'സരിതം എഴുതട്ടുമേ...'; ദ് ബ്രാൻഡ് ഡയറക്ടർ, ഒരേ ഒരു ലോകേഷ് കനകരാജ്

ലോകേഷിന്റേതായി ഇതുവരെ കണ്ടതിൽ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു ലോകമായിരിക്കും കൂലി എന്നത് ഉറപ്പാണ്.
Lokesh Kanagaraj, Coolie
Lokesh Kanagaraj, Coolieഎക്സ്

ഒരു വലിയ ജനക്കൂട്ടത്തെ മുഴുവൻ തിയറ്ററുകളിലെത്തിക്കാൻ കഴിവുള്ള, തെന്നിന്ത്യയിൽ സൂപ്പർ സ്റ്റാറിനെ പോലെ ഫാൻ ബേസ് ഉള്ള ഒരേയൊരു സംവിധായകൻ‌ ഇന്ന് ലോകേഷ് കനകരാജ് ആയിരിക്കും. വിരലിലെണ്ണാവുന്ന സിനിമകൾ വച്ച് തെന്നിന്ത്യയിൽ ലോകേഷ് ഉണ്ടാക്കിയിരിക്കുന്ന ഓളം ചെറുതല്ല.

കൂലി എന്ന ലോകേഷിന്റെ പുതിയ സിനിമയ്ക്ക് ഓരോ പ്രേക്ഷകനും ടിക്കറ്റ് എടുക്കുന്നുണ്ടെങ്കിൽ അത് ലോകേഷ് എന്ന സംവിധായകനിലുള്ള പ്രേക്ഷകരുടെ അന്ധമായ വിശ്വാസം ഒന്നു കൊണ്ട് മാത്രമാണ്. മറ്റു സംവിധായകരെ വച്ചു നോക്കുമ്പോൾ സിനിമാറ്റിക് എക്സ്പീരിയൻസിന് കുറച്ച് കൂടുതൽ വാല്യൂ കൊടുക്കുന്ന സംവിധായകൻ കൂടിയാണ് ലോകേഷ്.

അതുകൊണ്ട് തന്നെയാണ് ലോകേഷിന്റെ പടം വരുമ്പോൾ ആളുകൾ കണ്ണുംപൂട്ടി തിയറ്ററുകളിലേക്ക് കയറുന്നത്. മുടക്കുന്ന പൈസയ്ക്ക് ലോകേഷിന്റെ സിനിമ മുതലായിരിക്കും എന്ന് ഉറപ്പാണ് അവർക്ക്. കൂലി വ്യാഴാഴ്ച തിയറ്ററുകളിലെത്തുകയാണ്. ലോകേഷിന്റേതായി ഇതുവരെ കണ്ടതിൽ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു ലോകമായിരിക്കും കൂലി എന്നത് ഉറപ്പാണ്. ലോകേഷിന്റെ സിനിമാ ജീവിതത്തിലൂടെ.

1. ബസ് കണ്ടക്ടറുടെ മകൻ

Lokesh Kanagaraj
ലോകേഷ് കനകരാജ്എക്സ്

കോയമ്പത്തൂരിലെ കിണത്തുകടവിൽ ഒരു ബസ് കണ്ടക്ടറുടെ മകനായിട്ടായിരുന്നു ലോകേഷിന്റെ ജനനം. സിനിമയിൽ വരുന്നതിന് മുൻപ് ബാങ്ക് ജീവനക്കാരനായിരുന്നു ലോകേഷ്. ബാങ്കിൽ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്താണ് ലോകേഷിന് സിനിമയോടുള്ള താല്പര്യം കൂടിയത്. ആ സമയത്താണ് ഒരു ഷോർട്ട് ഫിലിം കോംപറ്റീഷനിൽ ലോകേഷ് പങ്കെടുക്കുന്നത്. ആ ഹ്രസ്വ ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചതോടെ ലോകേഷിന്റെ ആത്മവിശ്വാസം ഇരട്ടിയായി. ഫിലിംമേക്കറാകാനുള്ള അദ്ദേ​ഹത്തിന്റെ സ്വപ്നങ്ങൾക്ക് ഇത് കൂടുതൽ ഊർജം നൽകി.

2. ഹ്രസ്വ ചിത്രങ്ങളിലൂടെ

Lokesh Kanagaraj
ലോകേഷ് കനകരാജ്എക്സ്

രണ്ട് ഷോർട്ട് ഫിലിമുകൾ ചെയ്ത ശേഷമാണ് ലോകേഷ് സിനിമയിലെത്തുന്നത്. അച്ചം തവിർ, കലം എന്നിവയാണ് ലോകേഷ് ചെയ്ത ഹ്രസ്വ ചിത്രങ്ങൾ. കലം എന്ന ഷോർട്ട് ഫിലിം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. കാർത്തിക് സുബ്ബരാജിന്റെ അവിയൽ എന്ന ആന്തോളജി ഫിലിമിൽ കലം ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമാ ലോകത്തേക്കുള്ള ലോകേഷിന്റെ എൻട്രി കൂടിയായിരുന്നു കലം. കലത്തിന്റെ തിരക്കഥ ഇന്നും സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറാറുണ്ട്.

3. സിനിമയിലേക്ക്

Lokesh Kanagaraj
ലോകേഷ് കനകരാജ്എക്സ്

2017 ലാണ് ലോകേഷിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ആക്ഷൻ ത്രില്ലറായി ഒരുക്കിയ മാന​ഗരം എന്ന ചിത്രത്തിലൂടെയായിരുന്നു ലോകേഷിന്റെ ബി​ഗ് എൻട്രി. ശ്രീ, സുന്ദീപ് കിഷൻ, റെജീന കസാന്ദ്ര എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ആദ്യ വരവിൽ തന്നെ ലോകേഷ് എന്ന സംവിധായകനെയും എഴുത്തുകാരനെയും പ്രേക്ഷകർ ഇരുകൈയും നീട്ടി തന്നെ സ്വീകരിച്ചു. നോൺ- ലീനിയർ നറേറ്റീവിലുള്ള ലോകേഷിന്റെ കഥ പറച്ചിൽ തമിഴ് സിനിമ പ്രേക്ഷകർക്ക് പുതുമ സമ്മാനിച്ചു. അഞ്ച് കോടി ബജറ്റിലൊരുക്കിയ മാന​ഗരം തിയറ്ററുകളിൽ 15 കോടി നേടി. കൊമേഴ്സ്യൽ എന്ന ലേബലിലേക്ക് ലോകേഷിന്റെ ആദ്യ ചുവടുവയ്പ്പ് കൂടിയായിരുന്നു ഇത്.

4. കൈതി എന്ന ബി​ഗ് ഓപ്പൺ

Lokesh Kanagaraj
ലോകേഷ് കനകരാജ്എക്സ്

മാന​ഗരം റിലീസ് ചെയ്ത് രണ്ട് വർഷത്തിന് ശേഷമാണ് ലോകേഷ് മറ്റൊരു സിനിമയുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. 2019 ൽ കാർത്തിയെ നായകനാക്കി കൈതി എന്ന ചിത്രവുമായിട്ടായിരുന്നു തന്നെ ആദ്യം വിശ്വസിച്ച പ്രേക്ഷകർക്ക് മുന്നിലേക്ക് ലോകേഷ് എത്തിയത്. വിജയ് ചിത്രം ബി​ഗിലിനൊപ്പമായിരുന്നു കൈതിയുടെ റിലീസ്, 2019 ഒക്ടോബർ 25.

തമിഴകത്തെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ വിജയ് ചിത്രത്തിനൊപ്പം റിലീസായിട്ട് പോലും കൈതി ബോക്സോഫീസിൽ തരം​ഗമായി മാറി. 100 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു. അതോടൊപ്പം എൽസിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) എന്ന മറ്റൊരു ലോകത്തിന് കൂടി ലോകേഷ് കൈതിയിലൂടെ തുടക്കമിട്ടു. സ്റ്റീരിയോടൈപ്പുകളെയെല്ലാം തകർത്തെറിഞ്ഞു കൊണ്ടായിരുന്നു ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ പിന്നീടുള്ള യാത്ര.

5. എൽസിയുവും ലോകേഷും

Lokesh Kanagaraj
ലോകേഷ് കനകരാജ്എക്സ്

കൈതിക്കു ശേഷം ലോകേഷ് എത്തിയത് ദളപതി വിജയ്ക്കൊപ്പമായിരുന്നു. 2021 ൽ 'മാസ്റ്റർ' എന്ന ചിത്രത്തിനായി ഇരുവരും കൈകോർത്തു. അക്ഷരാർഥത്തിൽ ബോക്സോഫീസിനെ പിടിച്ചുകുലുക്കിയ ചിത്രം കൂടിയായിരുന്നു മാസ്റ്റർ. വിജയിയെയും വിജയ് സേതുപതിയും ഒന്നിപ്പിച്ചു കൊണ്ടുള്ള ലോകേഷിന്റെ മാസ്റ്റർ മറ്റൊരു ദൃശ്യാനുഭവമായിരുന്നു പ്രേക്ഷകർക്ക് സമ്മാനിച്ചത്.

തൊട്ടടുത്ത വർഷം കമൽ ഹാസനെ നായകനാക്കി വിക്രം എന്ന ചിത്രവുമായി ലോകേഷ് വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തി. എൽസിയുവിലെ രണ്ടാമത്തെ ചിത്രമായിരുന്നു വിക്രം. ബോക്സ് ഓഫീസ് റെക്കോർഡുകളെല്ലാം കാറ്റിൽ പറത്തിയായിരുന്നു വിക്രത്തിന്റെ തേരോട്ടം. കമൽ ഹാസന്റെയും കരിയറിലെ നാഴികകല്ലായി വിക്രം.

ഇതോടെ ലോകേഷിനൊപ്പം സിനിമ ചെയ്യാൻ സൂപ്പർ താരങ്ങൾക്ക് ആവേശമായി. 2024 ൽ സൂപ്പർ സ്റ്റാർ രജനികാന്തുമായി ലോകേഷ് കൈകോർത്തു. ഒരു ബസ് കണ്ടക്ടറായി ജീവിതം ആരംഭിച്ച് സൂപ്പർ സ്റ്റാറായി മാറിയ ഒരാളുടെ കരിയറിലെ 171-ാമത് സിനിമ സംവിധാനം ചെയ്യുന്നത് ഒരു ബസ് കണ്ടക്ടറുടെ മകൻ. കൂലി എന്ന വമ്പൻ സിനിമയെ താരനിരയ്ക്കപ്പുറം ആരാധകരും പ്രേക്ഷകരും കാണുന്നത് ഇന്ന് ഇങ്ങനെ കൂടിയാണ്.

6. അച്ഛനുള്ള ട്രിബ്യൂട്ട്

Lokesh Kanagaraj
ലോകേഷ് കനകരാജ്എക്സ്

'കൂലി'യുടെ കാരക്ടർ പോസ്റ്ററിൽ രജനികാന്ത് 1421 എന്ന നമ്പറുള്ള ഒരു ബാഡ്ജ് പിടിച്ചു നിൽക്കുന്നതായി കാണാം. 1421 നമ്പറിനേക്കുറിച്ച് രജനികാന്ത് ഒരിക്കൽ തന്നോട് ചോദിച്ചുവെന്ന് ലോകേഷ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അത് തന്റെ അച്ഛന്റെ ബാഡ്ജ് നമ്പറാണെന്നും അദ്ദേഹം ഒരു ബസ് കണ്ടക്ടറാണെന്നും താൻ അദ്ദേഹത്തോട് പറഞ്ഞതായി ലോകേഷ് പറഞ്ഞു.

'നിന്റെ അച്ഛൻ ഒരു ബസ് കണ്ടക്ടറാണെന്ന കാര്യം എന്നോട് എന്തുകൊണ്ടാണ് നേരത്തെ പറയാതിരുന്നത്' എന്ന് രജനികാന്ത് ചോദിച്ചിരുന്നുവെന്നും ലോകേഷ് വെളിപ്പെടുത്തി. 'സാർ അത് ശ്രദ്ധിച്ചതിന് ശേഷം എന്നോട് ചോദിക്കാനായി ഞാൻ കാത്തിരിക്കുകയായിരുന്നു. അപ്പോൾ എനിക്ക് അതൊരു അവിസ്മരണീയമായ നിമിഷമായി മാറും. 'കൂലി' എന്റെ അച്ഛനുള്ള ട്രിബ്യൂട്ട് ആണ്'.- ലോകേഷ് അഭിമാനത്തോടെ കൂലിയെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്.

ഒരു ബസ് കണ്ടക്ടറുടെ മകനിൽ നിന്ന് സംവിധായകനിലേക്കുള്ള ലോകേഷ് കനകരാജിന്റെ യാത്ര വെറുമൊരു വിജയഗാഥയല്ല. സിനിമയെ സ്വപ്നം കാണുന്നവർക്കും അതിനായി രാപ്പകലില്ലാതെ കഷ്ടപ്പെടുന്നവർക്കുമുള്ള ഒരു പ്രചോദനം കൂടിയാണ്.

Summary

Cinema News: Coolie Director Lokesh Kanagaraj career and life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com