

എപ്പിക് എന്നതിനൊരു നിര്‍വചനമുണ്ടെങ്കില്‍ അത് ബാഹുബലിയാണ്. ഇന്ത്യന്‍ സിനിമയെ ബാഹുബലിയ്ക്ക് മുമ്പും ശേഷവും എന്ന് രണ്ടായി തിരിക്കാം. പാന്‍ ഇന്ത്യന്‍ പ്രയോഗത്തിന്റേയും, ഭാഷയുടേയും ദേശത്തിന്റേയും അതിരുകളുടേയും അപ്പുറത്തേക്കുള്ള സിനിമയുടെ യാത്രയുടേയും തുടക്കം ബാഹുബലിയായിരുന്നു. പണ്ടൊരു സിനിമയില്‍ അമിതാഭ് ബച്ചന്‍ പറഞ്ഞതുപോലെ, ലൈനിന്റെ തുടക്കം അവിടെ നിന്നായിരുന്നു.
എപ്പിക് എന്നാല്‍ ബാഹുബലിയാണെങ്കില്‍ വിശ്വസ്തതയുടെ ആള്‍രൂപമാണ് കട്ടപ്പ. എന്നാല്‍ കട്ടപ്പയുടെ ചതിയായിരുന്നു ബാഹുബലിയെക്കുറിച്ചുള്ള ചര്‍ച്ചകളുടേയെല്ലാം കേന്ദ്ര ബിന്ദു. തന്റെ മകനെപ്പോലെ കൊണ്ടു നടന്ന ബാഹുബലിയെ എന്തിന് കട്ടപ്പ കൊന്നുവെന്ന ചോദ്യത്തിന്റെ ഉത്തരം തേടിയാണ് രണ്ടാം ഭാഗം കാണാന്‍ പ്രേക്ഷകരെത്തിയത്. 'കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?', ഇന്ത്യന്‍ ജനതയെ ഇങ്ങനെ ഉത്തരം മുട്ടിച്ചൊരു ചോദ്യമുണ്ടാകില്ല.
ബാഹുബലിയ്ക്ക് പത്ത് വര്‍ഷമാകുമ്പോള്‍, എപ്പിക് സിനിമയുടെ വമ്പന്‍ വിജയത്തിലേക്ക് നയിച്ച ആ എപ്പിക് പ്രൊമോഷന്‍ ക്യാമ്പെയ്‌ന് പിന്നിലെ കഥ പങ്കുവെക്കുകയാണ് നിര്‍മാതാക്കളായ അര്‍ക്ക മീഡിയ വര്‍ക്ക്‌സിന്റെ സഹസ്ഥാപനകനായ ശോഭു യാര്‍ലഗദ്ദ. ദ ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ കട്ടപ്പയുടെ 'ഹാംലെറ്റിയന്‍ ഡിലെമ' എങ്ങനെ ഇന്ത്യന്‍ സിനിമയെ കീഴ്‌മേല്‍ മറിച്ചുവെന്ന് അദ്ദേഹം പറയുന്നുണ്ട്.
''സിനിമയുടെ തുടക്കത്തില്‍ കിച്ച സുദീപിന്റെ കഥാപാത്രത്തോട് സത്യരാജ് സംസാരിക്കുന്ന രംഗമുണ്ട്. യഥാര്‍ത്ഥ തിരക്കഥയില്‍ ആ രംഗത്തില്‍ കട്ടപ്പ ബാഹുബലിയെ കൊന്നതിനെക്കുറിച്ച് കിച്ചയോട് കട്ടപ്പ സംസാരിക്കുന്നുണ്ട്. റിലീസിന്റെ ഒരു മാസം മുമ്പ് കീരവാണി ഗാരു സംഗീതം ഒരുക്കുന്നതിനിടെ ഈ രംഗം ഇവിടെ വേണ്ട, ഇത് അവസാനം മതിയെന്ന് പറഞ്ഞു. രാജമൗലിയ്ക്കും ആ ആശയം ഇഷ്ടമായി. പിന്നെയെല്ലാം ചരിത്രമാണ്'' ശോഭു യാര്‍ലഗഡ്ഡ പറയുന്നു.
''ആ രംഗം ഇത്ര വലിയ ചര്‍ച്ചാ വിഷയമോ ക്ലിഫ്ഹാങറോ ആകുമെന്ന് ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല. അപ്പോഴാണ് ഇതില്‍ മുറുകെ പിടിക്കാം എന്ന് ടീം പറയുന്നത്. തുടര്‍ന്നാണ് എന്തുകൊണ്ട് കടപ്പ ബാഹുബലിയെ കൊന്നു എന്നര്‍ത്ഥം വരുന്ന #WKKB ഹാഷ്ടാഗ് ടീം ഉണ്ടാക്കി. രണ്ടാം ഭാഹത്തിന്റെ ട്രെയ്‌ലര്‍ റിലീസ് വരെ അതു കൊണ്ടു പോയി. സിനിമയുടെ റിലീസിനേക്കാളും #WKKB യുടെ റിലീസ് ഡേറ്റാണെന്ന് തോന്നുന്ന സാഹചര്യമായിരുന്നു. പേരിനേക്കാളും ചര്‍ച്ചയായി അത്. എല്ലാ പോസ്റ്ററുകളിലും ടീസറിലും ട്രെയ്‌ലറിലും മറ്റ് എല്ലാത്തിലും ഹാഷ്ടാഗ് ഉപയോഗിച്ചു. രണ്ടാം ഭാഗത്തിന്റെ റിലീസ് വരെ അതുമാത്രമായിരുന്നു ചര്‍ച്ച'' എന്നും അദ്ദേഹം പറയുന്നുണ്ട്.
''രണ്ടാമത്തെ ആഴ്ചമുതലാണ് കട്ടപ്പ ബാഹുബലിയെ എന്തിന് കൊന്നുവെന്ന ചര്‍ച്ച ഞങ്ങളുടെ ശ്രദ്ധ നേടുന്നത്. കുറച്ച് മാസങ്ങള്‍ കഴിഞ്ഞതും ഗൂഗിളില്‍ വൈ എന്ന് ടൈപ്പ് ചെയ്താല്‍ എന്തുകൊണ്ട് കട്ടപ്പ ബാഹുബലിയെ കൊന്നു എന്നാകും ഓട്ടോ പ്രോംപ്റ്റ് ആയി വന്നിരുന്നത്. അതെല്ലാം മനസിലാക്കി, ആ ചര്‍ച്ചയെ ഞങ്ങള്‍ ഉപയോഗിക്കുകയായിരുന്നു'' എന്നും അദ്ദേഹം പറയുന്നു.
2012 ല്‍ തങ്ങള്‍ പ്രൊഡക്ഷന്‍ ആരംഭിച്ചപ്പോള്‍ തന്നെ മാര്‍ക്കറ്റിങില്‍ ശ്രദ്ധിച്ചിരുന്നു. സ്ഥിരം രീതികളില്‍ നിന്നും വ്യത്യസ്തമാകണം. അതിനായി തങ്ങളുടേതായി ഒടു ടീം ഉണ്ടാക്കിയെടുത്തു. പതിവ് പോലെ പാട്ടും ട്രെയ്‌ലറും മാത്രമാകാന്‍ പാടില്ല എന്നുണ്ടായിരുന്നു. തുടക്കത്തില്‍ തങ്ങളുടെ ടീമില്‍ 30 പേരാണ് ഉണ്ടായിരുന്നതെന്നും ശോഭു യാര്‍ലഗഡ്ഡ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates