

സൽമാൻ ഖാൻ, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് സിക്കന്ദർ. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം വൻ പ്രതീക്ഷയോടെയാണ് തിയറ്ററുകളിലെത്തിയതെങ്കിലും ചിത്രം പരാജയമായി മാറി. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് മുരുഗദോസ്.
തന്റെ പുതിയ ചിത്രമായ മദരാസിയുടെ പ്രൊമോഷന്റെ ഭാഗമായി ഒരഭിമുഖത്തിൽ സംസാരിക്കവേയാണ് മുരുഗദോസ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഹിന്ദിയിൽ സിനിമ ചെയ്യുന്നത് തമിഴിൽ ചെയ്യുന്നതുപോലെ തനിക്ക് അത്ര എളുപ്പമല്ലെന്ന് പറയുകയാണ് മുരുഗദോസ്.
"നമ്മുടെ മാതൃഭാഷയിൽ ഒരു സിനിമ ചെയ്യുമ്പോൾ അത് നമുക്കൊരു ബലം നൽകും. കാരണം ഇവിടെ എന്താണ് നടക്കുന്നത് എന്നതിനേക്കുറിച്ച് നമുക്ക് കൃത്യമായ ധാരണയുണ്ടാകും. ഇന്ന് ഒരു ട്രെൻഡ് വരുന്നു, പ്രേക്ഷകർ പെട്ടെന്ന് ആ ട്രെൻഡുമായി കണക്ട് ആകുന്നു.
എന്നാൽ നമ്മൾ മറ്റൊരു ഭാഷയിൽ ചെയ്യുമ്പോൾ അവിടുത്തെ ട്രെൻഡ് എന്താണെന്ന് നമുക്ക് മനസിലാകില്ല. അങ്ങനെ വരുമ്പോൾ നമുക്ക് സ്ക്രിപ്റ്റിനെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകേണ്ടി വരും. തെലുങ്കിൽ സിനിമ ചെയ്യാൻ എനിക്ക് ഓക്കെ ആണ്. എന്നാൽ ഹിന്ദി ഒന്നും അറിയില്ല. തമിഴിൽ നിന്ന് അവർ ഇംഗ്ലീഷിലേക്കും പിന്നെ ഹിന്ദിയിലേക്കും സ്ക്രിപ്റ്റ് പരിഭാഷപ്പെടുത്തിയിട്ടാണ് സിനിമ ചെയ്യുന്നത്.
അവർ ഇതാണ് ഉദ്ദേശിച്ചത് എന്ന് നമുക്ക് ഊഹിക്കാൻ മാത്രമേ കഴിയൂ, പൂർണമായും അവർ എന്താണ് സംസാരിക്കുന്നതെന്ന് മനസിലാകില്ല. നമുക്ക് പരിചയമില്ലാത്ത ഒരു ഭാഷയിലും സ്ഥലത്തും സിനിമ ചെയ്യുമ്പോൾ, നമുക്കെന്തോ ഒരു വൈകല്യം ഉള്ളതുപോലെ തോന്നും.
കൈകൾ ഇല്ലാത്തത് പോലെ തോന്നും. നമ്മുടെ ബലം എന്താണെന്ന് വച്ചാൽ, നമ്മൾ എവിടെയാണ്, ഏത് സംസ്കാരത്തിൽ പെട്ടവരാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്".- മുരുഗദോസ് പറഞ്ഞു.
അതേസമയം മുരുഗദോസിന്റെ വാക്കുകളെ വിമർശിച്ച് രംഗത്തെത്തുന്നവരും കുറവല്ല. 'ഭാഷ അറിയില്ലെങ്കിൽ പിന്നെ നിങ്ങളെന്തിനാണ് സിനിമ ചെയ്തത്', 'പിന്നെ എങ്ങനെയാണ് ഹോളിഡേയും ഗജിനിയുമൊക്കെ ബ്ലോക്ക്ബസ്റ്ററാകുന്നത്? കഥയും മേക്കിങ്ങുമൊന്നും കൊള്ളിലെങ്കിൽ ഔട്ട്‌പുട്ട് സീറോ ആയിരിക്കും, വെറുതെ ഒഴിവുകഴിവുകൾ പറയേണ്ടതില്ല',
'അപ്പോ ഗജിനി ഹിന്ദി എങ്ങനെയാണ് ഹിറ്റായത്, ആദ്യം പരാജയത്തെ അംഗീകരിക്കാൻ പഠിക്ക്' എന്നൊക്കെയാണ് മുരുഗദോസിന്റെ അഭിമുഖത്തിന്റെ വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ. ഈദ് റിലീസ് ആയാണ് സിക്കന്ദർ തിയറ്ററുകളിലെത്തിയത്. ചിത്രം ഒടിടിയിൽ റിലീസ് ചെയ്തപ്പോഴും ഒട്ടേറെ വിമർശനം നേരിട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates