

നടി ലക്ഷ്മി പ്രിയയ്ക്കും ഭര്‍ത്താവിനും തൃപ്പൂണിത്തുറ വനിത സെല്‍ എസ്‌ഐയ്ക്കുമെതിരായ നിയമനടപടിയില്‍ മുന്നോട്ട് പോകാന്‍ ഉറച്ച് അന്‍സിബ. ലക്ഷ്മി പ്രിയയ്‌ക്കെതിരെ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്ത് നടി അന്‍സിബ. ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്ഐ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. തൃപ്പൂണിത്തുറ കോടതിയെയാണ് സമീപിച്ചത്. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്നാണ് അന്‍സിബ കോടതിയെ സമീപിച്ചത്.
അന്‍സിബയുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി, കേസിന് നമ്പറിടുകയും സംഭവത്തില്‍ പൊലീസിനോട് അടിയന്തര വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. വരുന്ന പതിനേഴാം തീയതിക്കുള്ളില്‍ കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്തുകൊണ്ട് ഈ സംഭവത്തില്‍ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല എന്നതിനാണ് പോലീസ് കോടതിയില്‍ മറുപടി നല്‍കേണ്ടത്.
അതേസമയം, അന്‍സിബ ഹസനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ തനിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് ലക്ഷ്മി പ്രിയ പരാതി നല്‍കിയിരുന്നു. കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസിലാണ് ലക്ഷ്മി പ്രിയ പരാതി നല്‍കിയത്. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ലക്ഷ്മി പ്രിയയുടെ പരാതി.
സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് തന്നെ ചിലര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നതെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. വളരെ ഭീകരമായ രീതിയില്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടന്നു കൊണ്ടിരിക്കുകയാണെന്നും അതാര് ചെയ്യിപ്പിച്ചാലും കുറ്റക്കാരെ കണ്ടെത്തി അര്‍ഹമായ ശിക്ഷ കൊടുക്കണമെന്ന് പറഞ്ഞാണ് താന്‍ പരാതി നല്‍കിയതെന്ന് ലക്ഷ്മി പ്രിയ പ്രതികരിച്ചു.
അതേസമയം അച്ചടക്ക നടപടിയുടെ ഭാഗമായി അമ്മ അന്‍സിബയ്ക്കും ലക്ഷ്മി പ്രിയയ്ക്കുമുള്‍പ്പെടെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. 21-ാം തീയതിയാണ് സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates