

ഓപ്പൺ എഐയുടെ സിഇഒ സാം ആൾട്ട്മാന്റെ ബയോപിക് റിലീസിനായി ഒരുങ്ങുകയാണ്. 'ആർട്ടിഫിഷ്യൽ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സാം ആൾട്ട്മാനായെത്തുന്നത് നടൻ ആൻഡ്രൂ ഗാർഫീൽഡ് ആണ്. ഇപ്പോഴിതാ 'ആർട്ടിഫിഷ്യ'ലിനെക്കുറിച്ച് ആൻഡ്രൂ അടുത്തിടെ ഒരഭിമുഖത്തിൽ പങ്കുവച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ആൾട്ട്മാനായി അഭിനയിച്ചതിന് പിന്നാലെ താൻ ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് പൂർണമായും നിർത്തിയെന്നാണ് നടൻ വെളിപ്പെടുത്തിയത്. ഈ ചിത്രത്തിനായി സാം ആൾട്ട്മാന്റെ വേഷം പഠിക്കുകയും അതിലേക്ക് ആഴത്തിൽ ഇറങ്ങുകയും ചെയ്തത് തന്റെ വ്യക്തി ജീവിതത്തെ സ്വാധീനിച്ചതായി അദ്ദേഹം പറഞ്ഞു.
എഐയെ കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് അവതാരകൻ ചോദിച്ചപ്പോഴാണ് ആൻഡ്രൂ ഗാർഫീൽഡ് ഇക്കാര്യം പറഞ്ഞത്. എഐയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാസങ്ങളോളം താൻ മുഴുകിയിരുന്നതിനാൽ, ആ സാങ്കേതികവിദ്യയുടെ വർധിച്ചു വരുന്ന സ്വാധീനത്തെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്താൻ തന്നെ പ്രേരിപ്പിച്ചുവെന്നും നടൻ കൂട്ടിച്ചേർത്തു.
തന്റെ കരിയറിലെ തന്നെ മറ്റൊരു സിനിമയുടെ കാര്യവും ആൻഡ്രൂ എടുത്ത് പറഞ്ഞു. "ദ് സോഷ്യൽ നെറ്റ്‌വർക്ക്' (2010) എന്ന സിനിമ ചെയ്തപ്പോഴുണ്ടായ അതേ അനുഭവം തന്നെയാണ് എനിക്ക് ഈ സിനിമ ചെയ്തപ്പോഴും ഉണ്ടായത്. ആ സിനിമ ചെയ്തിരുന്ന സമയത്ത്, വളരെ പെട്ടെന്ന് തന്നെ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു. ഈ സിനിമ ചെയ്തപ്പോൾ ഞാൻ ഉടനെ തന്നെ ചാറ്റ്ജിപിടിയും ഉപേക്ഷിച്ചു.
അത് എന്തുകൊണ്ടാണെന്ന് കൃത്യമായി വിശദീകരിക്കാൻ പോലും എനിക്കറിയില്ല. പക്ഷേ, കാര്യങ്ങൾ കൂടുതൽ അറിയുന്തോറും, നമ്മൾ തികച്ചും അജ്ഞാതമായ ഒരു മേഖലയിലേക്കാണ് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് കൂടുതൽ മനസിലായി".- ആൻഡ്രൂ ഗാർഫീൽഡ് പറഞ്ഞു.
സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖരടക്കം പലരും, എഐയുടെ വളർച്ച ഒടുവിൽ എവിടേക്കാണ് നയിക്കുക എന്ന് മനസിലാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഗാർഫീൽഡ് വ്യക്തമാക്കി. "നല്ലതും സുതാര്യവുമായ ഒരു കാര്യമായി അവർ പറഞ്ഞതിൽ എനിക്ക് തോന്നുന്നത് ഇതാണ്: 'ആർക്കൊക്കെയാണ് ജോലി നഷ്ടപ്പെടാൻ പോകുന്നതെന്നോ സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ഒരു സമ്പദ്‌വ്യവസ്ഥ എങ്ങനെ സൃഷ്ടിക്കാമെന്നോ ഞങ്ങൾക്കും വലിയ ധാരണയില്ല.
പക്ഷേ, ഞങ്ങൾ അത് കണ്ടെത്തും'.- എന്നതാണ്. അത് ഗംഭീരമായിരിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു".- ആൻഡ്രൂ കൂട്ടിച്ചേർത്തു. ലൂക്ക ഗ്വാഡാഗ്നിനോ 'ആർട്ടിഫിഷ്യൽ' സംവിധാനം ചെയ്യുന്നത്.
2023 ൽ ഓപ്പൺ എഐയിൽ അരങ്ങേറിയ നാടകീയമായ നേതൃമാറ്റങ്ങളും പുറത്താക്കലുകളും തുടർന്ന് അഞ്ച് ദിവസത്തിനകം അദ്ദേഹം തിരിച്ചെത്തിയതുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഈ വർഷം ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുക. ഐക്ക് ബാരിൻഹോൾട്സ് ആണ് ചിത്രത്തിൽ ഇലോൺ മസ്ക് ആയെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates