ്യമില്ല. ഞങ്ങൾ ഒരു ഒന്നാം ലോക രാജ്യമാണ്.' 'ഭാരത് മാതാ കി ജയ്!'- അമിതാഭ് ബച്ചൻ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates