

കൊച്ചി: വിവാദമായ സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’യിൽ 2 മാറ്റങ്ങൾ വരുത്താമെങ്കിൽ പ്രദര്‍ശന അനുമതി നൽകാമെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയില്‍. ഒരു സീനിലെ ഭാഗം മ്യൂട്ട് ചെയ്യണമെന്നും സബ്ടൈറ്റിലിൽ മാറ്റം വേണമെന്നും സെൻസർബോർഡ് കോടതിയെ അറിയിച്ചു.
കോടതിയിലെ വിസ്താര സീനില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യണം, ജാനകിയെന്ന പേര് ഉപയോഗിക്കുന്ന സബ്‌ടൈറ്റിലിലും മാറ്റം വരുത്തണം, ജാനകി വിദ്യാധരന്‍ എന്ന പേരിന് പകരം വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാമെന്നുമാണ് സെൻസർ ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. അങ്ങനെയെങ്കിൽ പ്രദര്‍ശനാനുമതി നല്‍കാന്‍ തയ്യാറാണെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട് .
രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര് , ആ പേര് ഉപയോഗിക്കുന്നതിലൂടെ മനപ്പൂര്‍വ്വം ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും . ക്രോസ് എക്സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽ പെട്ടവരെ വ്രണപ്പെടുത്തും, ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ, പോണോഗ്രാഫിക് വീഡിയോ കാണുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമ്പോൾ അഭിപ്രായം അറിയിക്കാൻ ജസ്റ്റിസ് എൻ. നഗരേഷ് സിനിമയുടെ നിർമാതാക്കളോട് നിർദേശിച്ചിട്ടുണ്ട്. കേസില്‍ ഉച്ചയ്ക്ക് ഒന്നേമുക്കാലിന് വിശദമായി വാദം കേൾക്കാം എന്ന ജസ്റ്റിസ് നഗരേഷ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates