
രാജക്കന്മാരും രാജ്ഞിമാരുമായും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന നിരവധി താരങ്ങളുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാജകുടുംബാംഗങ്ങളായ നിരവധി താരങ്ങളാണ് ബോളിവുഡിലുള്ളത്. അതിഥി റാവു മുതല്‍ അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്‍ വരെ രാജകുടുംബത്തില്‍ നിന്നുള്ളവരാണ്. ബോളിവുഡിലെ അഞ്ച് റോയല്‍ താരങ്ങളെ പരിചയപ്പെടാം.
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് അതിദി റാവു. മാതാപിതാക്കള്‍ ഇരുവരും രാജകുടുംബത്തില്‍ നിന്നുള്ളവരായതിനാല്‍ രണ്ട് രാജകുടുംബത്തിലെ അംഗമാണ് താരം. ഹൈദരാബാദിന്റെ മുന്‍ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് അക്ബര്‍ നാസര്‍ അലി ഹൈദരിയുടെ ചെറുമകളാണ് അതിദി. കൂടാതെ അമ്മയുടെ ഭാഗത്തു നിന്ന് നോക്കിയാല്‍, വനപര്‍തി കുടുംബത്തിലെ രാജ ജെ രാമേശ്വര്‍ റാവുവിന്റെ ചെറുമകളാണ്. രണ്ട് വയസില്‍ താരത്തിന്റെ മാതാപിതാക്കള്‍ വേര്‍പിരിയുകയായിരുന്നു. എന്നാല്‍ രണ്ട് രാജകുടുംബത്തേയും താരം തന്റെ പേരിനൊപ്പം നിലനിര്‍ത്തി.
ബോളിവുഡിലെ സൂപ്പര്‍താര സഹോദരങ്ങളാണ് സെയ്ഫ് ഇലി ഖാനും സോഹ അലി ഖാനും. ഇരുവരും പട്ടൗഡി രാജകുടുംബത്തിലെ അംഗങ്ങളാണ്. ഇവരുടെ അച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി എന്ന ടൈഗര്‍ പട്ടൗഡി രാജകുടുംബത്തിലെ അവസാനത്തെ നവാബായിരുന്നു. കൂടാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം. സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാനും ഇപ്പോള്‍ സിനിമയിലുണ്ട്. മകള്‍ ഇബ്രാഹിം അലി ഖാന്‍ അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ്. ഇതോടെ ബോളിവുഡിലെ പട്ടൗഡി പവര്‍ കൂടും.
മികച്ച പ്രകടനത്തിലൂടെ ഇന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച നടനാണ് ഇര്‍ഫാന്‍. രാജസ്ഥാനിലെ ടോംകില്‍ നിന്നുള്ള താരം രാജകുടുംബത്തിലെ അംഗമാണ്. അദ്ദേഹതതിന്റെ അമ്മ സയീദ ബീഗം ഖാന്‍ ടോംക് ഹക്കിം രാജകുടുംബത്തിലെ അംഗമാണ്. കൂടാതെ അദ്ദേഹത്തിന്റെ അച്ഛന്‍ ഗ്രാമത്തിലെ പേരുകേട്ട സമീന്ദാറായിരുന്നു. സാഹബ്‌സാദെ ഇര്‍ഫാന്‍ അലി ഖാന്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്.
നേപ്പാളിലെ രാജകുടുംബത്തിലെ അംഗമാണ് ബോളിവുഡ് സുന്ദരി മനീഷ കൊയിരാള. നേപ്പാള്‍ രാഷ്ട്രീയത്തിലെ ശക്തമായ സാന്നിധ്യമാണ് മനീഷയുടെ കുടുംബം. താരത്തിന്റെ അച്ഛന്‍ പ്രകാശ് കൊയിരാള രാഷ്ട്രീയനേതാവാണ്. മുന്‍ കാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം. കൂടാതെ മനീഷയുടെ മുത്തച്ഛന്‍ ബിശ്വേശ്വര്‍ പ്രസാദ് കൊയിരാളയും മറ്റ് പൂര്‍വികരും നേപ്പാളിന്റെ പ്രധാനമന്ത്രിമാരായിരുന്നു.
ശക്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിനെ ഞെട്ടിച്ച താരസഹോദരിമാരാണ് റിമ സെന്നും റൈമ സെന്നും. ബംഗാളില്‍ നിന്നുള്ള താരങ്ങള്‍ അമ്മയുടേയും മുത്തശ്ശിയുടേയും പാത പിന്തുടര്‍ന്നാണ് സിനിമയില്‍ എത്തുന്നത്. ഇരുവരും രാജകുടുംബത്തില്‍ നിന്നുള്ളവരാണ്. ബറോഡയിലെ മഹാരാജാവ് സയജിറാവു ഗെയ്ക് വാദിന്റെ ഏക മകളായിരുന്നു ഇവരുടെ മുതുമുത്തശ്ശിയായ ഇന്ദിര. ഇവരുടെ അച്ഛന്റെ അമ്മ ഇള ദേവി പശ്ചിമ ബംഗാളിലെ കൂച് ബെഹാറിന്റെ രാജകുമാരിയായിരുന്നു. കൂടാതെ ഇവരുടെ സഹോദരി ഗായത്രി ദേവി ജയ്പൂരിലെ മഹാറാണിയാണ്. റിയയുടേയും റൈമയുടേയും അച്ഛന്‍ ഭരത് ദേവ് ശര്‍മ ത്രിപുരയിലെ രാജകുടുംബത്തിലെ അംഗമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates