

അവതാരകനും നടനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരവേ വൈകാരികമായ കുറിപ്പ് പങ്കുവച്ച് സുഹൃത്തും ചലച്ചിത്ര പ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മി. ഡോക്ടർമാർ പറഞ്ഞതനുസരിച്ച് രാജേഷിന് പ്രിയപ്പെട്ട ശബ്ദങ്ങൾ കേൾപ്പിക്കുന്നുണ്ടെന്ന് പ്രതാപ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
രാജേഷിനെ ഉണർത്താൻ ശബ്ദ സന്ദേശം അയച്ചവരിൽ അവന് പ്രിയപ്പെട്ട ലാലേട്ടനും, സുരേഷേട്ടനുമൊക്കെയുണ്ടെന്നും അദ്ദേഹം കുറിച്ചു. രാജേഷിനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച ആയെന്നും ഇനിയും കാത്തിരിക്കാൻ വയ്യെന്നും പ്രതാപ് കുറിച്ചിട്ടുണ്ട്. അതേസമയം രാജേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി വ്യാഴാഴ്ച മെഡിക്കൽ ബുള്ളറ്റിനിലൂടെ ഡോക്ടർമാർ അറിയിച്ചിരുന്നു.
രക്തസമ്മര്‍ദം സാധാരണ നിലയില്‍ തുടരുകയാണെന്നും അദ്ദേഹം സ്വയം ശ്വാസമെടുക്കാന്‍ തുടങ്ങിയതായും വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരടങ്ങിയ സംഘത്തിന്റെ നിരീക്ഷണം തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
അടുത്തിടെയാണ് ഒരു പരിപാടിയ്ക്കിടെ രാജേഷ് കേശവ് വേദിയിൽ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ മരടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുഴഞ്ഞുവീണ ഉടന്‍ ഹൃദയാഘാതമുണ്ടായി. ആശുപത്രിയില്‍ എത്തിച്ച് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഞങ്ങൾ രാജേഷിനെയും കാത്തിരിക്കാൻ തുടങ്ങീട്ട് രണ്ടാഴ്ച. ഇതിനിടയിൽ ഈ ICU വിന് മുന്നിൽ പ്രിയപ്പെട്ടവരെയും കാത്തിരുന്ന ഒരുപാടു പേർ രോഗമുക്തരായി സമാധാന മുഖത്തോടെ നടന്നകന്നു. എന്നിട്ടും നമ്മുടെ ചങ്ങാതി ഇപ്പോഴും ആ കൊടും തണുപ്പിൽ കണ്ണടച്ച് കിടക്കുവാണ്.
ഡോക്ടർ പറഞ്ഞതനുസരിച്ച് അവന് പ്രിയപ്പെട്ട ശബ്ദങ്ങൾ ഒക്കെ സാദാ കേൾപ്പിക്കുന്നുണ്ട്. രാജേഷിനെ ഉണർത്താൻ ശബ്ദ സന്ദേശം അയച്ചവരിൽ അവന് പ്രിയപ്പെട്ട ലാലേട്ടനും, സുരേഷേട്ടനുമുണ്ട്, SKN, സുരാജുമുണ്ട്, ഇനിയും പലരും അയക്കാമെന്നു പറഞ്ഞിട്ടുണ്ട്. ICU ലെ കാരുണ്യം നിറഞ്ഞ സിസ്റ്റർമാർ സമയം കിട്ടുമ്പോഴേക്കെ രാജേഷ് anchor ചെയ്ത പരിപാടികളും പാട്ടുകളുമൊക്കെ കേൾപ്പിക്കുന്നുണ്ട്.
ലോകത്തിന്റെ പല ഭാഗത്തു നിന്നും ഒരുപാടു പേർ സുഖവിവരം അന്വേഷിച്ചു വിളിക്കുന്നു, മെസ്സേജ് അയക്കുന്നു, എല്ലാവരോടും സമയത്തിന് മറുപടി നൽകാൻ കഴിയാത്തത്തിൽ ക്ഷമിക്കണം. നിങ്ങളുടെ പ്രാർത്ഥനകൾ, സ്നേഹം ഒക്കെ അവനെ ഇത്രയും സഹായിച്ചു. അത് തുടരുക. അവന്റെ ഉപബോധ മനസ്സ് എല്ലാം കാണുണ്ടാവും.. കേൾക്കുന്നുണ്ടാവും... എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അവൻ വരും... പ്രിയ രാജേഷ്..നീ ഒന്ന് കണ്ണു തുറക്കാൻ.. ഇനിയും കാത്തിരിക്കാൻ വയ്യെടാ..ഒന്ന് പെട്ടന്ന് വാ മച്ചാ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates