

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി നടിയും അവതാരകയുമായ ആര്യ. താരത്തിന്റെ ഉടമസ്ഥതയിലുള്ള കാഞ്ചീവരം ബുട്ടീക്കിന്റെ പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. 15000 രൂപയുടെ സാരി 1900 രൂപയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുകയായിരുന്നു. പണം നഷ്ടപ്പെട്ടയാളില്‍ നിന്നുമാണ് ആര്യ ഈ വിവരം അറിഞ്ഞത്. ഉടനെ തന്നെ താരം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തട്ടിപ്പിന് പിന്നില്‍ ബിഹാറില്‍ നിന്നുള്ളവരാണെന്നാണ് പൊലീസിന്റെ അനുമാനം.
നിരവധി പേര്‍ സമാനമായ രീതിയില്‍ തട്ടിപ്പിന് ഇരയായതാണ് വിവരം. താരത്തിന്റെ ബുട്ടീക്കിന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ തയ്യാറാക്കി, അതുവഴിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഇതിനായി കാഞ്ചീവരത്തിന്റെ ഒറിജിനല്‍ പേജില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഉപയോഗിക്കുകയും ചെയ്തു. പോസ്റ്റിനൊപ്പം നല്‍കിയിരുന്നത് തട്ടിപ്പുകാരുടെ നമ്പറുകളായിരുന്നു. അതില്‍ ബന്ധപ്പെടുമ്പോള്‍ പണം അയക്കാനുള്ള ക്യു ആര്‍ കോഡ് നല്‍കും. പണം അക്കൗണ്ടിലെത്തുന്നതോടെ ബ്ലോക്ക് ചെയ്യും. ഇതായിരുന്നു തട്ടിപ്പുകാരുടെ രീതി.
എന്നാല്‍ പണം നല്‍കി ദിവസങ്ങള്‍ കഴിഞ്ഞും വസ്ത്രങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലാകുന്നത്. തന്റെ ബുട്ടീക്കിന്റെ പേരില്‍ 20 ഓളം വ്യാജ അക്കൗണ്ടുകള്‍ ഇറങ്ങിയിട്ടുണ്ടെന്നാണ് ആര്യ ദേശാഭിമാനിയോട് പറഞ്ഞത്. വ്യാജന്മാര്‍ക്കെതിരെ സൈബര്‍ സെല്ലിലും പാലാരിവട്ടം പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. മിക്ക അക്കൗണ്ടുകളും റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കുകയും ചെയ്തിട്ടുണ്ട്.
സാധാരണക്കാര്‍ മാത്രമല്ല, തട്ടിപ്പിന് ഇരയായവരില്‍ ജഡ്ജിമാരും ഡോക്ടര്‍മാരുമെല്ലാം ഉണ്ടെന്നാണ് ആര്യ പറയുന്നത്. അതേസമയം ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ഓണ്‍ലൈനില്‍ സാധാരണയാണെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു. ഇത്തരം തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടാല്‍ ദേശീയ സൈബര്‍ ക്രം പോര്‍ട്ടലിലേക്ക് 1930 എന്ന നമ്പറില്‍ വിളിക്കുകയോ പൊലീസിനെ അറിയിക്കുകയോ ചെയ്യണെന്നും പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
