പേരിട്ടത് 'മഹാനടൻ', നിരാലംബർക്ക് കൈത്താങ്ങ്; 'അമ്മ'യുടെ നാൾവഴികൾ

തുടർച്ചയായ വെളിപ്പെടുത്തലുകൾക്കും ആരോപണങ്ങൾക്കും രാജികൾക്കും പിന്നാലെ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാ ഭാരവാഹികളും ചൊവ്വാഴ്ച അമ്മയിൽ നിന്ന് രാജിവച്ചു.
AMMA
അമ്മഫെയ്സ്ബുക്ക്

രാജ്യം മുഴുവൻ ചർച്ചയായി മാറി കൊണ്ടിരിക്കുകയാണിപ്പോൾ താര സംഘടനയായ അമ്മ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്). ഓഗസ്റ്റ് 19 ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സംഘടനയിൽ പല തരത്തിലുള്ള ഉലച്ചിലുകൾ സംഭവിക്കുന്നത്. 233 പേജുള്ള റിപ്പോർട്ടിലൂടെ മലയാള സിനിമയ്ക്കുള്ളിലെ അരക്ഷിതാവസ്ഥകളും അനീതികളും വിവേചനങ്ങളുമെല്ലാം പുറത്തുവന്നു.

തുടർച്ചയായ വെളിപ്പെടുത്തലുകൾക്കും ആരോപണങ്ങൾക്കും രാജികൾക്കും പിന്നാലെ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാ ഭാരവാഹികളും ചൊവ്വാഴ്ച അമ്മയിൽ നിന്ന് രാജിവച്ചു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി പുതിയ ഭാരവാഹികളെ തീരുമാനിക്കുമെന്നാണ് അമ്മയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ അമ്മയുടെ നാൾവഴികൾ പരിശോധിക്കാം.

1. അമ്മയുടെ രൂപീകരണം

ഫെയ്സ്ബുക്ക്

1994 ലാണ് അഭിനേതാക്കള്‍ക്കായി ഒരു സംഘടന എന്ന ആശയം രൂപം കൊള്ളുന്നത്. വേണു നാ​ഗവള്ളി, മുരളി എന്നിവരായിരുന്നു ഈ ആശയത്തിന് പിന്നിൽ. ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായാണ് സിനിമാ താരങ്ങള്‍ക്ക് മാത്രമായി ഒരു സംഘടന നിലവില്‍ വരുന്നത്. സംഘടനയ്ക്ക് അമ്മയെന്ന പേരിട്ടത് മുരളിയാണെന്ന് മണിയൻപിള്ള രാജു ഒരിക്കൽ പറഞ്ഞിരുന്നു. 1994 മുതൽ 97 വരെ എംജി സോമനായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചത്. മമ്മൂട്ടിയും മോഹൻലാലും ആയിരുന്നു വൈസ് പ്രസിഡന്റുമാർ.

ടിപി മാധവൻ സെക്രട്ടറിയും വേണു നാ​ഗവള്ളി ജോയിന്റ് സെക്രട്ടറിയും ജ​ഗദീഷ് ട്രഷറുമായി. സുകുമാരി, ബാലചന്ദ്ര മേനോൻ, കെ ബി ഗണേഷ് കുമാർ, ഇന്നസെൻ്റ്, മധു, മണിയൻപിള്ള രാജു, മുരളി, നെടുമുടി വേണു, ശ്രീനിവാസൻ, സുരേഷ് ഗോപി, കൊച്ചിൻ ഹനീഫ തുടങ്ങിയവരായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റി അം​​ഗങ്ങൾ. മൂന്ന് വർഷമാണ് ഒരു ഭരണസമിതി പ്രവർത്തിക്കുന്നത്. എറണാകുളം കലൂരിൽ ദേശാഭിമാനി റോഡിലാണ് അമ്മ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്.

2. ലക്ഷ്യം

ഫെയ്സ്ബുക്ക്

സിനിമയെക്കുറിച്ചുള്ള ആരോഗ്യകരമായ ചര്‍ച്ചകള്‍, അംഗങ്ങളും മറ്റു സംഘടനകളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക, അംഗങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക, അഭിനയ ജീവിതത്തില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നവര്‍ക്കും ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന അഭിനേതാക്കള്‍ക്കും വേണ്ടുന്ന സാമ്പത്തിക സഹായം നൽകുക, അംഗങ്ങളുടെ സിനിമാ പ്രവര്‍ത്തന സംബന്ധിയായ പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘടന പ്രവർത്തനം ആരംഭിച്ചത്.

3. വിവാ​ദങ്ങൾ

ഫെയ്സ്ബുക്ക്

അമ്മ രൂപീകരിച്ചതു മുതൽ ഇന്ന് വരെ വിവാ​ദങ്ങളും പിന്നാലെയുണ്ടായിരുന്നു. 2004 ല്‍ ഏഷ്യാനെറ്റ് ചാനലിലെ സ്റ്റേജ് ഷോയില്‍ അമ്മയിലെ താരങ്ങള്‍ പങ്കെടുക്കുന്നതിനെതിരെ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് രംഗത്തു വന്നു. ഉടമ്പടിയുടെ ലംഘനമാണിതെന്നായിരുന്നു പ്രധാന ആരോപണം. അമ്മയിലെ തന്നെ അംഗങ്ങളായ തിലകൻ, ലാലു അലക്സ് എന്നിവരും അമ്മയ്ക്കെതിരെ സംസാരിച്ചു. പിന്നീട് ‘അമ്മ’ വാര്‍ത്താ സമ്മേളനം വിളിക്കുകയും ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സുമായുണ്ടാക്കിയ ഉടമ്പടിയില്‍ മാറ്റം വരുത്തുകയും ചെയ്‌തിരുന്നു.

4. പ്രധാന വിവാദം

ഫെയ്സ്ബുക്ക്

അന്തരിച്ച നടന്‍ തിലകനുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന വിവാ​ദം. 2010 ല്‍ ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമയിലെ തന്റെ അവസരങ്ങള്‍ നഷ്‌ടപ്പെടുത്തുന്നുവെന്നും തനിക്കെതിരായി കരുനീക്കങ്ങള്‍ നടത്തുന്നുവെന്നും തിലകന്‍ ആരോപണമുന്നയിച്ചു. ഒടുവിൽ അതേവർഷം തന്നെ തിലകനും അമ്മ സംഘടനയും തമ്മില്‍ പിരിഞ്ഞു.

അച്ചടക്ക നടപടിയ്ക്ക് വിശദീകരണം നല്‍കിയില്ലെന്നായിരുന്നു അന്ന് ആരോപിച്ചിരുന്ന കുറ്റം. പിന്നീട് തിലകനെ സംഘടനയിൽ അം​ഗത്വം നൽകാൻ തിലകനെ തിരികെ വിളിച്ചെങ്കിലും അമ്മയിലേക്ക് തിരിച്ചു പോകാൻ അദ്ദേഹം തയ്യാറായില്ല. അഭിനയം നിര്‍ത്തേണ്ടി വന്നാലും താന്‍ ഇനി അമ്മയിലേക്കില്ല. അമ്മയെക്കുറിച്ച് എനിക്ക് നല്ലതുപോലെ അറിയാം. തിരികെ ചെന്ന് റയില്‍ പാളത്തില്‍ തലവയ്ക്കാന്‍ താന്‍ തയ്യാറല്ലെന്നായിരുന്നു തിലകൻ അന്ന് പറഞ്ഞത്.

5. വിനയനും വിലക്കും

ഫെയ്സ്ബുക്ക്

അമ്മയ്ക്കെതിരെ പല തവണ രം​ഗത്ത് വന്ന സംവിധായകനായിരുന്നു വിനയൻ. സംഘടനയും വിനയനും തമ്മിൽ ഏറ്റുമുട്ടുകയും സംവിധായകന് വിലക്കേർപ്പെടുത്തുകയും ചെയ്തു. ഇതിനിടെ അസോസിയേഷന്റെ നിരോധനാജ്ഞ ലംഘിച്ച് തിലകനെയും പൃഥ്വിരാജിനെയും ക്യാപ്റ്റൻ രാജുവിനെയും ലാലു അലക്സിനെയും ഉൾപ്പെടുത്തിക്കൊണ്ട് സത്യം എന്ന സിനിമ വിനയൻ പ്രഖ്യാപിച്ചു. 2012ല്‍ സംവിധായകന്‍ വിനയന്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 2017 ല്‍ 11.25 ലക്ഷം രൂപ അമ്മയ്‌ക്കും ഫെഫ്കയ്‌ക്കും എതിരെ പിഴ ചുമത്തി.

6. കോളിളക്കം സൃഷ്ടിച്ചത്

ഫെയ്സ്ബുക്ക്

2017 ഫെബ്രുവരിയില്‍ കൊച്ചിയില്‍ വച്ച് നടിയാക്രമിക്കപ്പെട്ട സംഭവമാണ് അമ്മയിൽ കോളിളക്കമുണ്ടാക്കിയത്. കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ അമ്മ സംരക്ഷിക്കുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം. സംഘടനയിലെ യുവ താരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി, രമ്യ നമ്പീശന്‍ തുടങ്ങിയവരാണ് ആരോപണമുന്നയിച്ച് രം​ഗത്തെത്തിയത്. ഒടുവില്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കുകയും തങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുമെന്ന് താര സംഘടന പ്രഖ്യാപിച്ചു.

7. ഹേമ കമ്മിറ്റി റിപ്പോർട്ട്

justice hema commission
ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നു എക്സ്പ്രസ് ഫയൽ

നടിയാക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്ന് മലയാള സിനിമാ രം​ഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ചർച്ചകൾ ഉയർന്നുവന്നു. 2017 ജൂലൈയിൽ ജസ്റ്റിസ് കെ ഹേമ (റിട്ടയേർഡ്) അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷൻ സർക്കാർ രൂപീകരിച്ചു.

8. കൂട്ടരാജിയിലേക്ക്

ഫെയ്സ്ബുക്ക്

ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. മോഹൻലാൽ, സിദ്ദിഖ്, ബാബു രാജ്, ഉണ്ണി മുകുന്ദൻ, ജയൻ ചേർത്തല, ജ​ഗദീഷ്, ടിനി ടോം, കലാഭവൻ ഷാജോൺ, സരയു, ടൊവിനോ, അനന്യ, ജോമോൾ, അൻസിബ, ജോയ് മാത്യു, വിനു മോഹൻ, സുരേഷ് കൃഷ്ണ എന്നിവരായിരുന്നു ഭാരവാഹികൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com