

നടി മഞ്ജു പിള്ളയുടെ മകള്‍ ദയ സുജിത്ത് സോഷ്യല്‍ മീഡിയയിലെ താരമാണ്. ദയുടെ ഫോട്ടോഷൂട്ടുകളും വ്‌ളോഗുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ദയയുടെ മോഡലിങ് ഫോട്ടോഷൂട്ടുകള്‍ക്കും ഫാഷന്‍ സെന്‍സിനുമൊക്കെ ഒരുപാട് ആരാധകരുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണങ്ങളും ദയയ്ക്ക് നേരിടേണ്ടി വരാറുണ്ട്.
കഴിഞ്ഞ ദിവസം ദയയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച വ്‌ളോഗര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. വിവാദങ്ങളിലൂടെ മുമ്പും വാര്‍ത്തയില്‍ ഇടം നേടിയിട്ടുള്ള ഷെഫീനയാണ് ദയയ്‌ക്കെതിരെ രംഗത്തെത്തിയത്. കുറച്ച് ദിവസം മുമ്പായി ദയ പങ്കുവച്ച ട്രാന്‍സിഷന്‍ വിഡിയോയ്‌ക്കെതിരെയാണ് ഷെഫീന വിമര്‍ശനവുമായെത്തിയത്.
ദയയുടെ ട്രാന്‍സിഷന്‍ വിഡിയോയെ നെപ്പോ കിഡ് കാണിക്കുന്ന പോക്രിത്തരം എന്നായിരുന്നു ഷെഫീന പറഞ്ഞത്. ഒരു മകളല്ലേ ഒള്ളൂ, മര്യാദ പറഞ്ഞു കൊടുത്തൂടേ, മകളേ കയറൂരി വിട്ടിരിക്കുകയാണോ എന്നും മഞ്ജു പിള്ളയോടായി ചോദിക്കുകയായിരുന്നു ഷെഫീന. ഇതാണോ ഫെമിനിസം, ഇതാണോ സ്വാതന്ത്ര്യം എന്നും മഞ്ജു പിള്ള ഇതൊന്നും കാണുന്നില്ലേ എന്നും ഇതൊന്നും ഫാഷനല്ലെന്നും വിമര്‍ശിക്കുന്നുണ്ട് അവര്‍.
വിഡിയോ വൈറലായതോടെ ദയയെ പ്രതിരോധിച്ചും വ്‌ളോഗറെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. ആരാധകരും യൂട്യൂബര്‍മാരും ദയയ്ക്ക് വേണ്ടി സംസാരിച്ചു. വിമര്‍ശനം ശക്തമായതോടെ ഷെഫീന വിഡിയോ ഡിലീറ്റ് ചെയ്തു. എന്ത് ധരിക്കണമെന്നത് ദയയുടെ തീരുമാനമാണ്. മറ്റൊരാളെ ഇങ്ങനെ പൊതു ഇടത്ത് അപമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ദയയെ അനുകൂലിച്ചെത്തുന്നവര്‍ പറഞ്ഞു.
വിവാദം ശക്തമായതോടെ പ്രതികരണവുമായി ദയയുമെത്തി. ആരുടേയും പേര് പറയാതെയായിരുന്നു ദയയുടെ പ്രതികരണം. വിമര്‍ശനം നേരിട്ട അതേ ലുക്കിലുള്ള തന്റെ ചിത്രം പങ്കിടുകയായിരുന്നു ദയ. ചിത്രത്തോടൊപ്പം ദയ കുറിച്ചത് 'അഞ്ഞൂറാനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ' എന്നായിരുന്നു. പിന്നാലെ ഈ പോസ്റ്റ് മഞ്ജു പിള്ള റീഷെയര്‍ ചെയ്യുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates