

പൊറോട്ടയിൽ വരെ സ്ത്രീകൾ വിവേചനം നേരിടുന്നുണ്ടെന്ന നടി അനാർക്കലി മരിക്കാറിന്റെ വാക്കുകൾ വലിയ ചർച്ചയായിരുന്നു. വീട്ടിൽ പൊറോട്ട വാങ്ങിയാൽ അത് ആദ്യം ആണുങ്ങൾക്കു കൊടുക്കുമെന്നും ബാക്കിയുണ്ടെങ്കിൽ മാത്രമേ സ്ത്രീകൾക്ക് നൽകുകയുള്ളൂ എന്നുമാണ് അനാർക്കലി പറഞ്ഞത്. ഇപ്പോൾ അതിൽ പ്രതികരണവുമായി അനാർക്കലിയുടെ അമ്മയും നടിയുമായ ലാലി പിഎം രംഗത്തെത്തിയിരിക്കുകയാണ്. കുറച്ചു മാത്രം ഉള്ള പൊറോട്ട ആൺകുട്ടികൾക്ക് കൊടുക്കാം എന്ന് തീരുമാനിക്കുന്നതിന്റെ നീതികേടിനെ കുറിച്ചാണ് അവൾ പറയുന്നത് എന്നാണ് ലാലി ഫെയ്സ്ബുക്കിൽ കുറിച്ചത്. റീമ കല്ലിങ്കൽ പൊരിച്ച മീനിന്റെ കാര്യത്തിൽ പറയാൻ ശ്രമിച്ചതും ഇതുതന്നെയാണെന്നും ലാലി കൂട്ടിച്ചേർത്തു.
ലാലിയുടെ കുറിപ്പ് വായിക്കാം
വളരെ ചെറിയ മനോവ്യാപാരങ്ങളും പ്രവർത്തനമണ്ഡലങ്ങളും ഉള്ള ഒരു കുഞ്ഞു കുട്ടിക്ക് അവൻറെ പൊട്ടിയ ബലൂണും കിട്ടാതെ പോയ കോഴിക്കാലും രുചിയുടെ ത്രാസിൽ തൂക്കി നോക്കിയപ്പോൾ ചോറിനേക്കാള്‍ ഒരു പിടി മുന്നിൽ നിൽക്കുന്ന പൊറോട്ടയും ഒക്കെ സങ്കടങ്ങൾ തന്നെയാണ്. നിങ്ങളുടെ ഇപ്പോഴത്തെ സാമൂഹ്യ ചിന്തകന്റെയൊ ആക്ടിവിസ്റ്റിൻറയോ കണ്ണിൽക്കൂടി നോക്കിയാൽ "ഓ അതാണോ ഇപ്പോൾ വലിയ വിഷയം.? ലോകത്ത് എത്രയോ മനുഷ്യര് പട്ടിണി കിടക്കുന്നു. ചോറെങ്കിലും കിട്ടിയില്ലേ എന്ന് സമാധാനിക്കൂ" എന്നൊക്കെ പറയാൻ തോന്നും. 
ഏതെങ്കിലും ആഘോഷങ്ങൾക്ക് ഒന്നിച്ചുകൂടിയ ഒരു കൂട്ടുകുടുംബത്തിലെ ആൺമക്കളുടെയും  പെൺമക്കളുടെയും ഒരേ പ്രായത്തിലുള്ള കുട്ടികളെ സങ്കൽപ്പിക്കുക. അതിൽ ആണും പെണ്ണും ഉണ്ടാകാം. നമ്മുടെയൊക്കെ കുടുംബത്തിൽ ശീലിച്ചിട്ടുള്ളത് പോലെ ഭക്ഷണം വിളമ്പുമ്പോൾ ആദ്യം വീട്ടിലെ പുരുഷ അംഗങ്ങൾക്ക് വിളമ്പുക അവർക്കൊപ്പം ആൺകുട്ടികളെയും ഇരുത്തുക. കുറച്ചു മാത്രം ഉണ്ടാക്കിയ പൊറോട്ടയും കറിയും ഒക്കെ അവർക്കും വിളമ്പി വീട്ടിലെ സ്ത്രീ അംഗങ്ങൾക്കും പെൺകുട്ടികൾക്കും ചോറും മതിയല്ലോ എന്നൊരു തീരുമാനത്തിൽ വീട്ടിലെ മുതിർന്നവർ എത്തി എന്ന് വിചാരിക്കുക ഈ തീരുമാനം മിക്കവാറും വീട്ടിലെ മുതിർന്ന സ്ത്രീകളുടേത് തന്നെയാകും അതും ഉറപ്പാണ്. പുരുഷന്മാർക്ക് ഇതിൽ ഒരു പങ്കും ഉണ്ടാവില്ല അതും ശരിയാണ്. കാരണം സമൂഹത്തിലെ രണ്ടാം തരം പൗരന്മാരായി സ്ത്രീകളെ പ്രതിഷ്ഠിക്കാൻ എല്ലാവിധ പരിശീലനവും കൊടുത്താണ് പുരുഷാധിപത്യം ഓരോ സ്ത്രീയെയും വളർത്തിയെടുക്കുന്നത്. 
ഇങ്ങനെ ഉള്ള ഒരു സാഹചര്യത്തിലെ അവിടത്തെ പെൺകുട്ടികൾക്ക് ഉണ്ടായ ദേഷ്യത്തെക്കുറിച്ച് വിഷമത്തെക്കുറിച്ചും പരാതിയെക്കുറിച്ചും ആണ് അനാർക്കലി ഒരു ഇന്റർവ്യൂവിൽ പറയാൻ ശ്രമിച്ചത്. അത് ചിലപ്പോൾ അവൾ പൊറോട്ട കഴിക്കാത്തത് കൊണ്ടോ കാണാത്തതുകൊണ്ടോ അല്ല. കുറച്ചു മാത്രം ഉള്ള പൊറോട്ട ആൺകുട്ടികൾക്ക് കൊടുക്കാം എന്ന് തീരുമാനിക്കുന്നതിന്റെ നീതികേടിനെ കുറിച്ചാണ് അവൾ പറയുന്നത് അതുതന്നെയായിരുന്നു കുറെ നാൾ മുമ്പ് റീമ കല്ലിങ്കലും പറയാൻ ശ്രമിച്ചത്.  അത് അവർക്ക് സാഹചര്യത്തിൽ ഉണ്ടായ വിഷമമാണ് ഇങ്ങനെയുള്ള അനേകം വിവേചനങ്ങൾ കണ്ടതിൽ ഒന്ന് പറഞ്ഞതാണ്. 
അതിനെ നിങ്ങൾ തിന്നിട്ട്എല്ലിന് ഇടയിൽ കയറിയതെന്നോ, ഒരു പൊറോട്ടയോ പൊരിച്ച മീനോ ഒരു വലിയ വിഷയമാണോ എന്നോ, ലോകത്ത് അനേകം പട്ടിണിപ്പാവങ്ങൾ ജീവിച്ചിരിക്കുമ്പോൾ ഇവളുമാരുടെ കുത്തൽ എന്നോ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ജീവിതത്തിൽ എപ്പോഴെങ്കിലും നിങ്ങൾ അനുഭവിച്ച ഒരു വിവേചനത്തെ പറ്റി ഓർമ്മയുണ്ടെങ്കിൽ അന്നത്തെ മാനസികാവസ്ഥയിലേക്ക് തിരിച്ചു പോയാലേ പറ്റൂ... 
അനാർക്കലിയെയോ റീമയെയോ കളിയാക്കാൻ അല്ല ഞാൻ ആ ലിങ്ക് ഷെയർ ചെയ്തത്. എൻറെ കുട്ടിയെ ഞാൻ അത്രയും സ്വാതന്ത്ര്യ ബോധത്തോടെ തന്നെ വളർത്തിയതാണ് അങ്ങനെ ഒരു വിവേചനം അനുഭവിച്ചാൽ അപ്പോൾ തന്നെ അതിനു സമാധാനം ചോദിക്കാൻ അവൾ പ്രാപ്തയുമാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
