

ജ്ഞാനപീഠം ലഭിച്ച വൈരമുത്തുവിനെ പ്രശംസിച്ച കമല്‍ഹാസനേയും രജനികാന്തിനേയും ഗായിക ചിന്മയി ശ്രീപദ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം തന്നെ ചിന്മയിക്ക് നേരിടേണ്ടി വന്നു. പിന്നാലെ സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി ചിന്മയി എത്തിയിരിക്കുകയാണ്. വിമര്‍ശിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് ചിന്മയി പറയുന്നത്. താനും ഒരുകാലത്ത് കമലിന്റേയും രജനിയുടേയും ആരാധികയായിരുന്നുവെന്നും ചിന്മയി പറയുന്നു.
വൈരമുത്തുവിന് ജ്ഞാനപീഠം നല്‍കിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 2018 മീടു തുറന്നു പറച്ചിലുകള്‍ക്കിടെ ചിന്മയിയടക്കം നിരവധി സ്ത്രീകള്‍ വൈരമുത്തുവിനെതിരെ രംഗത്തെത്തിയിരുന്നു. വൈരമുത്തുവിന് പുരസ്‌കാരം നല്‍കി ആദരിച്ചതിനെതിരെ നേരത്തെ ചിന്മയി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് കമലിനേയും രജനിയേയും വിമര്‍ശിക്കുന്നതും സൈബര്‍ ആക്രമണം നേരിടേണ്ടി വരികയും ചെയ്തത്.
ട്വിറ്ററിലൂടെയായിരുന്നു ചിന്മയി സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. ആ വാക്കുകളിലേക്ക്:
രജനി സാറിനേയും കമല്‍ സാറിനേയും വിമര്‍ശിച്ചു എന്ന കാരണത്താല്‍ നിങ്ങളില്‍ പലര്‍ക്കും എന്നോട് ദേഷ്യമുണ്ടെന്ന് അറിയാം. ഞാനുമൊരു ആരാധികയായിരുന്നു. നല്ലത് ചെയ്യുമെന്ന് നിഷ്‌കളങ്കമായി ഞാന്‍ പ്രതീക്ഷിച്ചിരുന്നവര്‍ നിരാശപ്പെടുത്തുമ്പോള്‍ എന്റെ വിമര്‍ശനം പങ്കുവെക്കാനുള്ള അവകാശം എനിക്കുണ്ട്. പ്രത്യേകിച്ചും അതിലൊരാള്‍ എംപിയുമായിരിക്കെ. നല്ലത് ചെയ്യുമെന്ന പഞ്ച് ലൈന്‍ പറയുന്ന അവരുടെ സിനിമയിലെ കഥാപാത്രങ്ങളെപ്പോലെ.
ഈ രാജ്യത്തെ ഒരു പൗരന്‍ എന്ന നിലയിലും, സ്ത്രീയെന്ന നിലയിലും, കുട്ടികളുടെ രക്ഷിതാവെന്ന നിലയിലും, അധികാരകേന്ദ്രങ്ങളിലിരിക്കുന്ന പുരുഷന്മാര്‍ നടത്തുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും അക്രമങ്ങളും കുന്നു കൂടുന്നത് കാണേണ്ടി വരുമ്പോള്‍, മാറ്റം കൊണ്ടുവരാന്‍ സാധിക്കുന്നവര്‍ കണ്ണടയ്ക്കുമ്പോള്‍, കടുത്ത നിരാശയാണ് തോന്നുന്നത്. അപ്പോള്‍ എങ്ങനെയാണ് മാതൃകയാകുന്നതെന്ന് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോട് ചോദിക്കുന്നത് എന്റെ അവകാശമാണ്.
ഒരാള്‍ക്ക് നിരാശപ്പെടാം. തമിഴ് സിനിമ ഇന്‍ഡസ്ട്രിയിലെ എല്ല മിക്ക നായകന്മാരും ഗുരുക്കന്മാരും ശരിയായ കാര്യമല്ല ചെയ്തത്. ഞാന്‍ ആകെ ആവശ്യപ്പെടുന്നത് ഒരു ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കാനാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭയമില്ലാതെ പരാതിപ്പെടാനും, വ്യാജ കേസുകള്‍ക്കെതിരെ കവചമാകാനും അത് മൂലം സാധിക്കും.
ഇപ്പോള്‍ എനിക്കറിയാം. ഇതുവരെ ആരും പരസ്യമായി തുറന്ന് കാണിക്കാത്ത ഒരുപാട് പുരുഷന്മാരുണ്ട്. അവര്‍ ആരെന്ന് ഞങ്ങള്‍ക്കറിയാം. എന്റെ മക്കളുടെ അഞ്ച് കിലോമീറ്റര്‍ റേഡിയസില്‍ പോലും വരാനാകാത്തവര്‍ ആരെന്ന് എനിക്കറിയാം. അവര്‍ ആരെന്ന് നിങ്ങള്‍ക്ക് അറിയാകാനാകില്ലെന്നത് സങ്കടകരമാണ്. കാരണം തമിഴ്‌നാട്ടില്‍ ഒരു അക്രമിയ്‌ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യുന്നത് സുരക്ഷിതമല്ല. കാരണം നിങ്ങളെല്ലാം ചേര്‍ന്ന് ലൈംഗിക കുറ്റവാളികളായ ചങ്ങാതിമാരെ സംരക്ഷിക്കും.
സമയം ആയിരിക്കും നിങ്ങളുടെ ഏറ്റവും വലിയ ഗുരു.
ആ പാഠങ്ങള്‍ കഠിനമായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates