

മലയാള സിനിമയുടെ ഗതി മാറ്റിയ സംവിധായകരില്‍ ഒരാളാണ് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി ചെയ്ത മൂന്ന് സിനിമകളും കയ്യടി നേടുകയും പുതിയ ബെഞ്ച് മാര്‍ക്ക് സൃഷ്ടിക്കുകയും ചെയ്തവയായിരുന്നു. അങ്ങനെയിരിക്കെയാണ് ദിലീഷ് പോത്തനും മോഹന്‍ലാലും കൈ കോര്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇപ്പോഴിതാ ആ വാര്‍ത്ത ആന്റണി പെരുമ്പാവൂര്‍ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്.
എക്‌സില്‍ ആരാധകരോട് സംവദിക്കവേ ആണ് ആന്റണി ദിലീഷ് പോത്തന്‍ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. ഷിബു ബേബി ജോണ്‍ ആണ് ഈ സിനിമ നിര്‍മിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. നിലവില്‍ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന അതിമനോഹരത്തിന്റെ ഷൂട്ടിലാണ് മോഹന്‍ലാല്‍. തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമ ആണ് അതിമനോഹരം.
അതിമനോഹരത്തില്‍ മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ടി എസ് ലവ്ലജന്‍ പൊലീസുകാരനായാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് അതിമനോഹരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ വൈറലായി മാറിയിരുന്നു.
അതേസമയം, ദൃശ്യം 3 ആണ് ഇനി പുറത്തിറങ്ങാനുള്ള മോഹന്‍ലാല്‍ ചിത്രം. മെയ് 21 ന് സിനിമ പുറത്തിറങ്ങും. മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് ദൃശ്യം 3യുടെ റിലീസ്. നാല് വര്‍ഷത്തിന് ശേഷം ജോര്‍ജ് കുട്ടിയ്ക്കും കുടുംബത്തിനും ഉണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തില്‍ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബ്ബില്‍ സിനിമ ഇടം പിടിച്ചിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു.
മോഹന്‍ലാല്‍, മീന, എസ്തര്‍ അനില്‍, അന്‍സിബ എന്നിവര്‍ക്കൊപ്പം ആശ ശരത്ത്, സിദ്ധീഖ്, മുരളി ഗോപി, വീണ നന്ദകുമാര്‍, ഗണേശ് കുമാര്‍ തുടങ്ങിയവരും ദൃശ്യം 3യിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates