

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഇതിനോടകം ഉയർന്നത്. ബാലഭാസ്കറിന്റേത് കൊലപാതകമാണ് എന്നുവരെ ആരോപണം ഉയർന്നു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിക്ക് നേരെ സൈബർ ആക്രമണവും ശക്തമാണ്. ഇപ്പോൾ ലക്ഷ്മിയെ പിന്തുണച്ചു സംസാരിച്ചതിന് സംഗീത സംവിധായകൻ ഇഷാൻ ദേവിന് നേരെയും സൈബർ ആക്രമണം നടക്കുകയാണ്.
ബാലഭാസ്കറിനൊപ്പമുള്ള ഓർമച്ചിത്രങ്ങൾ പങ്കിട്ടതിനു പിന്നാലെയാണ് ഇഷാൻ ദേവിനെ വിമർശിച്ചുകൊണ്ട് കമന്റുകൾ എത്തിയത്. ‘എത്ര കിട്ടി? സ്വർണം ആയാണോ അതോ ക്യാഷ് ആയാണോ?’ എന്നാണ് ഒരാൾ ചോദിച്ചത്. പിന്നാലെ മറുപടിയുമായി ഇഷാൻ രംഗത്തെത്തി. ‘തങ്കം, തനി തങ്കമായ ബാലു അണ്ണനേം അയാളെ ഒരു വാക്ക് കൊണ്ടുപോലും വേദനിപ്പിക്കാത്ത ഭാര്യയെയും. മനസ്സിലാക്കാൻ മനുഷ്യനായാൽ മാത്രം മതിയാകും’, എന്നാണ് ഇഷാൻ ദേവ് കുറിച്ചത്.
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ലക്ഷ്മി എത്തിയിരുന്നു. പിന്നാലെ ലക്ഷ്മിയെ വിമർശിച്ചുകൊണ്ട് ഒരു വിഭാഗമെത്തി. ഇഷാനും ഭാര്യ ജീന ഷാനും വിമർശകർക്ക് മറുപടിയുമായി എത്തിയിരുന്നു. ഇതോടെയാണ് വിമർശനം ഇഷാന് നേരെയും ഉയർന്നത്.
ഇഷാൻ ലക്ഷ്മിയെ പിന്തുണച്ചുകൊണ്ട് കുറിച്ചത്
ലക്ഷ്മി ബാലഭാസ്കർ പറയുന്നത് ബാലഭാസ്കർ എന്ന ഭർത്താവിനെയും , മകളെയും അവർ നേരിട്ട നേരിടുന്ന ജീവിതത്തെയും ആണ് . നിങ്ങൾക്ക് വേണ്ടത് ചിലപ്പോൾ ഇതിൽ ഉണ്ടാവില്ല . അവർക്ക് പറയാനുള്ളത് ബാലു എന്ന ഭർത്താവിനെ ഇഷ്ടപ്പെടുന്നവരോടാണ് , അവരുടെ ജീവിതത്തെ ബഹുമാനിക്കുന്ന സൗഹൃദങ്ങളോടാണ് . കല്ലെറിഞ്ഞു രസിക്കുന്നവർക്ക് വാർത്തകളും , വാചകങ്ങളും കൊണ്ട് കഥ മെനഞ്ഞവർക്ക് നെഞ്ചിലെ തീക്കനൽ കാണാൻ കഴിഞ്ഞെന്നു വരില്ല .ഞാനും എന്റെ കുടുംബവും അന്നും ഇന്നും അവരോടൊപ്പം തന്നെ ആണ് . ഞങ്ങളുടെ ബാലു അണ്ണന്റെ ഭാര്യയുടെ കൂടെ .
കല്ലെന്നറിഞ്ഞവർ എന്നെയും ചേർത്തുതന്നെ എറിയുന്നുണ്ട് , അതൊക്കെ ഏറ്റുവാങ്ങുമ്പോഴും എന്റെ സ്വന്തം സഹോദരന്റെ ഭാര്യക്ക് കൊടുക്കേണ്ട ബഹുമാനവും ,സ്നേഹവും പേടിച്ചു മാറ്റി വക്കാൻ ഞാനും എന്റെ ഭാര്യയും തയ്യാറായില്ല . അത് ബാലു അണ്ണൻ അത്രത്തോളം സ്നേഹിച്ച ഭാര്യയോട് ഞങ്ങൾക്കുള്ള കടപ്പാടും , സ്നേഹവും , ബഹുമാനവുമാണ്.
കേസ് പോലീസും , സിബിഐ ,ഒക്കെ അതിന്റെ നിയമ പരമായുള്ള എല്ലാ സാധ്യതകളിലും അന്വേഷിക്കുമ്പോഴും , കുറെ ഹൃദയങ്ങൾ വെന്തുരുകുന്നത് കാണുന്നവർ അതിലും പക്ഷാപാതം കാണിച്ചു , ചെളിവാരി തേച്ചു രസിച്ചു ,മെനഞ്ഞ കഥകൾകൊണ്ട് ഒരു സിനിമകഥപോലെ വില്ലനും , നായകനും ഒക്കെ ആക്കി .ഇപ്പുറത്തുള്ളവർക്കും ജീവിതം ഉണ്ട് അത്രയും ബഹുമാനം പോലും കാണിച്ചില്ല .കുറ്റമല്ല ആത്മഗതം പറഞ്ഞതാണ് .ബാലഭാസ്കർ പറഞ്ഞുതന്ന അറിവ് മത്രമെ ഞങ്ങൾക്കും അദ്ധേഹത്തിന്റെ ബന്ധുക്കളെക്കുറിച്ചും , ബന്ധങ്ങളെ കുറിച്ചും ഞങ്ങൾക്കുള്ളു.ബാക്കി ഒക്കെ ഒരു പരിധിവരെ കണ്ടു അറിഞ്ഞത് , ജീവിച്ചറിഞ്ഞതും .Live and Let Live എന്ന സാമാന്യമായ നീതിയിൽ എല്ലാവരോടും പെരുമാറാൻ പഠിപ്പിച്ച സൗഹ്ര്യദങ്ങളും , കുടുംബവും മാത്രമേ ഞങ്ങൾക്കുള്ളു .
ബാലഭാസ്കർ എന്ന കലാകാരനുപരി അദ്ദേഹം തന്ന സ്നേഹത്തിനും സൗഹൃദത്തിനും പൂർണ്ണ ബഹുമാനം ഹൃദയത്തിൽ നിന്നുതന്നെ അർപ്പിച്ചു കൊണ്ട് നിർത്തുന്നു . നിങ്ങൾക്ക് ചിലപ്പോൾ ഇതൊക്കെ ഇതൊരു രസകരമായ കഥയാകാം, ഞങ്ങക്ക് ജീവിതവും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
