

ഇപ്പോഴത്തെ സിനിമകളുടെ ടൈറ്റിൽ കാണുമ്പോൾ ചിരി വരുമെന്ന് നടൻ ബാലചന്ദ്ര മേനോൻ. സിനിമകളുടെ പേരെടുത്ത് പറഞ്ഞായിരുന്നു ബാലചന്ദ്ര മേനോന്റെ വിമർശനം. സമാന്തരങ്ങൾ എന്ന സിനിമയിലൂടെ തനിക്ക് ലഭിക്കേണ്ടിയിരുന്ന ദേശീയ പുരസ്കാരങ്ങൾ നിഷേധിച്ചതിലും ബാലചന്ദ്ര മേനോൻ നീരസം പ്രകടിപ്പിച്ചു.
തന്റെ പുതിയ ചിത്രമായ പ്രതിഛായയുടെ പ്രൊമോഷന്റെ ഭാഗമായി കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബാലചന്ദ്ര മേനോൻ. ഒരുപാട് നല്ല ടൈറ്റിലുകള്‍ കൊടുത്തിട്ടുള്ള ആളാണ്. ഇന്നത്തെ പല സിനിമകളുടെയും ടൈറ്റില്‍ കാണുമ്പോള്‍ എന്താണ് തോന്നുന്നത് എന്നായിരുന്നു അവതാരകന്റെ ചോദ്യം.
ഇതിന് മറുപടിയായി 'ചിരി വരും. ആശാന്‍, ശുക്രന്‍, ഭഭബ എന്നൊക്കെയാണ് പേരുകള്‍. പടം കാണുന്നവനെ ഭ ഭ എന്ന് ആട്ടിയാല്‍ എങ്ങനെ പടം ഓടും? ഇതൊക്കെ എന്തോന്നാ? എനിക്കറിയാന്‍ വയ്യ എന്താണ് ഉദ്ദേശ്യം എന്ന്', ബാലചന്ദ്ര മേനോൻ പറഞ്ഞു. സമാന്തരങ്ങള്‍ എന്ന സിനിമയിലൂടെ തനിക്ക് ലഭിക്കേണ്ടിയിരുന്ന ദേശീയ പുരസ്കാരങ്ങള്‍ കേരളത്തിലെ ജൂറി അംഗം ഇടപെട്ട് തടസപ്പെടുത്തിയെന്നും ബാലചന്ദ്ര മേനോൻ ആരോപിച്ചു.
'സമാന്തരങ്ങള്‍ക്ക് ദേശീയ പുരസ്കാരം കിട്ടിയ വര്‍ഷത്തെ അവാര്‍ഡ് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഒരു ജൂറി അംഗം പറഞ്ഞതാണ്. ആ വര്‍ഷം വിധി നിര്‍ണയം നടന്നപ്പോള്‍ ഇന്ത്യയിലെ ഏറ്റവും നല്ല ഫീച്ചര്‍ ഫിലിം സമാന്തരങ്ങള്‍ ആയിരുന്നു. ഏറ്റവും നല്ല നടന്‍ ബാലചന്ദ്ര മേനോന്‍ മാത്രമായിരുന്നു. ഏറ്റവും നല്ല സംവിധായകനും ബാലചന്ദ്ര മേനോന്‍ ആയിരുന്നു.
അങ്ങനെ ആവണം എന്ന ഒരു ഘട്ടം വന്നപ്പോള്‍ കേരളത്തില്‍ നിന്നു തന്നെ വന്ന ഒരു ജൂറി അംഗം അതിനെ എതിര്‍ത്തു. ചിത്രത്തിന് ഇത്തരത്തിലുള്ള കുഴപ്പങ്ങള്‍ ഒക്കെയുണ്ട്. അതുകൊണ്ട് അങ്ങനെ കൊടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. അങ്ങനെയാണ് അവാര്‍ഡുകള്‍ ഇങ്ങനെ ആയത്.
ആദ്യമുള്ളത് അംഗീകരിച്ചിരുന്നുവെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ ഒരു ഇതിഹാസമായിട്ട് നമ്മള്‍ വന്നേനെ. അങ്ങനെ ഒരു ഉപകാരം ഒരു മലയാളിയെക്കൊണ്ട് ഉണ്ടായി. അദ്ദേഹം ഇപ്പോള്‍ മരിച്ചുപോയി. അതുകൊണ്ട് പേര് പറഞ്ഞിട്ട് കാര്യമില്ല”, ബാലചന്ദ്ര മേനോന്‍ പറഞ്ഞു. മാർച്ച് 26 നാണ് പ്രതിഛായ റിലീസിനെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates