സ്വാസികയും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചതുരം എന്ന സിനിമയുടെ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇരുവരും തമ്മിലുള്ള പ്രണയ നിമിഷങ്ങളാണ് പോസ്റ്ററിലുണ്ടായിരുന്നത്. അതിനു പിന്നാലെ സ്വാസികയെ വിമർശിച്ചുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തി. അത്തരത്തിൽ വന്ന ഒരു കമന്റിന് സ്വാസിക നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
താരം പങ്കുവിച്ച പോസ്റ്റിന് താഴെ ‘ആണുങ്ങളെ മാത്രമാണോ സിനിമ 'കാണിക്കുവാൻ' ഉദ്ദേശിക്കുന്നത്? താങ്കളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല’ എന്നു പറഞ്ഞുകൊണ്ടാണ് കമന്റ് എത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സ്വാസിക ശക്തമായ ഭാഷയിൽ മറുപടി നൽകി. സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ എന്നാണ് താരം ചോദിച്ചത്.
അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കിൽ സഹതാപം മാത്രം. അഡൽസ് ഓൺലി എന്നു പറഞ്ഞാൽ പ്രായപൂർത്തിയായവർ എന്നാണ് അർത്ഥം, അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകർക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററിൽ സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ പ്ലീസ്. തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.- സ്വാസിക കുറിച്ചു. നിരവധി പേരാണ് സ്വാസികയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.
സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം തിയറ്ററിൽ എത്തും. തിയതി വൈകാതെ അറിയിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ, വിനോയ് തോമസ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രദീഷ് വർമ്മയാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം. ഗ്രീൻവിച് എന്റർടെയ്ൻമെന്റിന്റെയും, യെല്ലോ ബേർഡ് പ്രൊഡക്‌ഷന്‍സിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ആണ് ചിത്രം നിർമിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates