

ജീത്തു ജോസഫ് ഒരു സിനിമയുമായി വരുന്നെന്ന് കേൾക്കുമ്പോള്‍ തന്നെ 'ദൃശ്യം 3' ആയിരിക്കും ഏവരുടേയും മനസ്സിൽ. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 3'ക്ക് മുമ്പേ പ്രേക്ഷകരുടെ മനസ്സിൽ ഉദ്വേഗം നിറയ്ക്കുന്ന ഒരു പസിൽ ഗെയിം തീർക്കാൻ എത്തുകയാണ് ആസിഫ് അലിക്കും അപർണ ബാലമുരളിക്കും ഒപ്പം ജീത്തു ജോസഫ്.
ഇവർ ഒന്നിക്കുന്ന 'മിറാഷ്' സെപ്റ്റംബർ 19ന് വേൾഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്. തിരുവോണ ദിനത്തിൽ എത്തിയിരിക്കുന്ന റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്. ആസിഫും അപർണയും ഹക്കീം ഷാജഹാനുമാണ് പോസ്റ്ററിലുള്ളത്.
മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇമോഷണൽ രംഗങ്ങളിലൂടേയും ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളിലൂടേയും നീങ്ങുന്ന ചിത്രമെന്ന് അടിവരയിടുന്നതായിരുന്നു ടീസര്‍.
ദൃശ്യം സീരീസ് ഉൾപ്പെടെയുള്ള സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്ക് പോസ്റ്ററും ഏവരും ഏറ്റെടുത്തിരുന്നു. ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രമുഖ താരങ്ങൾ.
ഇ ഫോർ എക്സ്പിരിമെന്‍റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ 'രേഖചിത്രം' ബോക്സ്ഓഫിസിൽ വൻ വിജയമായി മാറിയിരുന്നു. ഏറെ ചർച്ചയായി മാറിയിരുന്ന 'കൂമൻ' എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമെത്തുമ്പോള്‍ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്.
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപർണ ആർ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, എഡിറ്റര്‍: വി.എസ്. വിനായക്, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: ലിന്‍റാ ജീത്തു,
പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: അമൽ ചന്ദ്രൻ, വി എഫ് എക്സ് സൂപ്പർവൈസർ: ടോണി മാഗ്‌മിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കത്തീന ജീത്തു, സൗണ്ട് ഡിസൈൻ സിനോയ് ജോസഫ്, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഗാനരചന: വിനായക് ശശികുമാർ, ഡിഐ: ലിജു പ്രഭാകർ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ടിങ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates