'വൈറ്റ്ഷർട്ട് ഇട്ടു വന്ന അവൻ കല്യാണച്ചെക്കനായി, അതിനുശേഷം ഇന്നുവരെ അനൂപ് സത്യന് കല്യാണം കഴിക്കാൻ സാധിച്ചിട്ടില്ല'

സിനിമയെ വെല്ലുന്ന തന്റെ കല്യാണക്കഥയാണ് അനുരഞ്ജ് പങ്കുവച്ചത്
anoop sathyan
അനുരഞ്ജ് പ്രേംജിയ്ക്കും ഭാര്യയ്ക്കുമൊപ്പം അനൂപ് സത്യൻ ഫെയ്സ്ബുക്ക്
Updated on
3 min read

സംവിധായകൻ അനൂപ് സത്യന്റെ സുഹൃത്തിന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അനുരഞ്ജ് പ്രേംജി എന്ന സുഹൃത്തിന്റേതാണ് കുറിപ്പ്. സിനിമയെ വെല്ലുന്ന തന്റെ കല്യാണക്കഥയാണ് അനുരഞ്ജ് പങ്കുവച്ചത്. വിവാഹ വാഹനത്തിന്റെ സാരഥിയായി എത്തിയത് അനൂപ് സത്യനായിരുന്നു. യാത്രയിൽ ഇവരെ കാത്തിരുന്നത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു.

അനുരഞ്ജിന്റെ കുറിപ്പ് വായിക്കാം

10 വർഷങ്ങൾക്കു മുൻപ്

തൃശൂർ,ആലപ്പുഴ,എറണാകുളം,പാലക്കാട്,

കോഴിക്കോട് ജില്ലകൾ മൊത്തത്തിൽ കല്യാണം ആലോചിച്ച എനിക്ക് അവസാനം കോഴിക്കോടിന്റെ അറ്റത്തു, മാഹിയുടെ തൊട്ടു അടുത്ത് കുഞ്ഞിപ്പള്ളിയിൽ നിന്നു ഒരാളെ കിട്ടി...ശ്രുതി ഡെന്റിസ്റ്റ് ആണ്.

കല്യാണ ദിവസം ഇത്രയും ദൂരം ഡ്രൈവ് ചെയ്യുന്നത് കല്യാണചെക്കന് നല്ലതല്ല എന്ന് സുഹൃത്ത് അനൂപ് സത്യന്റെ ഉപദേശം.

180 km ഡ്രൈവിംഗ് ജോലി അപ്പോൾ തന്നെ അനൂപിനെ ഏൽപ്പിച്ചു.

കല്യാണ ദിവസം ഒരു വൈറ്റ് ഷർട്ടുമിട്ടു ഡ്രൈവ് ചെയ്യാൻ വന്ന അനൂപിനെ കണ്ടു, ബന്ധുക്കളെയും,നാട്ടുകാരെയും തള്ളി നിറച്ച ടൂറിസ്ററ് ബസിലെ ഡ്രൈവർ ചേട്ടനു വരെ കുശുമ്പ് വന്നു.

കറക്റ്റ് ഒരു പ്രൊഫെഷണൽ ഡ്രൈവറുടെ ലുക്ക് !!

രാവിലെ കൃത്യം 6 മണിക്ക് വാടാനപ്പള്ളിയിൽ നിന്ന് മാഹിയിലേക്ക്..

കാറിന്റ മുൻ സീറ്റിൽ ഞെളിഞ്ഞു ഇരുന്നു ഞാൻ യാത്ര തുടങ്ങി. പുറകിൽ അമ്മ, ചേച്ചി (ചേട്ടന്റെഭാര്യ), ചേട്ടന്റെ മോൾ. ആ യാത്ര മലപ്പുറം താനൂർ എത്തിയപ്പോൾ പുറകിലെ സീറ്റിൽ നിന്നും അമ്മ എന്നെ തോണ്ടി വിളിക്കുന്നു. തിരിഞ്ഞു നോക്കിയപ്പോൾ അമ്മയുടെ മുഖത്തു ഒരു പ്രത്യേക തരം മുഖഭാവം.. ഉടൻ കാർ റോഡ്സൈഡിൽ ഒതുക്കുന്നു.. ശർദ്ദിക്കാൻ വരുന്നുണ്ട് എന്ന് അമ്മ കൈ കൊണ്ട് കാണിക്കുന്നു. ഡോർ തുറന്നു അമ്മ പുറത്തേക്കു ഇറങ്ങി.വെള്ളം വാങ്ങാൻ അടുത്ത കടയിലേക്ക് ഞാൻ ഓടി ..വെള്ളം വാങ്ങി തിരിച്ചു വരുമ്പോൾ, കല്യാൺ സിൽക്സിൽ നിന്നു

4 മണിക്കൂർ സമയം ചിലവിട്ടു അമ്മ സെലക്ട് ചെയ്തതും,2 മണിക്കൂർ കൊണ്ട് ബ്യുട്ടീഷൻ ബീന ചേച്ചി ഉടുപ്പിച്ചു കൊടുത്തതും ആയ നല്ല അസ്സല് പട്ടുസാരിയും ഉടുത്തു അമ്മ റോഡ് സൈഡിലെ മണ്ണിൽ കിടക്കുന്നു. ബോധം പോയ അമ്മയെ പൊക്കിയെടുത്തു കാറിൽ കയറ്റി.. ഇത് കണ്ട് ഓടിവന്ന മോർണിംഗ് വാക്ക് ചേട്ടൻ 5 മിനിറ്റ് ആലോചിച്ചതിനു ശേഷം ഒന്നും പറയാതെ നേരെ നടന്നു പോയി..

ഞാൻ എന്തെങ്കിലും പറയേണ്ട സമയം ആയി എന്ന് എനിക്ക് മനസിലായി.

"അനൂപേ.. ഹോസ്പിറ്റലിനു മുന്നിൽ അല്ലാതെ ഈ കാർ നിൽക്കരുത്, സ്പീഡ് ഒരു വിഷയം അല്ല"

100-110 സ്പീഡിൽ കാർ മുരണ്ടു പാഞ്ഞു. അതെ സ്പീഡിൽ ഒരു ബസിനെ ഓവർടേക്ക് ചെയ്യുന്ന അനൂപ്,തൊട്ടു മുന്നിൽ ഒരു കണ്ടെയ്നർ ലോറി ഞങ്ങളുടെ കാറിനെ ഇടിക്കാൻ റെഡി എന്നു പറഞ്ഞു വരുന്നു. ആ സെക്കൻഡിൽ എന്റെ മനസ്സിലൂടെ കല്യാണം മുടങ്ങുന്നത്, കല്യാണം പ്രമാണിച്ചു ഒരാഴ്ച്ച മുൻപ് വാങ്ങിയ സെക്കൻഡ് ഹാൻഡ് BMW കാർ ഇടിച്ചു പപ്പടം ആകുന്നത്, എല്ലാം കടന്നു വന്നു.

അനൂപ് സ്ട്രീയറിങ് കൊണ്ട് ഇടത്തോട്ടും വലത്തോട്ടും ഒരു വെട്ടിക്കൽ !! ഒന്നും സംഭവിക്കാതെ കാർ മുന്നോട്ട്. ഓട്ടോമാറ്റിക് കാർ ആദ്യമായാണ് ഓടിക്കുന്നതെന്നു അനൂപ് തുറഞ്ഞു പറഞ്ഞു. സ്പീഡ് കുറച്ചു കുറക്കാം എന്ന് ഞാനും തുറന്നു പറഞ്ഞു.

കുറേ ദൂരം പോയപ്പോൾ പരപ്പനങ്ങാടിയിൽ ഒരു ഹോസ്പിറ്റൽ കണ്ടു..

ഉടൻ ഹോസ്പിറ്റലിൽ കയറി.. പുതിയതായി ഉദ്ഘാടനം കഴിഞ്ഞു രോഗികളെ കാത്തിരിക്കുന്ന ഒരു ഹോസ്പിറ്റൽ..

മറ്റു രോഗികൾ ആരുമില്ല.. ഹോസ്പിറ്റലിലെ മുഴുവൻ നേഴ്സുമാരും കുറെ ഡോക്ടർമാരും വന്നു അമ്മയെ നോക്കുന്നു.. അമ്മക്ക് അപ്പോഴേക്കും ബോധം വന്നു.. ഡോക്ടർമാർ മാറി നിന്ന് ചർച്ച നടത്തുന്നു.. അവർ എന്റെ അടുത്ത് വന്നു. അമ്മയെ അവിടെ അഡ്മിറ്റ് ചെയ്യണം എന്ന് പറയുന്നു.. കല്യാണത്തിനു പോവാണെന്നും,11.30 നു മാഹിയിൽ എത്തിയില്ലെങ്കിൽ കല്യാണം മുടങ്ങും എന്നും, വേണമെങ്കിൽ തിരികെ വരുമ്പോൾ ഇവിടെ കയറി അഡ്മിറ്റ് ആവാമെന്നും ഞാൻ ഡോക്ടറോട് പറഞ്ഞു. രോഗിയെ വെറും ഡ്രിപ്പ് മാത്രം കൊടുത്തു പറഞ്ഞു വിടേണ്ട വിഷമം ഡോക്ടറുടെ മുഖത്തു തെളിഞ്ഞു കാണാം.

വീണ്ടും 70 - 80 സ്പീഡ്. 10.30നു മാഹി കുഞ്ഞിപ്പള്ളിയിൽ എത്തേണ്ട ഞങ്ങൾ കൃത്യം 45 മിനിറ്റ് ലേറ്റ്.

ശ്രുതിയുടെ വീട്ടിൽ നിന്ന് ഫോൺ കോളുകളുടെ പ്രവാഹം,11.30 വരെയേ മുഹൂർത്തം ഉള്ളു. അത് കഴിഞ്ഞാൽ പിന്നെ കല്യാണം നടക്കില്ല. കൃത്യം 11.10 നു ശ്രുതിയുടെ വീടിന്റെ പരിസരത്തു എത്തി.പെട്ടെന്ന് ആയിരുന്നു അടുത്ത വില്ലന്റെ വരവ്.വീടിന്റെ അര കിലോമീറ്റർ അകലെ വെച്ച് കുഞ്ഞിപ്പള്ളി റെയിൽവേഗേറ്റ് ക്ലോസ്ഡ്...എന്തു ചെയ്യണം എന്നറിയാതെ പകച്ചു ഇരിക്കുന്ന ഞാൻ.. റെയിൽവേ ഗേറ്റിന്റെ അപ്പുറത്തെ സൈഡിൽ നിന്നു ഒരാൾ കൈ വീശുന്നു, ലോട്ടറി വിൽപ്പനക്കാരൻ ആണെന്ന് കരുതി ആദ്യം ഞാൻ മൈൻഡ് ചെയ്തില്ല.. പിന്നീട് ആണ് കാര്യം മനസിലായത്, ശ്രുതിയുടെ വീട്ടുകാർ ഏല്പിച്ച വഴികാട്ടി പെയ്ന്റർ ബിജു ചേട്ടൻ..കാറിൽ നിന്ന് താലിമാലയും കൊണ്ട്

പുറത്തു ഇറങ്ങി മുണ്ട് വളച്ചു കുത്തി റെയിൽവേഗേറ്റ് എടുത്തു ചാടി, ബിജു ചേട്ടന്റെ അടുത്തെത്തി.. ചിറയിൽ പീടികയിലെ ചായപീടികയുടെ സൈഡിൽ കൂടിയുള്ള ഇടവഴിയിലൂടെ പോയാൽ എളുപ്പം ശ്രുതിയുടെ വീട്ടിൽ എത്താമെന്ന് ബിജു ചേട്ടൻ പറഞ്ഞു.. ഒന്നും നോക്കാതെ ഓടി..വഴികാട്ടി ബിജു ചേട്ടൻ മുന്നിലും, പുറകിൽ താലി മാല പിടിച്ചു ഞാനും, കൃത്യം 10 മിനിറ്റ് ബാക്കി ഉള്ളപ്പോൾ ഞാൻ കല്യാണ വീടിന്റെ സൈഡിൽ എത്തി..പന്തലു നിറയെ ആളുകൾ..

എല്ലാവരും മെയിൻ വഴിയിലേക്ക് കല്യാണചെക്കനേയും നോക്കി നിൽക്കുന്നു..വിയർത്തു കുളിച്ചു നിന്ന ഞാൻ എല്ലാവരെയും നോക്കി മാറി

മാറി ചിരിച്ചു..പക്ഷെ ആരും എന്നെ നോക്കി ചിരിക്കുന്നില്ല..ഞാൻ ആണ് കല്യാണചെക്കൻ എന്ന സത്യം ആർക്കും മനസിലായില്ല. കൂടെ മുന്നിൽ ഓടിയിരുന്ന പെയിന്റർ ബിജുചേട്ടനെ ഞാൻ ആളുകൾക്കിടയിൽ തപ്പി, ആളെയും കാണുന്നില്ല.അപ്പോൾ തന്നെ പന്തലിൽ തടിച്ചു കൂടി നിന്നിരുന്ന ആളുകൾ മുഴുവൻ മെയിൻ വഴിയിലേക്ക് നടന്നു പോകുന്നു.റെയിൽവേഗേറ്റ് തുറന്നു മെയിൻ വഴിയിലൂടെ കല്യാണകാർ വരുന്നു.അടുത്ത് നിന്ന് ആരൊക്കെയോ പറയുന്നത് ഞാൻ കേട്ടു, കല്യാണചെക്കൻ വന്നു..

മണ്ടന്മാർ അവിടെ പോയി ചമ്മട്ടെ എന്ന് ഞാനും കരുതി..പന്തലിലെ ഒരു കസേരയിൽ ഞാൻ ഇരുന്നു..ക്യാമറയിൽ നിന്നു വരുന്ന ക്ലിക്ക് ക്ലിക്ക് ശബ്ദം കേട്ടു അതു എന്താണെന്നു മനസിലാവാതെ, പന്തലിന്റെ സൈഡിൽ കെട്ടിയിട്ടുള്ള തുണിയുടെ മുകളിലൂടെ ഞാൻ ഏന്തി നോക്കി, കാറിൽ നിന്ന് ഇറങ്ങുന്ന അനൂപ്, കാർ നിർത്തിയതിന്റെ താഴെ മണ്ണിൽ മലർന്നു കിടന്നു അനൂപിന്റെ ഫോട്ടോ എടുക്കുന്ന ഫോട്ടോഗ്രാഫർ..വൈറ്റ്ഷർട്ട് ഇട്ടു വന്ന അനൂപ് കല്യാണചെക്കൻ ആയി..

താൻ അല്ല കല്യാണചെക്കൻ എന്ന് വായ തുറന്നു കൃത്യമായി പറയാതെ, കൈ കൊണ്ട് വെറുതെ എന്തൊക്കെയോ കാണിച്ചുകൊണ്ട് അനൂപ് നടന്നു വരുന്നു.. പുറകിൽ ചിരിച്ചു കൊണ്ട് എന്റെ അച്ഛൻ, അമ്മ, മറ്റു ബന്ധുക്കൾ.

പന്തലിൽ നിന്ന് ഞാനാണ് കല്യാണചെക്കൻ എന്ന് ഉറക്കെ വിളിച്ചു പറയാൻ തോന്നി.

പക്ഷെ അതിന്റെ ആവശ്യം വന്നില്ല.

കാര്യം മനസിലാക്കി എല്ലാവരും തിരിച്ചു വന്നു എന്നെ നോക്കി പുഞ്ചിരിച്ചു..

2015 ജനുവരി 11 നു കൃത്യം 11.30 നു ഞങ്ങളുടെ കല്യാണം നടന്നു.

കല്യാണം കഴിഞ്ഞു ആഴ്ചകൾക്കകം എനിക്ക് മനസിലായി.. അന്ന് കല്യാണ പന്തലിൽ എന്നെ മനസിലാവാതെ തുറപ്പിച്ചു നോക്കിയിരുന്ന പലരും ശ്രുതിയുടെ അടുത്ത ബന്ധുക്കൾ ആണെന്ന്.

ഈ ഒരു സംഭവത്തിനു ശേഷം ഇന്നുവരെ അനൂപ് സത്യന് കല്യാണം കഴിക്കാൻ സാധിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com