

മലയാളത്തിലെ ലാന്റ് മാര്‍ക്ക് സിനിമകളിലൊന്നാണ് ദൃശ്യം. ഇളങ്കാറ്റുപോലെ വന്ന് കൊടുങ്കാറ്റായി മാറിയ ദൃശ്യം മലയാളം ബോക്‌സ് ഓഫീസിലെ സകല റെക്കോര്‍ഡുകളും പൊളിച്ചെഴുതി. മലയാളത്തിന് പിന്നാലെ തമിഴിലേക്കും ഹിന്ദിയിലേക്കും കന്നഡയിലേക്കും തെലുങ്കിലേക്കുമെല്ലാം ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും ദൃശ്യം വളര്‍ന്നത് അതിവേഗമാണ്. ദൃശ്യത്തിന് ചൈനയിലും ശ്രീലങ്കയിലും റീമേക്കുകളുണ്ടായി.
ആദ്യ ഭാഗം നേടിയ ചരിത്ര വിജയത്തിന് പിന്നാലെയാണ് രണ്ടാം ഭാഗമെത്തുന്നത്. ദൃശ്യം പോലൊരു 'പെര്‍ഫെക്ട്' എന്‍ഡിങ്ങുള്ള സിനിമയ്ക്ക് എന്തിന് രണ്ടാം ഭാഗം എന്ന് പലരും ചോദിച്ചു. എന്നാല്‍ രണ്ടാം ഭാഗവും വന്‍ ഹിറ്റാക്കാനും കയ്യടി നേടാനും ജീത്തു ജോസഫിനും മോഹന്‍ലാലിനും സാധിച്ചു. തുടര്‍ന്ന് ഹിന്ദിയിലും രണ്ടാം ഭാഗം പുറത്തിറങ്ങുകയും വിജയം കൈവരിക്കുകയും ചെയ്തു.
ഇപ്പോഴിതാ ദൃശ്യത്തിന്റെ മൂന്നാം ഭാഗവും ഒരുങ്ങുകയാണ്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കോമ്പോ എന്താണ് ഇത്തവണ ഒരുക്കിവച്ചിരിക്കുന്നത് എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ദൃശ്യം പരമ്പരയിലെ പ്രധാനപ്പെട്ട താരമാണ് അന്‍സിബ ഹസന്‍. ആദ്യം ഭാഗത്തിലും രണ്ടാം ഭാഗത്തിലും കഥയുടെ കേന്ദ്ര ബിന്ദു അന്‍സിബയുടെ കഥാപാത്രമാണ്. രണ്ടാം ഭാഗത്തിലെ അന്‍സിബയുടെ ക്യാരക്ടര്‍ ആര്‍ക്കും പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
എന്നാല്‍ അന്‍സിബയെ ഇപ്പോഴും ദൃശ്യം കാരണം മാത്രം അറിയപ്പെടുന്ന നടിയെന്ന് പരിഹസിക്കുന്നവരുണ്ട്. ഇത്തരം പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അന്‍സിബ ഇപ്പോള്‍. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്‍സിബയുടെ പ്രതികരണം.
''ദൃശ്യം 3 അടുത്ത മാസം ചിത്രീകരണം തുടങ്ങും. അതിന്റെ ഡേറ്റും കാര്യങ്ങളും എല്ലാം ലഭിച്ചു. വളരെ സന്തോഷം ഉണ്ട് ആ സിനിമ ആരംഭിക്കുന്നതില്‍. എന്നെ ചിലര്‍ കളിയാക്കുന്നതും ട്രോളും എല്ലാം ഞാന്‍ കാണാറുണ്ട്. ദൃശ്യം വരുമ്പോള്‍ മാത്രം പൊങ്ങി വരുന്ന നായിക, പെണ്‍കുട്ടി എന്നെല്ലാം പറഞ്ഞു കൊണ്ട്. ട്രോളുകള്‍ എനിക്കും ആളുകള്‍ അയച്ചു തരാറുണ്ട്.'' അന്‍സിബ പറയുന്നു.
''എന്റെ ഏറ്റവും അധികം കണ്ട സിനിമ അതാണ്. ഞാന്‍ ഒരുപാട് സിനിമകള്‍ വേറെ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ അത് കണ്ടിട്ടില്ല. ആരേയും കുറ്റം പറയാന്‍ പറ്റില്ല. പക്ഷെ അവര്‍ എന്നെ അങ്ങനെ ഓര്‍ക്കുന്നുണ്ടല്ലോ എന്ന സന്തോഷം ഉണ്ട്. കെജിഎഫില്‍ യാഷ് പറയുന്ന ഡയലോഗുണ്ട്, ആരെയങ്കിലും പത്ത് പേരെ തല്ലി ഡോണ്‍ ആയതല്ല, ഞാന്‍ തല്ലിയ പത്തു പേരും ഡോണ്‍ ആയിരുന്നുവെന്ന്. ആ പറഞ്ഞത് പോലെ ഞാന്‍ ചെയ്ത ഏതെങ്കിലും ഒരു സിനിമ ചെയ്ത് പ്രശസ്തയായ ആളല്ല ഞാന്‍. ഞാന്‍ ചെയ്ത സിനിമ ദൃശ്യം എന്ന ബ്രാന്‍ഡ് ആണെന്ന് കുറച്ച് അഹങ്കാരത്തോടെ തന്നെ ഞാന്‍ പറയും. അതുകൊണ്ട് കളിയാക്കലുകളും ട്രോളുകളും എന്നെ ഒരിക്കലും സങ്കടപ്പെടുത്തില്ല'' എന്നാണ് അന്‍സിബ പറയുന്നത്.
അതേസമയം കരിയറില്‍ പുതിയൊരു ഘട്ടത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് അന്‍സിബ. താരസംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറിയായി അന്‍സിബ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അമ്മയുടെ നേതൃത്വത്തില്‍ അടിമുടി മാറ്റം വന്നിരിക്കുന്ന സാഹചര്യത്തിലാണ് അന്‍സിബയും കടന്നു വരുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒക്ടോബറോടെ ദൃശ്യം ത്രീയുടെ ചിത്രീകരണം ആരംഭിക്കും. മലയാളത്തോടൊപ്പം തന്നെ മറ്റ് ഭാഷകളിലേയും ദൃശ്യം സിനിമകളും ഒരേ സമയം റിലീസ് ചെയ്യാനാണ് ശ്രമിക്കുന്നത്. നേരത്തെ ഹിന്ദി പതിപ്പ് ആദ്യം പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് മലയാളത്തിനൊപ്പം തന്നെയാകും ഹിന്ദിയും പുറത്തിറങ്ങുകയെന്ന് ജീത്തു വ്യക്തമാക്കുകയായിരുന്നു. നിലവില്‍ വലുതവളത്തെ കള്ളന്‍ എന്ന സിനിമയുടെ തിരക്കിലാണ് ജീത്തു ജോസഫ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates