

അന്യഭാഷാ സിനിമകൾ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടൻ ആസിഫ് അലി. മടിയല്ല, മറ്റു ഭാഷകളിൽ അഭിനയിക്കാൻ തനിക്ക് പേടിയാണെന്ന് ആസിഫ് പറയുന്നു. കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആസിഫ്. "ഒരുപാട് പേര് എന്നോട് മറ്റു സിനിമകളിൽ അഭിനയിക്കുന്നതിനേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
പല സമയത്തും കഥ കേൾക്കാനുള്ള റെഫറൻസുകൾ വരാറുണ്ട്. ഏകദേശം കാസ്റ്റിങ് വരെയൊക്കെ എത്തിയിട്ടുണ്ട്. രണ്ട് മറുപടികളാണ് ഞാനിതിന് പറയാറുള്ളത്. ഒന്ന്, ഏറ്റവും നല്ല സിനിമകളുണ്ടാകുന്നത് നമ്മുടെ ഇൻഡസ്ട്രിയിലാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അപ്പോൾ നമ്മൾ വേറൊരു ഇൻഡസ്ട്രിയിൽ പോയിട്ട് മറ്റൊരു സിനിമ ചെയ്യണ്ടല്ലോ.
മടിയല്ല, ശരിക്കും എനിക്ക് പേടിയാണ്. മറ്റു ഭാഷകൾ ഞാൻ ശ്രമിച്ചിട്ടില്ല എന്നത് എന്റെ തെറ്റാണ്. എനിക്കൊരു പേടിയുണ്ട്. എന്റെ ഭാഷയിൽ എനിക്ക് കിട്ടുന്നൊരു എളുപ്പമുണ്ടല്ലോ സംസാരിക്കുന്നതിൽ, അതായത് എനിക്ക് ഡയലോഗ് ഓർത്ത് വച്ച് സംസാരിക്കുന്നത് ആലോചിക്കാൻ പോലും പറ്റില്ല. ഡയലോഗ് നമ്മൾ അഭിനയിക്കുന്നതിന്റെ ഇടയിൽ ഫ്രീയായി കിട്ടണം.
എന്തായിരുന്നു ആ ഡയലോഗ് എന്നാലോചിക്കുന്ന ഒരു മുഖം എനിക്കു വേണ്ട. അതിന്റെ ഒരു പേടി എനിക്കുണ്ട്. ഒരുപാട് പേർ മറ്റു ഭാഷകളിൽ പോയി ഒരുപാട് സിനിമകൾ ചെയ്യുന്നുണ്ട്. ഫഹദ് ഒക്കെയാണെങ്കിലും ഇപ്പോഴും എന്നോട് പറയും, ഞാൻ ഏറ്റവും കൂടുതൽ ചോദിച്ചിട്ടുള്ളതും അദ്ദേഹത്തോടാണ്. എന്റെ പേടിയെ കുറിച്ച് ഞാൻ പറയും.
അപ്പോൾ ഫഹദ് ചോദിക്കും നീ എന്താ അങ്ങനെ ചോദിക്കുന്നേ ?. അപ്പോൾ ഞാൻ പറയും, അല്ലെടാ എനിക്ക് ഇങ്ങനെ ഒരു പേടിയുണ്ട് എന്ന്. അപ്പോൾ ഫഹദ് പറയും അങ്ങനെയൊരു പേടിയെപ്പറ്റി ഞങ്ങൾ ചിന്തിച്ചിട്ടേ ഇല്ലെന്ന്. ചിന്തിച്ചതു കൊണ്ടായിരിക്കും എനിക്കാ പേടി വന്നത്".- ആസിഫ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates