മനസ് നിറച്ച്, ഹൃദയത്തിൽ ഒട്ടി 'പല്ലൊട്ടി'- റിവ്യൂ
ഹൃദയത്തിൽ ഒട്ടി 'പല്ലൊട്ടി'(4.5 / 5)
ഉജാല വണ്ടിയോടിച്ച് സ്കൂളിലേക്ക് പറപ്പിച്ച് വിട്ടവർ, റബ്ബർ ചെരുപ്പിട്ട് സ്കൂളിൽ പോയവർ, തീപ്പെട്ടി കൂട് കൊണ്ട് തോക്ക് ഉണ്ടാക്കി അണ്ടർവേൾഡ് നായകരായവർ, കല്ലുകൊണ്ട് ബദാം പൊട്ടിച്ച് കൂട്ടുകാർക്കൊപ്പം കൊതിയോടെ തിന്നവർ, ബബിൾഗം വിഴുങ്ങിയാൽ മരിച്ചു പോകുമോ എന്ന് പേടിച്ചവർ, ഉമ്മ വെച്ചാൽ കുട്ടികളുണ്ടാകുമോ എന്ന് സംശയിച്ചവർ, ഇഷ്ടം കൊണ്ട് കൂട്ടുകാരന് വേണ്ടി എന്തും ചെയ്യുന്നവർ... അങ്ങനെ പറയാനാണെങ്കിൽ മധുരിക്കുന്ന ഓർമ്മകളുടെ ഒരു കൂമ്പാരമാണ് പല്ലൊട്ടി 90സ് കിഡ്സ്.
തൊണ്ണൂറുകളിലെ മാത്രമല്ല 80 കളിൽ ജനിച്ചവർക്ക് മുതൽ റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങളെ അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് പല്ലൊട്ടിയിൽ. ജിതിൻ രാജ്, ദീപക് വാസൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. കാലഘട്ടത്തോട് നൂറ് ശതമാനം നീതി പുലർത്തി കൊണ്ട് തന്നെയാണ് കഥയൊരുക്കിയിരിക്കുന്നത്. കഥയിലെവിടെയും അനാവശ്യ കൂട്ടിച്ചേർക്കലുകളോ കുത്തിത്തിരുകലുകളോ ഒന്നുമില്ല.
ഹാർലി - ഡേവിഡ്‌സന്റെ ഒരു ബൈക്ക് ഷോറൂമിലേക്കാണ് പ്രേക്ഷകരെ സംവിധായകൻ ആദ്യം കൊണ്ടുപോകുന്നത്. അവിടെ നിന്ന് ആ ബൈക്കിനൊപ്പം പ്രേക്ഷകനെയും കൂടെ കൂട്ടുകയാണ് തിരക്കഥയും സംവിധായകനും. നഗരത്തിരക്കുകളിൽ നിന്ന് പതിയെ ആ ബൈക്ക് ഗ്രാമങ്ങളുടെ അതിർത്തിയിലേക്ക് കടക്കുകയാണ്. പിന്നെയങ്ങോട്ട് പ്രേക്ഷകനെ കൊണ്ടു പോകുന്നത് കണ്ണൻ ചേട്ടനും (ഡാവിഞ്ചി സന്തോഷ്), ഉണ്ണി ദാമോദരനും (നീരജ് കൃഷ്ണ) ആണ്.
ഇവരുടെ സ്കൂളിലേക്കുള്ള യാത്രകളും ജീവിതവുമാണ് പല്ലൊട്ടി പ്രേക്ഷകരോട് പറയുന്നത്. കുളംകര എന്ന ഗ്രാമവും അവിടെയുള്ള ആളുകളുമൊക്കെ എവിടെയെക്കെയോ നമുക്ക് പരിചയമുള്ള ആളുകളെപ്പോലെ തോന്നും. പണ്ടെന്നോ നമ്മൾ കണ്ടിട്ടുള്ള മഞ്‍ജുളേട്ടനും (സൈജു കുറുപ്പ്), അച്ചമ്മയും, ഗവൺമെന്റ് സ്കൂളും എല്ലാം ഗൃഹാതുരത്വമുണർത്തുന്ന സുഖമുള്ള ഒരുപാട് ഓർമ്മകൾ നമ്മളിലേക്ക് കൊണ്ടുവരും. ക്ലൈമാക്സ് രംഗവും പ്രേക്ഷകരെ ചെറുതായൊന്ന് ഇമോഷണലാക്കും.
അയല്‍വാസികളായ ഉണ്ണിയും കണ്ണനുമായി ഡാവിഞ്ചിയും നീരജും തകർത്തു എന്ന് തന്നെ പറയാം, വാക്കുകൾക്കപ്പുറമാണ് ഈ രണ്ട് കുട്ടിത്താരങ്ങളുടെയും പെർഫോമൻസ്. കണ്ടുപിടുത്തങ്ങളിലാണ് കണ്ണൻ ചേട്ടന് താല്പര്യമെങ്കിൽ, കണ്ണൻ ചേട്ടനെ ചുറ്റിപറ്റി ചിണുങ്ങി നടക്കുന്ന കുട്ടിയാണ് ഉണ്ണി ദാമോദരൻ. കണ്ണൻ ചേട്ടന്റെ ഒരു നോട്ടത്തിൽ പോലും പ്രേക്ഷകന്റെ ഉള്ള് ചിലപ്പോഴൊക്കെ ഇടറുന്നുണ്ട്.
ഡാവിഞ്ചി സന്തോഷിന്റെ ആഴത്തിലുള്ള അഭിനയം ഏതൊരാളെയും അമ്പരപ്പിക്കുന്നതാണ്. അച്ഛൻ നഷ്ടപ്പെട്ട കുട്ടിയുടെ വിങ്ങൽ, സ്കൂളിലെ ഓട്ടമത്സരത്തിൽ ഓടുന്ന രംഗം... തുടങ്ങി നിരവധി രംഗങ്ങളിൽ ഡാവിഞ്ചി നമ്മുടെ കണ്ണ് നിറയ്ക്കും. സുബി ചേട്ടനായെത്തിയ അദിഷ് പ്രവീണും മനം നിറച്ചു. മഞ്ജുളനായെത്തിയ സൈജു കുറുപ്പ്, സുധി കോപ്പ, പുതുമുഖ താരങ്ങൾ ഉൾപ്പെടെ ഓരോ കഥാപാത്രവും ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
ഷാരോൺ ശ്രീനിവാസന്റെ ഛായാഗ്രഹണമാണ് എടുത്തു പറയേണ്ട ഒന്ന്. ഓരോ ഫ്രെയിമും അതിമനോഹരമായിരുന്നു. ബബിൾഗമ്മിനൊപ്പം കിട്ടുന്ന സച്ചിന്റെ സ്റ്റിക്കർ മുതൽ അണ്ടർടേക്കറും ഭൂതവും വരെ പ്രേക്ഷകന്റെ മനസിൽ സിനിമ കഴിഞ്ഞാലും തങ്ങി നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം ഷാരോണിന്റെ ഛായാഗ്രഹണം തന്നെയാണ്. ടൈറ്റില്‍ മ്യൂസിക്ക് മുതല്‍ അവസാനരംഗം വരെ സംഗീതം കൊണ്ട് വിസ്മയിപ്പിച്ചു കളഞ്ഞു സംഗീത സംവിധായകൻ മണികണ്ഠന്‍ അയ്യപ്പ.
അഞ്ചകള്ള കോക്കാൻ എന്ന ചിത്രത്തിലൂടെ തന്നെ മണികണ്ഠൻ അയ്യപ്പയുടെ ലെവൽ നമ്മൾ മനസിലാക്കിയതാണ്. ഇമോഷൻ രംഗങ്ങളിലുൾപ്പെടെ സംഗീതത്തെ കഥയ്ക്കൊപ്പം ചേർത്തു നിർത്താൻ മണികണ്ഠനായി. സുഹൈല്‍ കോയയുടെ വരികളും സിനിമയോട് ചേര്‍ന്നു നില്‍ക്കുന്നുണ്ട്. വളരെ ഭംഗിയുള്ള ഒരുപാട് പാട്ടുകൾ സിനിമയിൽ കടന്നുവരുന്നുണ്ട്. ഋ എന്ന അക്ഷരം ഉപയോഗിച്ച് ചെയ്തിരിക്കുന്ന ഗാനമൊക്കെ പ്രേക്ഷകനെ ശരിക്കും രസിപ്പിക്കും. രോഹിത് വാര്യത്തിന്റെ എഡിറ്റിങ്ങും അഭിനന്ദനാർഹമാണ്.
സാജിദ് യഹിയയും ലിജോ ജോസ് പെല്ലിശേരിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പല്ലൊട്ടി കുട്ടികളുടെ മാത്രം സിനിമയാണോ എന്ന് ചോദിച്ചാൽ അല്ല എന്നാണ് ഉത്തരം. കുട്ടികളുടെയും കുട്ടിത്തം വിട്ടു പോയവരുടെയും കുട്ടികളായി തീരാൻ കൊതിക്കുന്നവരുടെയും കൂടി കഥയാണ് പല്ലൊട്ടി.
ഇനിയും പ്രതീക്ഷയ്ക്ക് ഏറെ വക നല്‍കുന്ന ഒരു സംവിധായകനാണ് ജിതിന്‍ രാജ് എന്ന് പല്ലൊട്ടിയിലൂടെ അടിവരയിടുന്നുണ്ട്. ഒരിക്കലും നിറം മങ്ങാത്ത ഓർമ്മകളെ താലോലിച്ച് സുഖമായി തിയറ്റർ വിട്ടിറങ്ങാം പല്ലൊട്ടി കണ്ട്. എല്ലാം മറന്ന് മനസു നിറഞ്ഞ് കൺകുളിർക്കെ ഒരു മനോഹര ചിത്രം കണ്ടിറങ്ങാൻ തീർച്ചയായും പല്ലൊട്ടിയ്ക്ക് ടിക്കറ്റെടുക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

