

ചര്‍ച്ചയായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്. കൊല്ലം സ്വദേശിനി അതുല്യയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക പീഡനങ്ങളെക്കുറിച്ച് ചര്‍ച്ച സജീവമാകുമ്പോഴാണ് അതേ വിഷയം സംസാരിക്കുന്ന അശ്വതിയുടെ കുറിപ്പും ശ്രദ്ധ നേടുന്നത്. വിവാഹ മോചനം ഒരു തോല്‍വിയല്ല, അവനവനെ തിരഞ്ഞെടുക്കാനുള്ള ഒരവസരമാണെന്നാണ് അശ്വതി പറയുന്നത്. എല്ലാ ഫോറെവര്‍ ബന്ധങ്ങള്‍ക്കും ഒരു എക്സിറ്റ് ക്ലോസ് ഉണ്ടാവണമെന്ന് മറക്കരുത്. ഈ നശിച്ച സ്‌നേഹം കൊണ്ട് നിങ്ങള്‍ മരിച്ചു പോകരുതെന്നും അശ്വതി കുറിപ്പില്‍ പറയുന്നു.
അശ്വതി ശ്രീകാന്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ആഹാ...കേള്‍ക്കാന്‍ തന്നെ എന്താ സുഖം ! അവള്‍ എന്റെയല്ലേന്ന്. വൈകി വന്ന മകളെ അച്ഛന്‍ കൊന്ന വാര്‍ത്തയ്ക്ക് താഴെ ഭര്‍ത്താവ് ചെയ്യേണ്ടത് അച്ഛന്‍ ചെയ്‌തെന്ന് അഭിമാനം കൊള്ളുന്ന അനേകം കമന്റുകള്‍ കണ്ടതോര്‍ക്കുന്നു. പെണ്ണുങ്ങളെ നന്നാക്കാന്‍ ഇടയ്ക്ക് ഒരെണ്ണം കൊടുക്കേണ്ടത് ഭര്‍ത്താവിന്റെയും ആങ്ങളയുടെയും ഒക്കെ ഉത്തരവാദിത്വം ആണല്ലോ.
ഭാര്യയെ ഇടയ്ക്കിടെ തല്ലുന്ന വിദ്യാ സമ്പന്നനായ ഭര്‍ത്താവ് വളരെ നിഷ്‌കളങ്കമായി ചോദിച്ചതാണ്- എനിക്ക് ദേഷ്യം വരാതെ നോക്കേണ്ടത് അവളല്ലേ എന്ന്. എന്നിട്ടും ഈ നിയന്ത്രണമില്ലാത്ത ദേഷ്യം അബ്‌നോര്‍മല്‍ ആണെന്ന് കക്ഷിയ്ക്ക് മനസിലായിട്ടില്ല. മകന്റെ ദേഷ്യത്തെ 'അവന്റെ അച്ഛന്റെ അതേ പ്രകൃതമെന്ന്' ഗ്ലോറിഫൈ ചെയ്യുന്ന ഒരമ്മ കൂടിയായപ്പോള്‍ ആ പെണ്‍കൊച്ചിന്റെ ജീവിതം ഒരു വഴിക്കായി. എന്നാല്‍ ഇറങ്ങി പോരുമോ- ഇല്ല. ഈ ചുരുളിയ്ക്കപ്പുറം ലോകമുണ്ടെന്ന് പറഞ്ഞാലും വരില്ല.
പരിചയമില്ലാത്ത ആ ലോകത്തെക്കാള്‍ ഭേദം പരിചയമുള്ള ഈ അപകടങ്ങളാണെന്ന് ബ്രെയിന്‍ വിശ്വസിപ്പിക്കും. അത് കണ്‍വിന്‍സ് ചെയ്യാന്‍ വല്ലപ്പോഴും കിട്ടുന്ന സ്‌നേഹത്തെ അത് ഉയര്‍ത്തി പിടിക്കും. എന്നുമെന്ന വണ്ണം ആരെങ്കിലുമൊക്കെ വന്നു ചോദിക്കും പുള്ളിക്കാരന്‍ മാറിയെന്നാണ് പറയുന്നത് - ഞാന്‍ ഒരവസരം കൂടി കൊടുത്താലോ എന്ന്. ശരിക്കും ഉള്ളിന്റെ ഉള്ളില്‍ എന്താ തോന്നുന്നതെന്ന് ചോദിച്ചാല്‍ വല്യ പ്രതീക്ഷ വയ്‌ക്കേണ്ടെന്നാണ് തോന്നല്‍ എന്ന് അവര്‍ തന്നെ പറയും. എന്നിട്ടോ? ആ തോന്നല്‍ വക വയ്ക്കാതെ പരിചയമുളള അപകടത്തിലേയ്ക്ക് വീണ്ടും ഇറങ്ങിപ്പോകും.
ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്ക വയ്യാതെ വീട് വിട്ടിറങ്ങി ആത്മഹത്യയ്ക്ക് ഒരുങ്ങിയൊരു കൂട്ടുകാരിയ്ക്ക് ആ നേരമെല്ലാം കൂട്ട് ഇരുന്നിട്ട്, ഭര്‍ത്താവ് വന്നു വിളിച്ചപ്പോള്‍ ഇറങ്ങിപ്പോയെന്ന് മാത്രമല്ല, കൂടെ നിന്നവരെയെല്ലാം ബ്ലോക്ക് കൂടി ചെയ്തു. ഇനിയൊരു പ്രശ്‌നം വന്നാല്‍ തിരികെ വരാന്‍ ഒരിടം പോലുമില്ലാത്ത വിധമാണ് പലരും അബ്യൂസറിനൊപ്പം വീണ്ടും പോകുന്നത്. ഇനി അവന്റെ കൂടെ പോയാല്‍ തിരികെ ഇങ്ങോട്ട് കയറണ്ട എന്ന് അച്ഛന്‍ വാശി പിടിച്ചത് കൊണ്ട് മാത്രം വീണ്ടും പോകാതെ, ജീവിതം തിരിച്ച് പിടിച്ച വളരെ അടുത്ത സുഹൃത്തുണ്ട്.
സ്ത്രീകള്‍ മാത്രമല്ല, ഈ സിസ്റ്റത്തിന്റെ വിക്ടിം ആവുന്ന ഒരുപാട് പുരുഷന്മാരുമുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി ഇന്ന് ആളുകള്‍ സംസാരിക്കുന്നുണ്ടെങ്കില്‍ അത് പല തലമുറകള്‍ നിലവിളിച്ച് ഉണ്ടാക്കിയെടുത്ത ശബ്ദമാണ്. പുരുഷാധിപത്യ സമൂഹത്തില്‍ അതിന്റെ ഗുണമനുഭവിക്കുന്ന പുരുഷന്മാരോളം തന്നെ അതിന്റെ ദൂഷ്യം അനുഭവിക്കുന്ന പുരുഷന്മാരുമുണ്ട്. പെണ്ണുങ്ങള്‍ ആരോടെങ്കിലും സങ്കടം പറയും, സഹായം തേടും, അബലയെന്ന ടാഗ് ഓള്‍റെഡി ഉള്ളതുകൊണ്ട് വാ വിട്ട് നിലവിളിക്കും. എന്നാല്‍ മദ്യമല്ലാതെ മറ്റൊരു കോപ്പിങ് മെക്കാനിസവും അറിയാത്ത പുരുഷന്മാരാണ് അധികവും.
ഇമോഷന്‍സ് എക്‌സ്പ്രസ്സ് ചെയ്ത ഭര്‍ത്താവിനെ നട്ടെല്ലില്ലാത്തവന്‍ എന്ന് വിശേഷിപ്പിക്കുന്ന ഭാര്യമാരെ, സമ്പാദിക്കുന്നതിന്റെ അളവ് അനുസരിച്ച് മാത്രം പുരുഷന് വില കൊടുക്കുന്ന സ്ത്രീകളെ ഒക്കെ പതിവായി കാണാറുണ്ട്. ഭര്‍ത്താവിനെ വീടിനുള്ളില്‍ അസഭ്യം മാത്രം പറയുന്ന ഭാര്യ പുറത്ത് കുലസ്ത്രീയായിരുന്നു. പുറത്ത് പറഞ്ഞാല്‍ ലോകം മുഴുവന്‍ കഴിവ് കെട്ടവനെന്ന് വിളിച്ചേക്കുമെന്ന് ഭയന്ന് എന്നെന്നേക്കുമായി ജീവിതത്തില്‍ നിന്ന് ഒളിച്ചോടുന്ന അനേകം പുരുഷന്മാരുമുണ്ട്. പല ബന്ധങ്ങളിലും അബ്യൂസര്‍ ആദ്യം ചെയ്യുന്നത് നമ്മുടെ ആത്മാഭിമാനം തകര്‍ത്ത് അവനവനിലെ വിശ്വാസം ഇല്ലാതാക്കുക എന്നതാണ്. അവരില്ലാതെ ജീവിക്കരുതല്ലോ. ഒരാള്‍ നമുക്ക് ചേര്‍ന്നതല്ലെന്ന് തോന്നിയാല്‍ - ആ ഒരാള്‍ ചേരുന്നില്ല എന്ന് മാത്രമാണ് അര്‍ത്ഥം. കോടിക്കണക്കിന് മനുഷ്യരുള്ള ഈ ലോകത്ത് ആ ഒരാള്‍ നമുക്ക് ചേര്‍ന്നതല്ല എന്ന് മാത്രം.
അതിനപ്പുറം ജീവിതമുണ്ട്. ഇരുപതാം വയസ്സില്‍ എടുത്തൊരു തീരുമാനത്തെ ന്യായീകരിക്കാനാണോ നിങ്ങളൊരു ബന്ധത്തില്‍ നില്‍ക്കുന്നത്? എന്നോ ഉണ്ടായിരുന്ന സ്‌നേഹത്തിന്റെ പ്രേതത്തെ കാത്താണോ നിങ്ങള്‍ ഇതില്‍ നില്‍ക്കുന്നത്? ഭയമെന്ന വികാരമില്ലാതെ സ്‌നേഹത്തെക്കുറിച്ച് ഓര്‍ക്കാന്‍ സാധിക്കുന്നുണ്ടോ? എപ്പോഴും അലര്‍ട്ട് ആയി സര്‍വൈവല്‍ മോഡിലാണോ ജീവിക്കുന്നത് ? ശരിക്കുള്ള നിങ്ങള്‍ എങ്ങനെയാണെന്ന് ഓര്‍ക്കാന്‍ കഴിയുന്നുണ്ടോ ?
മക്കളുടെ ഭാവിയെക്കരുതി? നാട്ടുകാരെ ഭയന്ന് ? തിരികെ പോകാന്‍ ഇടമില്ലാഞ്ഞിട്ട് ? ഇതൊക്കെ അതിജീവിച്ച അനേകായിരങ്ങള്‍ നമ്മുടെ ചുറ്റുമുണ്ട്. എളുപ്പമാണെന്ന് പറയുന്നില്ല, പക്ഷേ വിവാഹ മോചനം ഒരു തോല്‍വിയല്ല, അവനവനെ തിരഞ്ഞെടുക്കാനുള്ള ഒരവസരമാണ്. എല്ലാ ഫോറെവർ ബന്ധങ്ങള്‍ക്കും ഒരു എക്സിറ്റ് ക്ലോസ് ഉണ്ടാവണമെന്ന് മറക്കരുത്. ഈ നശിച്ച സ്‌നേഹം കൊണ്ട് നിങ്ങള്‍ മരിച്ചു പോകരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
