

തല മൊട്ടയടിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയ നടി നയന്‍താരയുടെ ചിത്രങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഓഗസ്റ്റ് 16 മുതലാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലും ഇന്‍സ്റ്റഗ്രാമിലും പ്രചരിക്കാന്‍ തുടങ്ങിയത്. തന്റെ പുതിയ ചിത്രം ടോക്‌സിക്കിന്റെ വിജയത്തിന് വേണ്ടിയാണ് നയന്‍താര തല മുണ്ഡനം ചെയ്തതെന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രചരണം.
എന്നാല്‍ ഈ ചിത്രങ്ങള്‍ യഥാര്‍ത്ഥമല്ലെന്നതാണ് വസ്തുത. മറിച്ച് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചില വിരുദ്ധന്മാര്‍ സൃഷ്ടിച്ചതാണ് ഈ ചിത്രം. കഴിഞ്ഞ എപ്രില്‍ മാസത്തില്‍ ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനുമൊപ്പം നയന്‍താര തിരുമല ക്ഷേത്രത്തിലെത്തിയിരുന്നു. ഈ സമയത്ത് പകര്‍ത്തിയ ചിത്രങ്ങളും വിഡിയോകളുമാണ് എഐയിലൂടെ മാറ്റിയെടുത്തിരിക്കുന്നത്.
ചിത്രത്തില്‍ കാണുന്നത് പോലെ നയന്‍താര തല മുണ്ഡനം ചെയ്തിട്ടില്ല. തന്റെ ഹെയര്‍ സ്‌റ്റൈലില്‍ യാതൊരു മാറ്റവും നയന്‍താര വരുത്തിയിട്ടില്ലെന്നതാണ് വസ്തുത. നയന്‍താരയുടെ പുതിയ ചിത്രം ടോക്‌സിക് ഓഗസ്റ്റ് 26ന് റിലീസിന് തയ്യാറെടുക്കുകയാണ്. യഷ് നായകനായ ചിത്രത്തില്‍ കിയാര അദ്വാനി, താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത് തുടങ്ങിയ വലിയ താരനിരയുണ്ട്. ഈ ചിത്രത്തിന്റെ റീലുസുമായി ബന്ധപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയ എഐ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.
അതേസമയം നേരത്തെ ടോക്‌സിക്കിന്റെ ട്രെയിലര്‍ ലോഞ്ചിനും നയന്‍താര എത്തിയത് വൈറലായിരുന്നു. പൊതുവെ തന്റെ സിനിമകളുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കെത്തുന്ന ശീലം നയന്‍താരയ്ക്കില്ല. യഷ് നിര്‍ബന്ധിച്ചു കൊണ്ടാണ് താന്‍ പ്രൊമോഷനെത്തിയതെന്നാണ് നയന്‍താര പറഞ്ഞത്. ടോക്‌സിക്കിന് പിന്നാലെ സല്‍മാന്‍ ഖാനൊപ്പം ഹിന്ദി ചിത്രത്തിലും നയന്‍താര അഭിനയിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ സംവിധാനം വംശി പൈഡിപ്പള്ളിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates