
ഓണാഘോഷങ്ങളെല്ലാം കഴിഞ്ഞ് വീണ്ടും ജോലി തിരക്കുകളിലേക്കും പഠനത്തിലേക്കുമൊക്കെ എല്ലാവരും മടങ്ങിയെത്തിയല്ലേ. തിയറ്ററിൽ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ നിരവധി സിനിമകളാണ് എത്തിയത്. എന്നാൽ ഒടിടിയിലെ ആഘോഷങ്ങൾ ഒന്നും അവസാനിച്ചിട്ടില്ല. ഈ വാരാന്ത്യവും സൂപ്പർ സിനിമകളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി നിങ്ങളെ കാത്തിരിക്കുന്നത്. പുത്തൻ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.
കുഞ്ചാക്കോ ബോബൻ പൊലീസ് കഥാപാത്രമായെത്തിയ 'ഉന്മാദം' ഒടിടിയിലേക്ക്. കിരൺ ദാസ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. സോണി ലിവിലൂടെയാണ് ചിത്രം ഒടിടിയിലെത്തുക. സെപ്റ്റംബർ നാല് മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ലിജോ മോൾ ആണ് ചിത്രത്തിൽ നായികയായെത്തിയത്. ഷാഹി കബീർ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം കാണാനാകും.
'ടിയാൻ' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത അനന്തൻകാട് ഒടിടിയിൽ എത്തിയിരിക്കുകയാണ്. ആര്യ ആണ് ചിത്രത്തിൽ നായകനായെത്തിയിരിക്കുന്നത്. മുരളി ഗോപി, നിഖില വിമൽ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. മനോരമ മാക്സിലൂടെ ചിത്രം പ്രേക്ഷകർക്ക് കാണാനാകും.
നായകനായി അരങ്ങേറിയ ചിത്രത്തിലൂടെയും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത 'ഡിസി' മികച്ച പ്രതികരണമാണ് തിയറ്ററിൽ നേടിയത്. സിനിമ ആഗോളതലത്തിൽ 100 കോടി കളക്ഷൻ സ്വന്തമാക്കി. സെപ്റ്റംബർ നാലാം തീയതി മുതൽ സൺ നെക്സ്റ്റിൽ ചിത്രം കാണാം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം കാണാനാകും. വാമിഖ ഗബ്ബിയാണ് ചിത്രത്തിൽ നായികയായെത്തിയത്.
മാധവനെ നായകനാക്കി നവാഗതനായ കൃഷ്ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ജിഡിഎൻ. പ്രിയ മണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. സെപ്റ്റംബർ 4 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം കാണാനാകും.
ഹോട്ട്സ്റ്റാർ ഒറിജിനൽസ് അവതരിപ്പിക്കുന്ന പുതിയ കോർട്ട്‌റൂം ഡ്രാമ പരമ്പരയായ 'ദ് കോർട്ട്' സെപ്റ്റംബർ 4 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു. യോഗാലക്ഷ്മി, വി ജയപ്രകാശ്, അർജുൻ ശ്യാം ഗോപൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ബാല എസ്ബിയാണ് പരമ്പരയുടെ സംവിധായകൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates