

ദിലീപ് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ഭഭബ. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റമിവുക്തനാക്കിയതിന് പിന്നാലെയുള്ള സിനിമയെന്ന നിലയില്‍ ദിലീപിന്റെ തിരിച്ചുവരവാകും ഭഭബ എന്നാണ് കരുതപ്പെട്ടിരുന്നത്. മോഹന്‍ലാലിന്റെ അതിഥി വേഷവും, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ താരങ്ങളുടെ സാന്നിധ്യവും ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും ബോക്‌സ് ഓഫീസില്‍ വിലപോയില്ല.
തീയേറ്ററില്‍ കനത്ത പരാജയമാണ് ഭഭബ നേരിട്ടത്. ചിത്രത്തിലെ തമാശകള്‍ പഴകി തേഞ്ഞവയെന്ന വിമര്‍ശനം നേരിട്ടപ്പോള്‍ ചിത്രത്തിലെ പല രംഗങ്ങളും വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തു. ഇതിന് പിന്നാലെ ഒടിടിയിലെത്തിയിരിക്കുകയാണ് ഭഭബ. സീ ഫൈവിലൂടെയാണ് ചിത്രത്തിന്റെ ഒടിടി എന്‍ട്രി. തിയേറ്ററിലെന്നത് പോലെ ഒടിടിയിലും ചിത്രം ട്രോളുകള്‍ നേരിടുകയാണ്.
ഇതിനിടെ സിനിമയില്‍ വന്ന ചില മാറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് സോഷ്യല്‍ മീഡിയ. തിയേറ്ററില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായ രംഗമായിരുന്നു കിഡ്‌നാപ്പിങ് കോമഡി രംഗം. ഇത് ഒടിടിയിലെത്തിയപ്പോള്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ചിത്രത്തിലെ ധ്യാനും വിനീതും വരുന്ന രംഗത്തിലെ പശുവിനെ തട്ടിക്കൊണ്ടു പോകുന്നതിനെക്കുറിച്ചുള്ള ഡയലോഗ് കടുത്ത വിമര്‍ശനങ്ങളാണ് നേരിട്ടത്. വിനീതിന്റെ ഭാവനയില്‍ ദിലീപ് ഒരു സ്ത്രീയെ തട്ടിക്കൊണ്ടു പോകുന്നതായി കാണിക്കുന്നുണ്ടായിരുന്നു. അതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.
നടി ആക്രമിക്കപ്പെട്ട കേസിനെ പരിഹസിക്കുന്നുവെന്നായിരുന്നു ഈ രംഗം നേരിട്ട വിമര്‍ശനം. എന്നാല്‍ ഒടിടിയിലെത്തിയപ്പോള്‍ ഈ രംഗത്തില്‍ മാറ്റം വരുത്തിയെന്നും സ്ത്രീയെ തട്ടിക്കൊണ്ടു പോകുന്നത് ഒഴിവാക്കിയെന്നുമാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. തിയേറ്ററില്‍ കേട്ടതിന്റെ നൂറിരട്ടി വിമര്‍ശനവും ട്രോളുവും ഒടിടിയില്‍ കിട്ടുമെന്ന തിരിച്ചറിവാണ് ഈ വെട്ടിമാറ്റലിന് പിന്നില്‍ സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.
ചിത്രത്തിലെ മറ്റൊരു വിവാദ രംഗമായിരുന്നു ധ്യാനിന്റെ ഇന്‍ട്രോ. നടി ആക്രമിക്കപ്പെട്ട സമയത്ത്, അമ്മ മീറ്റിങിന് മുമ്പായി പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍ അതുപോലെ തന്നെ ഈ രംഗത്ത് ഉപയോഗിച്ചുവെന്നും അതിലൂടെ പൃഥ്വിരാജിനെ അവഹേളിച്ചുവെന്നുമായിരുന്നു വിമര്‍ശനം. ഈ രംഗവും ഒടിടിയിലെത്തിയപ്പോള്‍ വെട്ടിമാറ്റിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ തന്നെ, ദളപതി കോളനി എന്ന ബോര്‍ഡ് ഒടിടിയിലെത്തിയപ്പോള്‍ ദളപതി നഗര്‍ എന്നാക്കിയതായും പ്രേക്ഷകര്‍ പറയുന്നു.
വിവാദങ്ങളും ട്രോളുകളും ഒഴിവാക്കാന്‍ വേണ്ടിയാണ് വിവാദ രംഗങ്ങളെല്ലാം ഒഴിവാക്കിയതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും സിനിമ ഒടിടിയിലെങ്കിലും വിജയിക്കുമെന്ന് കരുതേണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പഴഞ്ചന്‍ തമാശകളും, അതിലും പഴയ ആശയങ്ങളും മുന്നോട്ട് വെക്കുന്ന സിനിമ വരും ദിവസങ്ങളിലും കടുത്ത വിമര്‍ശനങ്ങള്‍ നേരിടുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates