

വർഷങ്ങളായി നടൻ ബിജു മേനോൻ മലയാളി മനസിൽ കുടിയേറിയിട്ട്. മലയാളത്തിന് പുറമേ തമിഴകത്തും തിളങ്ങി നിൽക്കുകയാണ് ബിജു മേനോനിപ്പോൾ. ശിവകാർത്തികേയൻ നായകനായെത്തുന്ന മദ്രാസി ആണ് ബിജു മേനോന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ മലയാള ചിത്രം. ഈ മാസം അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുക. മദ്രാസിയുടെ പ്രൊമോഷൻ തിരക്കുകളിലാണ് അണിയറപ്രവർത്തകരിപ്പോൾ.
കഴിഞ്ഞ ദിവസം നടന്ന പ്രൊമോഷൻ പരിപാടിക്കിടെ ചിത്രത്തെക്കുറിച്ച് ബിജു മേനോൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. മുരുഗദോസിന്റെ പടത്തിൽ അഭിനയിക്കണമെന്നത് തന്റെയൊരു ആഗ്രഹമായിരുന്നുവെന്നും അതിപ്പോൾ നടന്നുവെന്നും ബിജു മേനോൻ പറഞ്ഞു.
"ഇത്രയും ജോളിയായിട്ടുള്ള ആളുകളെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. തമിഴിൽ എനിക്ക് സംസാരിക്കാൻ അത്ര അറിയില്ല. മുരുഗദോസിന്റെ പടത്തിൽ അഭിനയിക്കണമെന്നത് എന്റെയൊരു ആഗ്രഹമായിരുന്നു. അത് നടന്നു. ഒരുപാട് നന്ദി സാർ. നിർമാതാക്കൾക്കും എല്ലാവർക്കും നന്ദി.
നല്ലൊരു സിനിമയാണ് മദ്രാസി. ഞാൻ അനിരുദ്ധിന്റെ വലിയൊരു ആരാധകനാണ്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവർക്കും നന്ദി".- ബിജു മേനോൻ പറഞ്ഞു. ബിജു മേനോനെക്കുറിച്ച് പ്രൊമോഷൻ വേദിയിൽ വച്ച് നടൻ ശിവകാർത്തികേയൻ പറഞ്ഞ വാക്കുകളും ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.
"ഈ പടത്തിൽ ബിജു മേനോൻ സാർ ഉണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ വലിയ ആവേശത്തിലായി. നിങ്ങൾ എല്ലാവരെയും പോലെ ഞാനും അയ്യപ്പനും കോശിയുടെയും വലിയൊരു ഫാൻ ആണ്. അതിൽ ചെരുപ്പ് ഊരിയിട്ടിട്ട് നടന്നു പോകുന്ന ഒരു സീനുണ്ട്. അതൊക്കെ കാണുമ്പോൾ ഭയങ്കര രോമാഞ്ചം വരും.
അദ്ദേഹം ഷൂട്ടിന് വന്നപ്പോൾ എന്നോട് വന്ന് ഹായ് സാർ എന്ന് പറഞ്ഞു. അപ്പോൾ നമ്മുടെ നെഞ്ച് പടാപടാന്ന് മിടിക്കും. അദ്ദേഹത്തിന്റെ ശബ്ദം അങ്ങനെയാണ്. പക്ഷേ സംസാരിച്ചു കഴിയുമ്പോൾ മനസിലാകും ഒരു ക്യൂട്ട് ബേബിയെപ്പോലെയാണ് അദ്ദേഹമെന്ന്. അത്രയും നല്ല ഹൃദയത്തിനുടമയാണ് അദ്ദേഹം.
നിങ്ങളൊരു വലിയ മനുഷ്യനാണ്, കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ശബ്ദം എങ്ങനെയാണ് ഒരു സീനിൽ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം അഭിനയിക്കുമ്പോൾ ഞാൻ നോക്കിയിരിക്കുകയായിരുന്നു. ഒരുപാട് നന്ദി സാർ. ഈ പടത്തിൽ ഒന്നിച്ച് വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ എനിക്കൊരുപാട് സന്തോഷമുണ്ട്".- ശിവകാർത്തികേയൻ പറഞ്ഞു.
എആർ മുരുഗദോസ് ആണ് മദ്രാസി സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. രുക്മിണി വസന്ത്, വിദ്യുത് ജംവാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates