"ഒരിക്കലും ആരെയും വേദനിപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ല"; വിവാദങ്ങളിൽ മൗനം വെടിഞ്ഞ് എആർ റഹ്മാൻ
തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉണ്ടായിരിക്കുന്ന വിവാദങ്ങളോട് പ്രതികരിച്ച് സംഗീത സംവിധായകൻ എആർ റഹ്മാൻ. കഴിഞ്ഞ എട്ട് വർഷമായി ഹിന്ദി ചലച്ചിത്ര മേഖലയിലെ മാറ്റങ്ങൾ കാരണം അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും, ഇതിൽ വർഗീയമായ കാരണങ്ങൾ ഉണ്ടായേക്കാമെന്നുമുള്ള പരാമർശം വിവാദമായി മാറിയതോടെയാണ് റഹ്മാൻ വിശദീകരണവുമായെത്തിയിരിക്കുന്നത്.
തന്റെ വാക്കുകൾ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ഇന്ത്യയോടുള്ള സ്നേഹം തനിക്ക് വലുതാണെന്നും അദ്ദേഹം എക്സിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. ഇന്ത്യയിലെ ബഹുസ്വരതയും സാംസ്‌കാരിക പൈതൃകവുമാണ് തന്റെ സംഗീതത്തിന് പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു.
ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലെ റഹ്മാന്റെ പരാമർശങ്ങൾ ഏറെ വിവാദമുണ്ടാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനമാണ് അദ്ദേഹം നേരിട്ടത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. ഇന്ത്യയെ തൻ്റെ ഗുരുവും വീടുമായി അദ്ദേഹം വിശേഷിപ്പിച്ചു.
"പ്രിയ സുഹൃത്തുക്കളെ, സംഗീതം എപ്പോഴും നമ്മുടെ സംസ്കാരം ബന്ധിപ്പിക്കാനും ആഘോഷിക്കാനും ബഹുമാനിക്കാനുമുള്ള ഒരു മാർഗമാണ്. ഇന്ത്യ എൻ്റെ പ്രചോദനമാണ്, എൻ്റെ ഗുരുവും എൻ്റെ വീടുമാണ്. ചിലപ്പോൾ ഉദ്ദേശ്യങ്ങൾ തെറ്റിദ്ധരിക്കപ്പെടാമെന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ എൻ്റെ ലക്ഷ്യം എല്ലായ്പ്പോഴും സംഗീതത്തിലൂടെ രാജ്യത്തെ ഉയർത്തുക, ബഹുമാനിക്കുക, സേവിക്കുക എന്നതായിരുന്നു.
ആരെയും വേദനിപ്പിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, എൻ്റെ സത്യസന്ധത മനസിലാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഇന്ത്യക്കാരനായിരിക്കുന്നതിൽ ഞാൻ അനുഗ്രഹീതനാണ്. ഇത് എപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെയും ബഹുസ്വരതയുടെയും ആഘോഷത്തിൻ്റെയും ഇടം സൃഷ്ടിക്കാൻ എന്നെ അനുവദിക്കുന്നു.
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ച WAVES ഉച്ചകോടിയിലെ 'ഝാല' എന്ന സൃഷ്ടി മുതൽ, യുവ നാഗാ സംഗീതജ്ഞരുമായുള്ള സഹകരണം, ഒരു സ്ട്രിങ് ഓർക്കസ്ട്ര സൃഷ്ടിച്ചത്, സൺഷൈൻ ഓർക്കസ്ട്രയെ മെൻ്റർ ചെയ്തത്, ഇന്ത്യയുടെ ആദ്യത്തെ ബഹു സാംസ്കാരിക വെർച്വൽ ബാൻഡായ സീക്രട്ട് മൗണ്ടൻ നിർമ്മിച്ചത്, ഹാൻസ് സിമ്മറിനൊപ്പം രാമായണത്തിന് സംഗീതം നൽകിയ ബഹുമതി വരെ.
ഓരോ യാത്രയും എൻ്റെ ലക്ഷ്യത്തെ ശക്തിപ്പെടുത്തി. ഈ രാജ്യത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ഭൂതകാലത്തെ ബഹുമാനിക്കുന്നു, വർത്തമാനകാലത്തെ ആഘോഷിക്കുകയും ഭാവിയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു."- റഹ്മാൻ പറഞ്ഞു.
Cinema News: AR Rahman breaks silence on Communal remark controversy.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
